കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടണ്‍ പറുദീസ

കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടണ്‍ പറുദീസ

കുടിയേറ്റക്കാരുടെ വരുമാനത്തില്‍ ബ്രിട്ടണ്‍ നാലാമതെത്തി. യുഎസ്എ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ കുടിയേറ്റക്കാരാണ് ബ്രിട്ടണേക്കാള്‍ കൂടുതല്‍ പണം നാട്ടിലേക്കയച്ചത്

ബ്രെക്‌സിറ്റ് നടപടികള്‍ സാമ്പത്തികപ്രശ്‌നങ്ങള്‍ വഷളാക്കുമെന്നും ഭരണതര്‍ക്കങ്ങളും നയതന്ത്രപരാജയങ്ങളും ബ്രിട്ടീഷ് പൗരജീവിതം കുഴപ്പത്തിലേക്കു നയിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും കുടിയേറ്റക്കാര്‍ക്ക് രാജ്യം മികച്ച അവസരം നല്‍കുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ കുടിയേറ്റക്കാര്‍ തങ്ങളുടെ നാട്ടിലേക്ക് അയച്ചത് 21 ബില്ല്യണ്‍ പൗണ്ടായി ഉര്‍ന്നിരിക്കുന്നു. ഇത് യുഎസ്എ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ കുടിയേറ്റക്കാരുടെ പിന്നിലായി നാലാം സ്ഥാനം ബ്രിട്ടണ് കല്‍പ്പിച്ചു നല്‍കിയിരിക്കുന്നു.

ബ്രിട്ടണില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം കൊണ്ടു പോയത് ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലേക്കാണ്. 2017ല്‍ 3.27 ബില്യണ്‍ പൗണ്ടാണ് ബ്രിട്ടണില്‍ ജോലി ചെയ്യുന്ന നൈജീരിയക്കാര്‍ സമ്പാദിച്ചത്. ഇന്ത്യന്‍ കുടിയേറ്റക്കാര്‍ രണ്ടാമതാണുള്ളത്. പ്രവാസി ഇന്ത്യക്കാരിലൂടെ ഇവിടേക്ക് 3.13 ബില്യണ്‍ പൗണ്ട് ഒഴുകിയെത്തി. ഫ്രാന്‍സിലെ കുടിയേറ്റക്കാര്‍ 1.4 ബില്യണ്‍ പൗണ്ടും പാക് കുടിയേറ്റക്കാര്‍ 1.34 ബില്യണ്‍ പൗണ്ടും സമ്പാദിച്ചപ്പോള്‍ ജര്‍മന്‍കാര്‍ മാതൃരാജ്യത്തേക്ക് ഒരു ബില്ല്യണ്‍ പൗണ്ട് അയച്ചുകൊടുത്തു.

യുകെയിലെ കുടിയേറ്റക്കാര്‍ മാതൃരാജ്യങ്ങളിലേക്ക് ഇങ്ങനെ വന്‍തോതില്‍ പണം ചോര്‍ത്തുമ്പോള്‍ പ്രവാസികളായ ബ്രിട്ടീഷുകാരുടെ സംഭാവനയെന്താണെന്നു നോക്കാം. ഓസ്‌ട്രേലിയയില്‍ നിന്നാണ് ബ്രിട്ടണ് ഏറ്റവും കൂടുതല്‍ പ്രവാസിനിക്ഷേപമെത്തുന്നത്. 1.08 ബില്യണ്‍ ഡോളറാണ് ബ്രിട്ടണ് ഈയിനത്തില്‍ ലഭിച്ചത്. യുഎസ്, കാനഡ, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ബ്രിട്ടീഷ് കുടിയേറ്റക്കാരാണ് ഓസ്‌ട്രേലിയക്ക് തൊട്ടുപിന്നിലായി ഇവിടേക്ക് ഏറ്റവും വലിയ തുക അയയ്ക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വിദേശനാണ്യശേഖരമുള്ള രാജ്യം ഇന്ത്യയാണ്. 68,968 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇന്ത്യയ്ക്കുള്ളത്. ചൈനയാണ് തൊട്ടു പിന്നിലുള്ളത്. 63,860 ബില്യണ്‍ ഡോളറാണ് ചൈനയുടെ വിദേശ നാണ്യ ശേഖരം. വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ള രാജ്യം യുഎസാണ്. ഏറ്റവും കൂടുതല്‍ പ്രവാസിപണദാതാവും അമേരിക്ക തന്നെ.

