ദുബായില്‍ നോര്‍ഡിക് കാടുകള്‍ പുന:സൃഷ്ടിക്കാന്‍ സ്വീഡന്‍

ദുബായില്‍ നോര്‍ഡിക് കാടുകള്‍ പുന:സൃഷ്ടിക്കാന്‍ സ്വീഡന്‍

ഒരു കാടിനുള്ളിലൂടെയാണ് നടക്കുന്നതെന്ന് സന്ദര്‍ശകര്‍ക്ക് തോന്നും വിധമാണ് സ്വീഡിഷ് പവലിയന്‍ ഒരുങ്ങുന്നത്

ദുബായ്: ആഗോള റീട്ടെയ്ല്‍ മാമാങ്കമായ എക്‌സ്‌പോ 2020യില്‍ ഓരോ രാജ്യവും തങ്ങളുടെ പവലിയനുകള്‍ വ്യത്യസ്തമാക്കാനുള്ള തയാറെടുപ്പിലാണ്. എക്‌സ്‌പോ 2020യിലെ സ്വീഡന്‍ പവലിയനില്‍ ട്രീഹൗസുകള്‍ ഉള്‍പ്പടെയുള്ള സവിശേഷതകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

മരുഭൂമിയില്‍ നോര്‍ഡിക് കാടുകള്‍ പുന:സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ് സ്വീഡന്‍. എക്‌സ്‌പോ 2020യുടെ ഭാഗമായി സ്വീഡന്‍ പവലിയന്‍ സന്ദര്‍ശിക്കുന്ന സന്ദര്‍ശകര്‍ക്ക് ഒരു കാടിനുള്ളിലൂടെയാണ് നടക്കുന്നതെന്ന് തോന്നിക്കുന്ന തീര്‍ത്തും വ്യത്യസ്തമായ അനുഭവം പ്രദാനം ചെയ്യുകയാണ് ലക്ഷ്യം.

ഫ്രാന്‍സ്, ഇറ്റലി, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഒന്നാംനിര ആര്‍ക്കിടെക്റ്റുകളാണ് സ്വീഡന്‍ പവലിയന്‍ ഡിസൈന്‍ ചെയ്യുന്നത്. പാശ്ചാത്യ, ഇസ്ലാമിക ആര്‍ട്ട് ശൈലികള്‍ പ്രതിഫലിക്കുന്ന പവലിയന്‍ സ്വീഡന്റെ പ്രകൃതിഭംഗിയും പ്രതിഫലിപ്പിക്കുന്ന രീതിയിലായിരിക്കും ഒരുക്കുക.

സ്റ്റോക്‌ഹോം ആസ്ഥാനമാക്കിയ അലെസ്സാന്‍ഡ്രോ റൈപെല്ലിനോ ആര്‍ക്കിടെക്റ്റ്‌സ്, സ്റ്റുഡിയോ അഡ്രെയ്ന്‍ ഗാര്‍ദെറെ, ലുയ്ഗി പാര്‍ഡോ ആര്‍ക്കിടെറ്റി തുടങ്ങിയ കമ്പനികളാണ് മികവുറ്റ സ്വീഡിഷ് പവലിയന്‍ അണിയിച്ചൊരുക്കുന്നത്. നൂറുകണക്കിന് തായ്മരങ്ങള്‍ ഗ്രൗണ്ട്ഫ്‌ളോറില്‍ നിന്നുയരും. മരവീടുകള്‍ക്ക് സമാനമായ ഓഫീസുകളും മീറ്റിംഗ് റൂമുകളും എല്ലാം ഉണ്ടാകും.

ദുബായുടെ സമ്പദ് വ്യവസ്ഥയില്‍ സമാനതകളില്ലാത്ത കുതിപ്പുണ്ടാക്കുമെന്ന് കരുതുന്ന എക്‌സ്‌പോ 2020യില്‍ വിസ്മയകാഴ്ച്ചകളൊരുക്കാന്‍ ഇന്ത്യയും തയാറെടുക്കുന്നുണ്ട്. സ്റ്റാര്‍പ്പുകളെയും ഇന്നൊവേഷനെയും ഫോക്കസ് ചെയ്തായിരിക്കും എക്‌സ്‌പോയില്‍ ഇന്ത്യയുടെ പങ്കാളിത്തമെന്നാണ് വിവരം. എക്‌സ്‌പോ 2020 വേദിയില്‍ ഇന്ത്യ ഏകദേശം ഒരു ഏക്കറിന്റെ പ്ലോട്ടാകും എടുക്കുക.

ഇന്നൊവേഷനിലും സ്റ്റാര്‍ട്ടപ്പ് മേഖലയിലുമുള്ള ഇന്ത്യയുടെ ശക്തി പ്രദര്‍ശിപ്പിക്കുന്ന രീതിയിലാകും ഇന്ത്യന്‍ പവലിയനെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സെക്രട്ടറി ജനറല്‍ ദിലീപ് ചെനോയ് നേരത്തെ പറഞ്ഞിരുന്നു.

എക്‌സ്‌പോയുമായി ബന്ധപ്പെട്ട് വിപണി സജീവമാകുന്നതോടെ 2019ല്‍ 4.2 ശതമാനം വളര്‍ച്ച ദുബായ് കൈവരിക്കുമെന്ന് പ്രതീക്ഷ. ലോകം കാത്തിരിക്കുന്ന റീട്ടെയ്ല്‍ മഹാമേളയോട് അനുബന്ധിച്ച് അടിസ്ഥാനസൗകര്യമേഖലയിലടക്കം വരുന്ന ചെലവിടലാണ് സാമ്പത്തികരംഗത്തിന് കുതിപ്പേകുക.

എക്‌സ്‌പോ 2020 ദുബായിലും യുഎഇയിലാകെയും വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് ഐഎംഎഫ് ഉള്‍പ്പടെ മിക്ക സ്ഥാപനങ്ങളുടെയും വിലയിരുത്തല്‍. ബ്യൂറോ ഒഫ് ഇന്റര്‍നാഷണല്‍ എക്‌സ്‌പോസിഷന്‍സിന്റെ മേല്‍നോട്ടത്തിലാണ് 2020ല്‍ ദുബായില്‍ അന്തര്‍ദേശീയ എക്‌സിബിഷനെന്ന നിലയില്‍ എക്‌സ്‌പോ 2020 നടക്കുക.

Comments

comments

Categories: Arabia