സിവില്‍ സര്‍വീസ് പ്രവേശനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 27 ആക്കണം: നിതി ആയോഗ്

സിവില്‍ സര്‍വീസ് പ്രവേശനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 27 ആക്കണം: നിതി ആയോഗ്

സിവില്‍ സര്‍വീസ് മേഖലകളുടെ എണ്ണം വെട്ടിച്ചുരുക്കണമെന്നും സിവില്‍ സര്‍വീസുകളെ യുക്തിസഹമായി കൂട്ടിയോജിപ്പിക്കണമെന്നും നിര്‍ദേശം

ന്യൂഡെല്‍ഹി: സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിനുള്ള പ്രായപരിധി പൊതുവിഭാഗത്തിന് നിലവിലെ 30 വയസില്‍ നിന്ന് 27 വയസാക്കി കുറയ്ക്കണമെന്ന് നിതി ആയോഗിന്റെ ശുപാര്‍ശ. 2022-23 ഓടെ ഘട്ടംഘട്ടമായി ഇതു നടപ്പാക്കണം. എല്ലാ സിവില്‍ സര്‍വീസ് മേഖലകള്‍ക്കുമായി ഒരു സംയോജിത പരീക്ഷ എന്ന രീതിയിലേക്ക് മാറുന്നതിനും നിതി ആയോഗ് നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാ നിയമനങ്ങള്‍ക്കുമായി ഒരു കേന്ദ്ര ടാലന്റ് പൂള്‍ രൂപീകരിക്കുന്നതിനും ‘ ദി സ്ട്രാറ്റജി ഫോര്‍ ന്യൂ ഇന്ത്യ@ 75’ എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ നിതി ആയാഗ് ശുപാര്‍ശ ചെയ്യുന്നു. മല്‍സരക്ഷമതയും വിവിധ തസ്തികകളിലെ ആവശ്യകതയും പരിഗണിച്ച് ഉചിതരായ മല്‍സരാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനാണിത്. നിലവിലുള്ള സിവില്‍ സര്‍വീസ് മേഖലകളുടെ എണ്ണം വെട്ടിച്ചുരുക്കണമെന്നും സിവില്‍ സര്‍വീസുകളെ യുക്തിസഹമായി കൂട്ടിയോജിപ്പിക്കണമെന്നും നിതി ആയോഗ് നിര്‍ദേശിച്ചിട്ടുണ്ട്.
നിലവില്‍ കേന്ദ്ര, സംസ്ഥാന തലങ്ങളിലായി 60 ലേറേ സിവില്‍ സര്‍വീസ് മേഖലകളാണ് ഉള്ളത്. സിവില്‍ സര്‍വീസ് നിയമനങ്ങളുടെ ശരാശരി പ്രായം 25 വയസും 6മാസവുമാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നില്‍ ഒരുഭാഗം 35 വയസിന് താഴെയുള്ളവരായതിനാല്‍ പരമാവധി പ്രായത്തിന്റെ പരിധി കുറയ്ക്കാമെന്നാണ് നിര്‍ദേശം. സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ പ്രാഗല്‍ഭ്യമുള്ള സ്‌പെഷ്യലിസ്റ്റുകളെ ലാറ്ററല്‍ എന്‍ട്രിയിലൂടെ നിയമിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ഓഫിസര്‍മാരെ അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും വൈദഗ്ധ്യത്തിനും അനുസരിച്ചുള്ള മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രോല്‍സാഹിപ്പിക്കുക എന്നതാണ് സിവില്‍ സര്‍വീസില്‍ നടപ്പാക്കാവുന്ന ഏറ്റവും വലിയ പരിഷ്‌കരണം. ദീര്‍ഘകാലത്തിലുള്ള ചുമതലയേല്‍പ്പിക്കലുകള്‍ ഓഫിസര്‍മാര്‍ പ്രാഗല്‍ഭ്യം തെളിയിച്ച മേഖലയിലായിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും നിതി ആയോഗ് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം സിവില്‍ സര്‍വീസിലെ വ്യത്യസ്ത മേഖലകളിലേക്ക് മാറേണ്ട അനിവാര്യ ഘട്ടത്തില്‍ അതിനു സാധ്യമാകുന്ന തരത്തില്‍ അവരെ സജ്ജരാക്കുകയും വേണം. ചില മേഖലകള്‍ക്ക് പ്രാധാന്യം നഷ്ടപ്പെടുമ്പോള്‍ അവിടെ അധികമായി പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ പുതുതായി പ്രധാന്യം നേടിവരുന്ന മേഖലകളിലേക്ക് വേഗത്തില്‍ മാറ്റാനാകണമെന്നും നിതി ആയോഗ് പറയുന്നു.

Comments

comments

Categories: FK News

Related Articles