എല്ലാ ദൃശ്യ മാധ്യമങ്ങളിലെയും തൊഴിലാളികള്‍ക്ക് നിയമ സുരക്ഷ ഉറപ്പാക്കിയേക്കും

എല്ലാ ദൃശ്യ മാധ്യമങ്ങളിലെയും തൊഴിലാളികള്‍ക്ക് നിയമ സുരക്ഷ ഉറപ്പാക്കിയേക്കും

ടിവി സീരിയലുകളിലും ഒടിടി (ഓവര്‍-ദ-ടോപ്പ്) പ്ലാറ്റ്‌ഫോമുകളിലും ജോലി ചെയ്യുന്ന സാങ്കേതിക വിദഗ്ധരെയും ആര്‍ട്ടിസ്റ്റുകളെയും പുതിയ തൊഴില്‍ നിയമത്തിനുകീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര വിവരസാങ്കേതിക-പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശം

ന്യൂഡെല്‍ഹി: ടിവി സീരിയലുകളിലും നെറ്റ്ഫഌക്‌സ്, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ ഒടിടി (ഓവര്‍-ദ-ടോപ്പ്) പ്ലാറ്റ്‌ഫോമുകളിലും ജോലി ചെയ്യുന്ന സാങ്കേതിക വിദഗ്ധരെയും ആര്‍ട്ടിസ്റ്റുകളെയും പുതിയ തൊഴില്‍ നിയമത്തിനുകീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര വിവരസാങ്കേതിക-പ്രക്ഷേപണ മന്ത്രാലയം തൊഴില്‍ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു. ടിവി ചാനലുകളിലും വെബുകളിലും സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ ഭാഗമാകുന്ന നൂറുകണക്കിന് ആര്‍ട്ടിസ്റ്റുകള്‍ക്കും തിരക്കഥാകൃത്തുകള്‍ക്കും ഗാനരചയിതാക്കള്‍ക്കും ഈ നീക്കം ഗുണം ചെയ്യും.

വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ തൊഴില്‍ നയം. അടുത്ത ഏതാനും മാസത്തിനുള്ളില്‍ കരട് തൊഴില്‍ നയം തൊഴില്‍ മന്ത്രാലയം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ വ്യവസായ മേഖലകളില്‍ നിന്നുള്ള 50 കോടി കോടി തൊഴിലാളികള്‍ക്ക് സമഗ്ര സാമൂഹിക സുരക്ഷ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഘട്ടംഘട്ടമായിട്ടായിരിക്കും നയം അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ തൊഴിലാളികളിലേക്ക് എത്തിക്കുക. വിരമിക്കല്‍, ആരോഗ്യ, വാര്‍ദ്ധക്യ, വികലാംഗ, തൊഴിലില്ലായ്മ, പ്രസവകാല ആനുകൂല്യങ്ങളാണ് തൊഴില്‍ നിയമത്തിനുകീഴില്‍ സര്‍ക്കാര്‍ ഉറപ്പാക്കുക.

പുതിയ തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രാലയം പ്രക്ഷേപണ മന്ത്രാലുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ടെക്‌നീഷ്യന്‍മാരെയും ആര്‍ട്ടിസ്റ്റുകളെയും കൂടി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ മന്ത്രാലയം ശുപാര്‍ശ ചെയ്തത്. മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ വിവിധ സ്റ്റുഡിയോകളില്‍ എംപിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന പാര്‍ലമെന്ററി സംഘം സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെയുള്ള പല തൊഴിലാളികളുടെയും വേതനം പരിഷ്‌കരിക്കേണ്ടതുണ്ടെന്നും നിര്‍ബന്ധിത സുരക്ഷ മാനദണ്ഡങ്ങള്‍ മുന്നോട്ടുവെക്കേണ്ടതുണ്ടെന്നും സന്ദര്‍ശനത്തില്‍ സംഘം നിരീക്ഷിച്ചു. ഇവര്‍ക്കിടയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ സിനാമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമത്തിനായി തൊഴില്‍ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

ടിവി, സിനിമ, ഡിജിറ്റല്‍ തുടങ്ങി എല്ലാ ദൃശ്യ മാധ്യമങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കായി സമഗ്ര നിയമം കൊണ്ടുവരാനാണ് പ്രക്ഷേപണ മന്ത്രാലയം ഉദ്ദേശിക്കുന്നത്. തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ തൊഴില്‍ദാതാക്കള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന വ്യവസ്ഥയും നയം മുന്നോട്ടുവെക്കണം. ചലച്ചിത്രങ്ങളിലും ടിവി സീരിയലുകളിലും ഷോകളിലും തൊഴില്‍ ചെയ്യുന്നവര്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്നതിന് തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

തൊഴില്‍ നിയമം ആദ്യം മുന്നോട്ടുവെച്ചപ്പോള്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ മാത്രമാണ് പരിഗണിച്ചിരുന്നത്. 80കളിലാണ് ടെലിവിഷന്‍ വിനോദപരിപാടികള്‍ നമ്മുടെ വീടുകളിലെത്തുന്നത്. അന്ന് ഡിജിറ്റല്‍ മാധ്യമങ്ങള്‍ രംഗപ്രവേശം ചെയ്തിട്ടില്ല. പക്ഷെ ഇന്ന് ഒരു വലിയ വിഭാഗം ടെക്‌നീഷ്യന്‍മാരും ആര്‍ട്ടിസ്റ്റുകളും ഈ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഈ മേഖലകള്‍ കൂടി തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളതെന്ന് പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഡിജിറ്റല്‍ ഉള്ളടക്കങ്ങളുടെ ഉപഭോഗം, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ വ്യാപനം, നൈപുണ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലാളികള്‍ തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ശുപാര്‍ശകള്‍ മുന്നോട്ടുവെച്ചിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി.

Comments

comments

Categories: Current Affairs

Related Articles