ലോകബാങ്കിന്റെ കണക്കനുസരിച്ച് 2017 ല്‍ അമേരിക്കയില്‍ നിന്നു നിക്ഷേപം ഏറ്റവും കൂടുതല്‍ കൊണ്ടുപോയത് മെക്‌സിക്കോ (30,019 ), ചൈന (16,141), ഇന്ത്യ (11,715 ), ഫിലിപ്പീന്‍സ് (11,09), വിയറ്റ്‌നാം (7,735)- എല്ലാം ബില്യണ്‍ ഡോളറില്‍- എന്നീ രാജ്യങ്ങളാണ്. ബാങ്കുകള്‍, മണി ട്രാന്‍സ്ഫര്‍ സ്ഥാപനങ്ങള്‍ പോലുള്ള സ്ഥാപനങ്ങളുടെ ഔദ്യോഗിക വിവരങ്ങള്‍ ഉപയോഗിച്ചാണ് ഈ കണക്കുകള്‍ തയാറാക്കുന്നത്. ലോകബാങ്കിന്റെ കണക്ക് പ്രകാരം 2017ല്‍ ആഗോളതലത്തിലെ കുടിയേറ്റക്കാരുടെ ആകെ വരുമാനം 483 ബില്യന്‍ പൗണ്ടാണ്.

പ്രവാസികളുടെ പണക്കൈമാറ്റമാണ് വികസ്വര രാജ്യങ്ങളിലെ ഭൂരിഭാഗം കുടുംബങ്ങളുടെയും വരുമാനമാര്‍ഗമെന്ന് ഡിജിറ്റല്‍ ഫണ്ട് കൈമാറ്റ കമ്പനിയായ ഇന്‍സ്റ്റാ റെയ്മയുടെ സഹസ്ഥാപകനും സിഇഒയുമായ പ്രജിത്ത് നാണു പറയുന്നു. വികസ്വര, ദരിദ്രരാഷ്ട്രങ്ങളിലെ കുടുംബങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നത് മിക്കവാറും ഇതിലൂടെയാണ്. അവരുടെ ജീവിത നിലവാരം കാക്കുന്നതിലും പ്രവാസിപ്പണത്തിനു പ്രധാന പങ്കുണ്ട്.

കുടിയേറ്റക്കാര്‍ സാധാരണയായി അവരുടെ വരുമാനത്തിന്റെ ഗണ്യമായ ഭാഗം അവരുടെ മാതൃരാജ്യങ്ങളിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. ഇത് ആ രാജ്യങ്ങളുടെ മൊത്തവരുമാനത്തിലേയ്ക്കാണു സംഭാവന ചെയ്യപ്പെടുക. മാറിയ ആഗോളസാഹചര്യത്തില്‍ മൂന്നാംലോക പൗരന്മാരുടെ മാത്രം കാര്യമല്ല ഇത്. മെച്ചപ്പെട്ട തൊഴില്‍,സംരംഭം, വിദ്യാഭ്യാസം എന്നിവയ്ക്കായി വികസിത രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരും ഇന്ന് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നുണ്ട്.

അതിനിടെ ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ വോട്ടിനിടാനിരിക്കെ, യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുന്നതിന് ശേഷമുള്ള കുടിയേറ്റ വ്യവസ്ഥയ്ക്കുള്ള നിര്‍ദേശങ്ങള്‍ ബ്രിട്ടണ്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടണിലെത്തുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് വിസ സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് പ്രധാന നിര്‍ദേശം. യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരെയും അല്ലാത്തവരെയും തുല്യരായി കണ്ടായിരിക്കും പുതിയ സംവിധാനമുണ്ടാക്കുകയെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയതയുടെ അടിസ്ഥാനത്തിലല്ല, കഴിവിന്റെ പേരിലായിരിക്കും ഇതെന്നും ആഭ്യന്തരസെക്രട്ടറി സാജിദ് ജാവെദ് വ്യക്തമാക്കി.

