ആട് വളര്‍ത്തല്‍ ഒരു ബിസിനസ് ആവുമ്പോള്‍

ആട് വളര്‍ത്തല്‍ ഒരു ബിസിനസ് ആവുമ്പോള്‍

പച്ചക്കറികളിലും മുട്ടയിലും ഇറച്ചിയിലുമെല്ലാം കീടനാശിനികളുടെയും കൃത്രിമ വളര്‍ച്ചാ ഹോര്‍മോണുകളുടെയും കേടുകൂടാതെ ദീര്‍ഘകാലം സൂക്ഷിക്കാനുപയോഗിക്കുന്ന രാസവസ്തുക്കളുടെയുമെല്ലാം സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്ന അത്യധികം ആശങ്കയുണര്‍ത്തുന്ന ലോകത്താണ് നാം ജീവിക്കുന്നത്. വിഷമില്ലാത്ത ഭക്ഷണം കഴിക്കാനുള്ള നമ്മുടെ അവകാശം അനുദിനം നാമറിയാതെ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നഗരങ്ങളില്‍ നിന്ന് നാട്ടിന്‍പുറങ്ങളിലെ നന്‍മകളിലേക്കുള്ള മടക്കമാണ് പരിഹാരമെന്ന് തിരിച്ചറിഞ്ഞ ഒരു തലമുറ ജൈവ കൃഷിയേയും ജൈവികമായി ഉല്‍പ്പാദിപ്പിക്കുന്ന ഇറച്ചിയുടെയും പാലിന്റെയും മറ്റും ആരാധകരായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുറഞ്ഞ ചെലവില്‍, പരിമിതമായ സ്ഥലത്ത് മെച്ചപ്പെട്ട രീതിയില്‍ ആരംഭിക്കാവുന്ന ഒരു സംരംഭമെന്ന നിലയില്‍ ആട് വളര്‍ത്തലിന്റെ സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ട്.

 

മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ അവന്റെ ഒരു സന്തത സഹചാരിയാണ് ആട്. ആദി കാലം മുതല്‍ പശു എത്രമാത്രം നമ്മോട് അടുത്തു നില്‍ക്കുന്നോ അതിലേറെ മനുഷ്യന് നന്മ ചെയ്യുന്ന മൃഗമാണ് ആട്. ആയുര്‍വേദത്തില്‍ ആടിന് വലിയ പ്രാധാന്യം തന്നെ കൊടുത്തിട്ടുണ്ട്. അജമാംസം എന്ന പേരില്‍ ആയുര്‍വേദ ചികിത്സാ സമ്പ്രദായം നിലവില്‍ വരാന്‍ കാരണം, ആടുകള്‍ പച്ച മരുന്നുകളും മറ്റും ധാരാളം കഴിക്കുന്നതിനാലാണ്. തന്മൂലം ആയുര്‍വേദം അജമാംസത്തെ മരുന്നുകളുടെ ഒരു കൂട്ടു ചേരുവയായി കാണുന്നു.

എടുത്തു പറയേണ്ട മറ്റൊരു കാര്യം മറ്റു മൃഗങ്ങള്‍ക്കൊപ്പം തന്നെ വലിയ ബുദ്ധിമുട്ടില്ലാതെ ആടുകളെ വളര്‍ത്താനും കൊച്ചു കുട്ടികള്‍ക്ക് പോലും അനായാസം കൊണ്ടുനടക്കാനും കഴിയും. കൃഷികള്‍ക്കാവശ്യമായ വളത്തിനായും ആടിനെ വളര്‍ത്തുന്നവര്‍ ഒട്ടും വിരളമല്ല. ഇതിനെല്ലാമുപരി ആടിനെ ഒരു സന്തോഷത്തിനു വേണ്ടി വളര്‍ത്തുന്നവരും ഉണ്ട്. പിന്നെയുള്ളത് ഒരു കച്ചവടം ആയി ആട് വളര്‍ത്തല്‍ കൊണ്ട് നടക്കുന്നവര്‍ ആണ്. ആടുകളെ വളര്‍ത്താന്‍ അധികം സ്ഥലം ആവശ്യമില്ല എന്നതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം. നമ്മുടെ പരിമിതിയില്‍ നിന്നുകൊണ്ട് ആര്‍ക്കും ആട് വളര്‍ത്തലിലേക്കു വരാവുന്നതാണ്. ഏറ്റവും ചെറിയ രൂപത്തിലും വലിയ വ്യാവസായിക അടിസ്ഥാനത്തിലും ആടുകളെ വളര്‍ത്തുന്നവരുണ്ട്. കേരളീയനെ സംബധിച്ചിടത്തോളം ആട് വളര്‍ത്തല്‍ വളരെ എളുപ്പം ചെയ്യാവുന്നതും നല്ല ലാഭം നേടി തരുന്നതുമായ ബിസിനസ്സാണ്. കേരളത്തിലെ അനുകൂല കാലാവസ്ഥ തന്നെയാണ് ആട് കൃഷിയില്‍ ലാഭം കൊയ്യാന്‍ സഹായിക്കുന്നത്. അമിത ഉഷ്ണവും ശീതവും ആട് പരിപാലനത്തിന് യോജിച്ചതല്ല.

