ഡിജിറ്റല്‍ കണക്റ്റിവിറ്റിയില്‍ ഇന്ത്യ ലോകത്തെ നയിക്കും: മുകേഷ് അംബാനി

ഡിജിറ്റല്‍ കണക്റ്റിവിറ്റിയില്‍ ഇന്ത്യ ലോകത്തെ നയിക്കും: മുകേഷ് അംബാനി

പുതിയ മാറ്റങ്ങളെ ഏറ്റവും വേഗത്തില്‍ സ്വീകരിക്കുന്നവര്‍ക്ക് മല്‍സരത്തില്‍ ഏറെ മുന്നിലെത്താന്‍ അവസരം ലഭിക്കും

ന്യൂഡെല്‍ഹി: ശതകോടി മനുഷ്യര്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് സാഹചര്യമൊരുക്കുന്ന ഡിജിറ്റല്‍ കണക്റ്റിവിറ്റിയില്‍ അധികം വൈകാതെ ഇന്ത്യ ലോകത്തെ നയിക്കുമെന്ന് മുകേഷ് അംബാനി. ഡാറ്റയില്‍ കേന്ദ്രീകരിക്കുന്ന നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമാകാനും മാനവരാശി അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് സാധിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
ഇന്ന് ഇന്ത്യ കൂടുതല്‍ ചെറുപ്പമായ രാഷ്ട്രമാണ്. ജനസംഖ്യയിലെ 63 ശതമാനവും 35 വയസില്‍ താഴെയുള്ളവരാണ്. ഇത് ഇന്ത്യയുടെ നിര്‍ണായക കരുത്താണെന്ന് അംബാനി ചൂണ്ടിക്കാട്ടി. പരസ്പരം വൈഭവങ്ങള്‍ കണക്റ്റ് ചെയ്യാനായാല്‍, കോടിക്കണക്കിന് പേരുടെ ആശയഗതികള്‍ ഒന്നിച്ചു ചേര്‍ക്കാനായാല്‍ ഇന്ത്യക്ക് ഏറെ മുന്നോട്ടുപോകാനാകും. അടുത്ത ആഗോള വര്‍ച്ചയുടെ തരംഗം ഇന്ത്യയില്‍ നിന്നായിരിക്കും പുറപ്പെടുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ ഇന്ത്യക്കാര്‍ക്കും ക്ലൗഡ് സാങ്കേതികതയിലേക്കും അതിലൂടെ ഈ ലോകത്ത് ലഭ്യമായ എല്ലാ വിവരങ്ങളിലേക്കും പ്രവേശനം ലഭ്യമാകുന്ന കാലം വരികയാണ്. എല്ലാവരെയും എല്ലാറ്റിനെയും കണക്റ്റ് ചെയ്യുന്നതിന് ജിയോ പ്രതിജ്ഞാബദ്ധമാണ്. ഉയര്‍ന്ന ഗുണമേന്‍മ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കും. ഡിജിറ്റല്‍ വിടവില്‍ നിന്നു മാറി ഡിജിറ്റലായി ഒന്നിക്കുന്ന സ്ഥിതിയിലേക്ക് ഇന്ത്യ എത്തുകയാണെന്ന് തനിക്ക് അഭിമാനത്തോടെ പറയാനാകുമെന്നും മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു.

അടുത്ത ഏതാനും ദശാബ്ദങ്ങളില്‍ മനുഷ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വലിയ മാറ്റം സംഭവിക്കും. പുതിയ മാറ്റങ്ങളെ ഏറ്റവും വേഗത്തില്‍ സ്വീകരിക്കുന്നവര്‍ക്ക് മല്‍സരത്തില്‍ ഏറെ മുന്നിലെത്താന്‍ അവസരം ലഭിക്കും. മാധ്യമ രംഗത്തും ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഏറെ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സുഹൃത്ത് കൂടിയാണ്. പണ്ട് മാസ് മീഡിയ എന്നു പറയുമ്പോഴും ജനങ്ങള്‍ ഉപഭോക്താക്കള്‍ മാത്രമായിരുന്നു. ഇപ്പോള്‍ ജനങ്ങള്‍ മാധ്യമങ്ങളുടെ അവകാശികള്‍ കൂടിയായി മാറുന്നുണ്ടെന്ന് മുകേഷ് അംബാനി പറയുന്നു.

Comments

comments

Categories: FK News