ബ്രെക്‌സിറ്റ് വിരുദ്ധരെ ലക്ഷ്യം വച്ചാണ് പുതിയ നിര്‍ദേശം. എന്നാല്‍ കുടിയേറ്റം കൊണ്ട് മെച്ചമുണ്ടാകുന്ന ലണ്ടന്‍ പോലുള്ള പ്രദേശങ്ങളില്‍ ഈ സംവിധാനം പ്രശ്‌നം സൃഷ്ടിച്ചേക്കും. യൂറോപ്പില്‍ നിന്ന് ബ്രിട്ടണിലേയ്ക്കുള്ള സ്വതന്ത്ര സഞ്ചാരം നിര്‍ത്തലാക്കുമെന്നായിരുന്നു ബ്രെക്‌സിറ്റ് 2016ലെ ജനഹിത പരിശോധനയ്ക്കു മുമ്പ് മേയുടെ വാഗ്ദാനം. ഇതിന് ശേഷം കുടിയേറ്റ നിരക്ക് കുറയുകയാണ്. 2014-2015 വര്‍ഷത്തില്‍ 300,000 ആയിരുന്ന കുടിയേറ്റ നിരക്ക് 2018ല്‍ 280,000 ആയി കുറഞ്ഞു.

ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശമായ കാലഘട്ടമാണു വരാന്‍ പോകുന്നതെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തല്‍. അടുത്തവര്‍ഷത്തോടെ ജിഡിപി എട്ടു ശതമാനം വരെ താഴാനിടയുണ്ട്. ആസ്തിവിലകള്‍ 30 ശതമാനം കുറയുമെന്നും തൊഴിലില്ലായ്മ നിലവിലെ 4.1 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി ഉയരുമെന്നും നാണ്യപ്പെരുപ്പം 6.5 ശതമാനത്തിലേക്ക് ഉയരുമെന്നുമാണു നിഗമനം. നാണ്യപ്പെരുപ്പം ഉയരുന്നത് പലിശനിരക്ക് വര്‍ധിപ്പിക്കുകയും മാന്ദ്യത്തിലേക്കു നയിക്കുകയും ചെയ്യും.

ബ്രിട്ടണില്‍ വിദേശികളുടെ എണ്ണം കുതിച്ചുയരുകയാണ്. വിദേശവംശജരുടെ എണ്ണം ചില പ്രദേശങ്ങളില്‍ 10 ഇരട്ടി വരെ വര്‍ധിച്ചിരിക്കുന്നുവെന്നാണ് ഔദ്യോഗികമായിത്തന്നെ രേഖപ്പെടുത്തിയിട്ടുള്ളത്. വിദേശികളുടെ വര്‍ധനവ് ആറു ശതമാനം വര്‍ധനവ് നേടിയ 77 സ്ഥലങ്ങളുണ്ട്. ബ്രെക്‌സിറ്റിന് കൂടുതല്‍ പിന്തുണ കിട്ടിയതും ഈ പ്രദേശങ്ങളില്‍ നിന്നാണെന്നതു ശ്രദ്ധേയം. ലണ്ടനാണ് മിക്ക കുടിയേറ്റക്കാരുടെയും പ്രഥമലക്ഷ്യം. കുടിയേറ്റക്കാര്‍ കൂടി അടങ്ങുന്ന ബ്രിട്ടീഷ് ജനസംഖ്യ 58. 5മില്യണിലേക്ക് ഉയരുമെന്നാണു റിപ്പോര്‍ട്ട്.

കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ നിര്‍ണായകമാണ്. സംരംഭകരായ ഒട്ടേറെ പ്രവാസികള്‍ക്കൊപ്പം വിജയ്മല്യയെയും നീരവ് മോദിയെയും പോലെ തട്ടിപ്പു നടത്തി നാടുവിട്ട സംരംഭകരും ബ്രിട്ടണിലേക്കാണ് ചേക്കേറിയത്. പോയ വര്‍ഷം രണ്ടാംസ്ഥാനത്തായിരുന്ന ഇന്ത്യക്കാര്‍ ഇത്തവണ നാലാമതാണ്. പോളണ്ട്, റൊമേനിയ, അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരാണ് ഇന്ത്യക്കാര്‍ക്കു മുമ്പിലുള്ളത്. ബ്രിട്ടീഷ് ജനസംഖ്യാവര്‍ധനവില്‍ കുടിയേറ്റക്കാര്‍ നിര്‍ണായകസ്ഥാനം വഹിക്കുന്നുവെന്നത് യാഥാസ്ഥിതികരില്‍ പ്രതിഷേധത്തിനു കാരണമാകുന്നുണ്ട്.