ലോകത്ത് ഏറ്റവും അധികം ആടുകളുള്ള രാജ്യങ്ങളാണ് ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവ. ആട് കൃഷിയിലും പാല്‍ ഉല്‍പ്പാദനത്തിലും ഇന്ത്യ തന്നെയാണ് മുന്‍ പന്തിയില്‍. എന്നാല്‍ ഏറ്റവും അധികം ആട്ടിറച്ചിയും തുകല്‍ ഉല്‍പ്പന്നങ്ങളും കയറ്റി അയക്കുന്ന രാജ്യം ചൈന തന്നെയാണ്.

ലോകത്ത് 575 ഇനം ആടുകളുണ്ടെന്നാണ് കണക്ക്. അതില്‍ 58% ഇനങ്ങളും ഏഷ്യയിലാണ് കണ്ടുവരുന്നത്. 35% ഇനങ്ങള്‍ ആഫ്രിക്കയിലും 4%
അമേരിക്കയിലും ശേഷിക്കുന്ന 2% യൂറോപ്പിലും 1% ഓഷ്യാനിയ മേഖലയിലും കാണപ്പെടുന്നു. ഏഷ്യയില്‍ ഏകദേശം 184 തരം ആടുകള്‍ ഉണ്ട്. യൂറോപ്പില്‍ 215, ആഫ്രിക്കയില്‍ 95, ലാറ്റിന്‍ അമേരിക്കയില്‍ 28, മധ്യേഷ്യയില്‍ 34, വടക്കന്‍ അമേരിക്കയില്‍ 8, തെക്ക് പടിഞ്ഞാറന്‍ പസഫിക് മേഖലയില്‍ 11 എന്നിങ്ങനെ പോവുന്നു ഇനം തിരിച്ചുള്ള കണക്കുകള്‍.

കേരളത്തില്‍ ഏറ്റവും അധികം കണ്ടു വരുന്ന ആട് ഇനം മലബാറി ആടുകളാണ്. ഗുജറാത്താണ് ഏറ്റവും അതികം ആട് ഇനങ്ങള്‍ കാണപ്പെടുന്ന സംസ്ഥാനം. ഏകദേശം അഞ്ചോളം ബ്രീഡുകള്‍ ഗുജറാത്തില്‍ ഉണ്ട്. പൊതുവെ തീര പ്രദേശങ്ങളിലാണ് ആടുകള്‍ കൂടുതല്‍ കാണുന്നത്.

ആട് വളര്‍ത്തുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് തൊട്ടടുത്ത് ഒരു മൃഗാശുപത്രി ഉണ്ടാവുക എന്നത്. കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ ആടുകള്‍ക്ക് അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്, അത് കൊണ്ട് ഒരു മൃഗ ഡോക്ടര്‍ നമ്മുടെ അടുത്തു തന്നെ ഉണ്ടാവുന്നത് വളരെ നല്ലതാണ്. പൊതുവില്‍ ആടുകള്‍ക്ക് നല്‍കുന്ന ഇഞ്ചക്ഷനുകള്‍ ആണ് പിപിആര്‍, ഇടി, എഫ്എംഡി, ഗോട്ട് പോക്‌സ് എന്നിവ (PPR, ET, FMD & Goat Pox). കണക്കുകള്‍ പരിഗണിക്കുമ്പോള്‍ ശരാശരി വളരെ കുറഞ്ഞ ചെലവേ ആടുകളെ ചികിത്‌സിക്കാന്‍ വേണ്ടി വരുന്നുള്ളൂ.

ഈ അനുകൂല സാഹചര്യങ്ങളുടെയെല്ലാം പിന്തുണയില്‍ ഏകദേശം 22% വാര്‍ഷിക വളര്‍ച്ചയുണ്ട് ഇന്ത്യയില്‍ ആട് കൃഷിക്ക്. രാജ്യത്തെ ഗ്രാമീണ മേഖലയിലെ സാധാരണക്കാരന്റെ വന്‍ വ്യവസായമാണ് ആട്ടിന്‍ കൃഷി. ആട്ടിറച്ചിക്കു നല്ല വിലയുള്ളത് കാരണം ഏറ്റവും ലാഭം കൊയ്യാന്‍ സാധിക്കുന്ന ബിസിനസ് ആണ് ആട് വളര്‍ത്തല്‍. ഏകദേശം 12 മാസം ആവുമ്പോഴേക്കും 16 കിലോ തൂക്കം വരും ഒരു ആട്ടിന്‍ കുട്ടിക്ക്. ഒരു പ്രസവത്തില്‍ മൂന്നോ നാലോ കുട്ടികള്‍ ഉണ്ടാവാറുണ്ട്. അതില്‍ ഒരു ആണിനെ മാത്രമേ ബ്രീഡ് ആയി നിര്‍ത്തേണ്ടതുള്ളൂ.

