വസ്ത്രത്തെ ഇകഴ്ത്തി സംസാരിച്ചു; തായ്‌ലാന്‍ഡില്‍ യു ട്യൂബ് അവതാരികയ്‌ക്കെതിരേ കുറ്റം ചുമത്താന്‍ സാധ്യത

വസ്ത്രത്തെ ഇകഴ്ത്തി സംസാരിച്ചു; തായ്‌ലാന്‍ഡില്‍ യു ട്യൂബ് അവതാരികയ്‌ക്കെതിരേ കുറ്റം ചുമത്താന്‍ സാധ്യത

ബാങ്കോങ്: തായ്‌ലാന്‍ഡിലെ രാജാവിന്റെ മകള്‍ ഡിസൈന്‍ ചെയ്ത വസ്ത്രത്തെ ഇകഴ്ത്തി സംസാരിച്ചതിന്റെ പേരില്‍ പ്രമുഖ യു ട്യൂബ് അവതാരികയ്‌ക്കെതിരേ കുറ്റം ചുമത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വാന്‍ചലോം ജാംനാന്‍ഫോള്‍ എന്ന പ്രമുഖ അവതാരികയാണു പുലിവാല് പിടിച്ചിരിക്കുന്നത്. രാജാവിനെയും രാജകുടുംബത്തെയും കുറിച്ചു മോശമായി സംസാരിക്കുന്നത് തായ്‌ലാന്‍ഡില്‍ കടുത്ത ശിക്ഷ ക്ഷണിച്ചു വരുത്താന്‍ പ്രാപ്തിയുള്ള കുറ്റമാണ്. ഇപ്പോള്‍ വാന്‍ചലോം ജാംനാന്‍ഫോള്‍ എന്ന അവതാരികയ്‌ക്കെതിരേ തായ്‌ലാന്‍ഡിലെ കാര്‍ക്കശ്യം നിറഞ്ഞ സൈബര്‍ക്കുറ്റകൃത്യ നിയമപ്രകാരമാണ് കേസെടുക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
തായ്‌ലാന്‍ഡിലെ രാജകുമാരിയായ ശിരിവാണവാരി നരിരാതന രൂപകല്‍പന ചെയ്ത വസ്ത്രം മോശമാണെന്നു വാന്‍ചലോം ജാംനാന്‍ഫോള്‍ ഫേസ്ബുക്കില്‍ അഭിപ്രായപ്പെടുകയുണ്ടായി. തായ്‌ലാന്‍ഡിലെ നോന്തബരി പ്രവിശ്യയില്‍ നടന്ന 67-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ തായ്‌ലാന്‍ഡിനെ പ്രതിനിധീകരിച്ച സോഫിഡ കാഞ്ചനറിനു വേണ്ടിയായിരുന്നു രാജകുമാരി നീല നിറത്തിലുള്ള വസ്ത്രം(ഗൗണ്‍) ഡിസൈന്‍ ചെയ്തത്. ഈ വസ്ത്രം മോശമാണെന്നു ജാംനാന്‍ഫോള്‍ അഭിപ്രായം രേഖപ്പെടുത്തിയത് ഓണ്‍ലൈനില്‍ വൈറലായി. ഇതേ തുടര്‍ന്ന് തായ് ലാന്‍ഡിലെ രാഷ്ട്രീയ പ്രവര്‍ത്തകനും കോടീശ്വരനായ ബിസിനസുകാരനുമായ കിത്ത്ജാനുത്ത്, അവതാരികയായ ജാംനാന്‍ഫോളിനെതിരേ കേസ് കൊടുത്തു. സംഭവം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് ജാംനാന്‍ഫോള്‍ ഡിലീറ്റ് ചെയ്തു. തുടര്‍ന്നു ക്ഷമാപണം നടത്തുകയും ചെയ്തു. ഉന്നത പദവിയെ അപമാനിക്കാനോ, അനാദരവ് പ്രകടിപ്പിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും ജാംനാന്‍ഫോള്‍ പറഞ്ഞു.

തായ്‌ലാന്‍ഡിലെ രാജകുമാരിയായ ശിരിവാണവാരി നരിരാതന സ്വന്തമായി നടത്തുന്ന സിരിവാനവരി എന്ന ഫാഷന്‍ ബ്രാന്‍ഡിന്റെ ക്രിയേറ്റീവ് ഡയറക്ടറും സ്ഥാപകയുമാണ്. തായ്‌ലാന്‍ഡിലെ ഏറ്റവും പരിഷ്‌ക്കാരിയായ രാജ്ഞിയെന്നാണ് അറിയപ്പെടുന്നതും.

Comments

comments

Categories: FK News