തൊഴില്‍ രംഗങ്ങളില്‍ ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ ആധിപത്യം പുലര്‍ത്തിയേക്കുമെന്ന് ആശങ്കയാണു കാരണം. ഉന്നതപരിശീലനം സിദ്ധിച്ച കുടിയേറ്റ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സര്‍ക്കാരിനോട് വിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പക്ഷെ, ചെറുകിട മേഖലകളെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതുപരിഗണിക്കാനെന്നോണം തൊഴിലന്വേഷകരോടുള്ള സമീപനം സംരംഭകരോടുണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വിദഗ്ധപരിശീലനം നേടാത്ത തൊഴിലാളികള്‍ക്കു ചില മേഖലകളില്‍ ഇളവും നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബ്രെക്‌സിറ്റിനു ശേഷം തൊഴില്‍നൈപുണ്യമുള്ള വിദേശികളോട് ഉദാരമായ സമീപനമായിരിക്കും സര്‍ക്കാര്‍ പുലര്‍ത്തുകയെന്ന് പ്രധാനമന്ത്രി തെരേസ് മേയ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാരോട് പ്രത്യേകപ്രതിബദ്ധത പുലര്‍ത്തില്ലെന്ന് വ്യക്തമാക്കിയതോടെ ഇന്ത്യ പോലുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ പ്രൊഫഷണലുകള്‍ക്ക് പ്രതീക്ഷയേറിയിട്ടുണ്ട്.

അതേസമയം കുടിയേറ്റക്കാരുടെ നിയന്ത്രണമാവശ്യപ്പെടുന്ന ഒരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ബ്രെക്സിറ്റിന് ശേഷം ഏറ്റവും ആശങ്കയുണ്ടാക്കുന്ന ഒന്നാണ് ഇമിഗ്രേഷന്‍ സംവിധാനം. ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെ ഏറ്റവുമധികം ആശങ്കയിലാക്കുന്നതും ഇതാണ്. നിയന്ത്രണ നടപടികള്‍ വ്യാപാരക്കരാറുമായി ബന്ധപ്പെട്ടിരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ വിഷയത്തില്‍ വ്യക്തമായ പരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. വ്യാപാരക്കരാര്‍ ഉണ്ടാക്കാനാകുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അനുകൂലമായ കുടിയേറ്റനിയമത്തെക്കുറിച്ച് അപ്പോള്‍ ആലോചിക്കാമെന്നാണ് മേയുടെ നിലപാട്.

ഇതേത്തുടര്‍ന്നാണ് ബ്രെക്‌സിറ്റ് അനുകൂലിയും മുന്‍ ടോറി നേതാവുമായ ഇയാന്‍ ഡങ്കന്‍ സ്മിത്ത് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് സംവിധാനം നടപ്പാക്കിക്കൊണ്ടുള്ള രീതിയുമായി മുമ്പോട്ടു വന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുമായി വര്‍ക്ക് പെര്‍മിറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നു അദ്ദേഹം ശുപാര്‍ശ ചെയ്യുന്നു.

യോഗ്യരായവരെ മാത്രമേ പുറത്തു നിന്നു കൊണ്ടുവരാനാകൂ. ബ്രിട്ടണില്‍ നിശ്ചിതജോലികള്‍ ചെയ്യാന്‍ വൈദഗ്ധ്യം നേടിയെന്നു ബോധ്യമായെങ്കില്‍ മാത്രമേ വിദേശികളെ നിയമിക്കാനാകൂവെന്നാണ് സ്മിത്തിന്റെ നിലപാട്. അതോടൊപ്പം ബ്രിട്ടനില്‍ നിന്ന് പുറത്തു പോകുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരെ തിരിച്ചു വരാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ നിയന്ത്രിക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുമ്പോട്ടുവെച്ചു.

യൂണിയനില്‍ നിന്ന് വിട്ടുപോരുന്നതോടെ അവിടെ നിന്നുള്ളവര്‍ക്കു യുകെയിലെ ആനുകൂല്യങ്ങള്‍ അനുഭവിച്ചുകൊണ്ട് ജോലി തേടാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കേണ്ട ആവശ്യമില്ലെന്ന സ്മിത്ത് വ്യക്തമാക്കി. ബ്രെക്‌സിറ്റിനു ശേഷമുള്ള മൈഗ്രേഷന്‍ നയം ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല എങ്കിലും സ്മിത്തിനെപ്പോലുള്ളവരുടെ മനസിലിരുപ്പ് കുടിയേറ്റക്കാര്‍ക്ക് ആശങ്ക സമ്മാനിക്കുന്നതാണ്.

Comments

comments

Categories: FK News
Tags: britain