10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യയിലും യൂറോപ്പിലും കണ്ടുവന്നിരുന്ന മൗഫ്‌ളോണ്‍ (mouflon) എന്ന ഇനം വന്യ മൃഗങ്ങളില്‍ നിന്നും തെരഞ്ഞുപിടിച്ച് മനുഷ്യന്‍ ഇണക്കി വളര്‍ത്തിയതാണ് ഇന്ന് കാണുന്ന ആടുകള്‍. സാധാരണയായി ഇറച്ചിക്കും പാലിനും തുകല്‍ ഉല്‍പ്പന്നങ്ങള്‍ക്കും വേണ്ടിയാണ് ആടിനെ വളര്‍ത്തുന്നത്. നാവികരും മിഷനറി പ്രവര്‍ത്തകരും മുഖാന്തിരമാണ് ആടുകള്‍ എല്ലാ രാജ്യങ്ങളിലും എത്തപ്പെട്ടത് എന്ന് വിശ്വസിക്കപ്പെടുന്നു.

ഇന്ന് കൂടുതലായും ആടിനെ വളര്‍ത്തുന്നത് ഇറച്ചിക്കും പാലിനും വേണ്ടി മാത്രം ആണ്. 1942 മുതല്‍ രോമത്തിനായും മറ്റുമുള്ള ആട് വളര്‍ത്തലും വ്യവസായവും കുറഞ്ഞു വരുന്നതായാണ് കാണുന്നത്. സിന്തറ്റിക് ഫൈബര്‍ മാര്‍ക്കറ്റില്‍ ധാരാളം ലഭിക്കാന്‍ തുടങ്ങിയതാണ് ഇതിന് കാരണം. അതിന്റെ ഒരു മറുപുറം നോക്കിയാല്‍ ആടുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഈ ബിസിനസ്സില്‍ ഇറങ്ങുന്നവര്‍ക്കു നല്ല ലാഭം നേടി കൊടുക്കുന്ന ഒരു വ്യവസായമായും ഇത് മാറിക്കൊണ്ടിരിക്കുന്നു.

ആടിന്റെ കൊമ്പുകള്‍ എല്ലുകള്‍ എല്ലാം പലതരം കരകൗശല വസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച് വരുന്നു. ആടിന്റെ കൊമ്പ് ഉപയോഗിച്ച് കൊണ്ടാണ് വിലപിടിപ്പുള്ള പിയാനോ കീകള്‍ ഉണ്ടാക്കുന്നത്. അത് പോലെ ആടില്‍ നിന്നും കിട്ടുന്ന ലാനോലിന്‍ എന്ന മെഴുക് ഓയ്ന്‍മെന്റുകളും സൗന്ദര്യ പരിപാലന വസ്തുക്കളും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ആട്ടിന്‍ പാല്‍ ഉപയോഗിച്ച് ഫ്രഞ്ച് ഷെവര്‍ പോലെയുള്ള വിലപിടിപ്പുള്ള പാല്‍പ്പാടയും ഉണ്ടാക്കുന്നു. ആയുര്‍വേദത്തില്‍ ആട്ടിന്‍ പാലിന് വലിയ സാധ്യതകളുണ്ട്. പല ആയുര്‍വേദ മരുന്നുകളിലും ആട്ടിന്‍ പാല്‍ ഒരു പ്രധാന ഘടകം ആണ്. തന്നെയുമല്ല ഇതിന് ആവശ്യമായ ആട്ടിന്‍ പാല്‍ ഇന്ന് മാര്‍ക്കെറ്റില്‍ ലഭിക്കുന്നില്ല. പല ആയുര്‍വേദ മരുന്ന് സ്ഥാപനങ്ങളും അവര്‍ക്കാവശ്യമായ ആടുകളെ ഫാമുകളില്‍ വളര്‍ത്താനാരംഭിച്ചിട്ടുണ്ട്.

ആട് കൃഷിക്ക് ഒരു ദൈവിക പരിവേഷവും ഇല്ലെന്നതാണ് മറ്റൊരു നേട്ടം. ആര്‍ക്കും ആട്ടിന്‍ കൃഷി ചെയ്യാം. ക്രയവിക്രയം ചെയ്യാനും എളുപ്പം. ആട് വളര്‍ത്തുന്നതിനാവശ്യമായ കൂട് ഒരുക്കുമ്പോള്‍ അത്യധികം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. സാധാരണയായി മുള അല്ലെങ്കില്‍ കവുങ്ങ് പോലുള്ള പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് കൂടു നിര്‍മ്മിക്കാറുള്ളത്. അങ്ങനെ ചെയ്താല്‍ ചൂടും ഒപ്പം ചെലവും വളരെ കുറക്കാന്‍ സാധിക്കും. കൂട് അല്‍പ്പം ഉയരത്തില്‍ സ്ഥാപിച്ച് വായു സഞ്ചാരം, ആവശ്യത്തിന് വെളിച്ചം എന്നിവ ഉറപ്പാക്കുകയും ഇഴജന്തുക്കളുടെയും മറ്റ് ജീവികളുടെയും അക്രമം ഒഴിവാക്കുകയും ചെയ്യാം. മഴയില്‍ നിന്നും വെയിലില്‍ നിന്നും സംരക്ഷണം നല്‍കുന്ന സുരക്ഷിതമായ കൂടു തന്നെ വേണം. നിശ്ചിത അളവില്‍ കൂടുതല്‍ ഉയരം കൂടിന് ഇല്ലെങ്കില്‍ ആടുകള്‍ക്ക് വേഗം അസുഖം പിടിപെടും. അത് ബിസിനസിനെ വളരെ മോശമായി ബാധിക്കും. വിസര്‍ജ്യങ്ങളില്‍ നിന്ന് ഉയരുന്ന നൈട്രജന്‍ ആടിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുകയും അസുഖം ബാധിച്ചു അവ ചത്തൊടുങ്ങുകയും ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ കൂടിന്റെ ക്രമീകരണത്തിലൂടെ സാധിക്കും. ആടിനെ വളര്‍ത്തുന്ന സ്ഥലം, ചുറ്റുപാട്, കാലാവസ്ഥ എല്ലാം നോക്കി വേണം കൂടിന്റെ ഉയരം ക്രമീകരിക്കാന്‍. എന്നാല്‍ മാത്രമേ ആടുകള്‍ക്ക് ആരോഗ്യത്തോടെ വിശ്രമിക്കാന്‍ കഴിയൂ.

കഴിയുന്നതും ആട് കൃഷിക്ക് ഒഴിഞ്ഞ സ്ഥലങ്ങള്‍ പാട്ടത്തിനെടുത്തു കൃഷി ചെയ്യുകയാവും ഏറ്റവും ലാഭം. പരിപാലിക്കാന്‍ ആളുകളും നല്ല പച്ചിലകള്‍ കിട്ടുന്ന ചുറ്റുപാടും ഉണ്ടായാല്‍ ആട് കൃഷി ഒരു നല്ല സംരംഭം ആയി ഏറ്റെടുത്തു നടത്താന്‍ എല്ലാവര്‍ക്കും കഴിയും. ആട്ടിന്‍ പാല് ഏറ്റവുമധികം പ്രോട്ടീനുകള്‍ ഉള്ളതും മനുഷ്യ ശരീരത്തിന് മികച്ച രീതിയില്‍ ഇണങ്ങിയതുമാണ്. അമ്മയുടെ മുലപ്പാലിന് തത്തുല്യമായ പോഷക ഘടകങ്ങള്‍ ചേര്‍ന്നതാണ് ആട്ടിന്‍ പാല്‍.

നമ്മുടെ നാട്ടില്‍ പല ആളുകളും ബിസിനസുകളെ കുറിച്ച് പഠിക്കാനും അവസരങ്ങള്‍ തേടിയും നടക്കുമ്പോള്‍ ചൂണ്ടി കാണിക്കാവുന്ന ലാഭകരമായ നല്ല ഒരു വ്യവസായമാണ് ആട് വളര്‍ത്തല്‍. ആട് കൃഷി വര്‍ഷാവര്‍ഷം മൂന്നിരട്ടിയായി വളരുന്നതായി കാണാം. ഒറ്റക്കോ അല്ലെങ്കില്‍ സംഘടിതമായോ ആര്‍ക്കു വേണമെങ്കിലും ഈ കൃഷി ചെയ്യാം. കോഴി വളര്‍ത്തലുമായും മറ്റും തട്ടിച്ച് നോക്കുമ്പോള്‍ വളരെ വില ലഭിക്കുന്നതും ഓര്‍ഗാനിക് ആയതുമായ നല്ല ഒരു ബിസിനസ് ആണ് ആട് വളര്‍ത്തല്‍.

Comments

comments

Categories: FK Special, Slider
Tags: Goat farming