ഓര്‍ക്കിഡ് പൂക്കളുടെ കൂട്ടുകാരി

ഓര്‍ക്കിഡ് പൂക്കളുടെ കൂട്ടുകാരി

സാധ്യതകള്‍ ഏറെയുണ്ടായിട്ടും നാം കൈവക്കാന്‍ മടിക്കുന്ന മേഖലയാണ് പുഷ്പകൃഷി.എന്നാല്‍ ഈ മേഖലയിലെ അവസരങ്ങള്‍ മനസിലാക്കി ഓര്‍ക്കിഡ് കൃഷിയിലൂടെ ലാഭം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് തൃശൂര്‍ സ്വദേശിനിയായ ഫ്‌ലോറി എന്ന വീട്ടമ്മ

പൂക്കള്‍ ഇഷ്ടമില്ലാത്തവരായി ആരാണുണ്ടാകുക? തോട്ടത്തില്‍ നട്ട് നനച്ചു നാം വളര്‍ത്തുന്ന മനോഹരങ്ങളായ പൂക്കള്‍ മനഃസന്തോഷത്തിനപ്പുറം ഒരു വരുമാനമാര്‍ഗം കൂടിയാലോ ? വെറുമൊരു ചോദ്യമല്ല ഇത്. പുഷ്പകൃഷിയിലൂടെ മികച്ച വരുമാനം നേടാമെന്ന് കാണിച്ചുതന്ന തൃശൂര്‍ അരണാട്ടുകര പാലാട്ടി വീട്ടില്‍ ഫ്‌ലോറി സേവ്യര്‍ എന്ന വീട്ടമ്മ നല്‍കുന്ന ഉറപ്പാണ്. ചെറുപ്പം മുതല്‍ക്ക് പോക്കളോടു താല്പര്യവും സ്‌നേഹവുമുണ്ടായിരുന്ന ഫ്‌ലോറി ഏറെ ആഗ്രഹത്തോടെയാണ് പുഷ്പകൃഷി എന്ന ഈ മേഖലയിലേക്ക് കടന്നു വന്നത്.

ഓര്‍ക്കിഡ് പൂക്കൃഷി ഫ്‌ലോറിക്ക് ഹോബിയും മികച്ച വരുമാനമാര്‍ഗവുമാണ്.കുട്ടിക്കാലം മുതലേ പൂക്കളോടും പൂച്ചെടികളോടും പ്രത്യേക താല്‍പര്യമുണ്ടായിരുന്നു ഫ്‌ലോറിക്ക്. വിവാഹം കഴിഞ്ഞതോടെ ആ താല്‍പര്യം കൂടുതല്‍ ശക്തമായി. കാരണം പിന്തുണനല്‍കാന്‍ കൂടെ ഒരാളുണ്ടായി എന്നത് തന്നെ. കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയശേഷം തന്റെ സമയം ഫലവത്തായി ഫ്‌ലോറികള്‍ച്ചറില്‍ വിനിയോഗിക്കാന്‍ ഫ്‌ലോറി തീരുമാനിച്ചു. വീടിനുള്ളില്‍ ഒരു മികച്ച പൂന്തോട്ടം നിര്‍മിച്ചുകൊണ്ട് വളരെ ലളിതമായ തുടക്കമായിരുന്നു.

ആദ്യമായി വളര്‍ത്തിയത് ആന്തൂറിയം ചെടികളായിരുന്നു. ആദ്യകാലത്ത് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള പൂക്കള്‍ മാത്രമാണ് വളര്‍ത്തിയത്. എന്നാല്‍ പിന്നീട് ഇതിനു പിന്നിലെ സംരംഭകത്വ സാധ്യത മനസിലാക്കിയായി പുഷ്പകൃഷി. വിപണിയില്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ള പൂക്കള്‍ ഓര്‍ക്കിടാന് എന്ന് മനസിലാക്കി ഓര്‍ക്കിഡ് വളര്‍ത്തലിലേക്ക് തിരിഞ്ഞു. അതോടെ ഒരു സംരംഭക എന്ന രീതിയില്‍ ഫ്‌ലോറിയുടെ യാത്ര ആരംഭിക്കുകയായിരുന്നു.കൃത്യമായി പറഞ്ഞാല്‍ ഓര്‍ക്കിഡുകളിലേക്കു ശ്രദ്ധ മുഴവനായി തിരിച്ചത് ആറു വര്‍ഷം മുന്‍പായിരുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ പൂക്കള്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ചതോടെ വിവിധ പരിശീലന ക്ലാസുകളില്‍ പങ്കെടുത്ത് ഓര്‍ക്കിഡ് പരിപാലനത്തിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കിയിരുന്നു.

തോട്ടം നിര്‍മിക്കുന്നതിനും പൂക്കള്‍ സംഭരിച്ചു വിപണിയില്‍ എത്തിക്കുന്നതിനുമെല്ലാം പൂര്‍ണ പിന്തുണ നല്‍കിയത് ഭര്‍ത്താവ് സേവ്യര്‍ ആണ്.സംരംഭകത്വം മികച്ച രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ട് പോകണം എന്ന് തീരുമാനിച്ചതോടെ ഭര്‍ത്താവ് സേവ്യറിന്റെ സഹായത്തോടെ ഇറക്കുമതിക്കുള്ള ലൈസന്‍സും സമ്പാദിച്ചു.

തുടക്കം ലളിതം

തുടക്കം എന്ന രീതിയില്‍ നാടന്‍ ഓര്‍ക്കിഡുകള്‍ വച്ചായിരുന്നു കൃഷി ചെയ്തത്. പിന്നീട് ഓര്‍ക്കിഡുകള്‍ പാട്ടി കൂടുതലായി പഠിച്ചു. അതിനുശേഷം മികച്ചയിനം ഓര്‍ക്കിഡുകള്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങി.ആദ്യകാലത്ത് ഡെന്‍ഡ്രോബിയം ഓര്‍ക്കിഡ് ഇനങ്ങളാണ് ഇറക്കുമതി ചെയ്തിരുന്നത്. ഓര്‍ക്കിഡ് പൂക്കളും ചെടികളും വാങ്ങാന്‍ എത്തുന്നവരില്‍ നിന്നും ലഭിച്ച സഹകരണവും പ്രോത്സാഹനവും ഫ്‌ലോറിയെ ഈ രംഗത്തെ കരുത്തുറ്റ സാന്നിധ്യമാക്കി മാറ്റി. അയണോപ്‌സിസ്, ഡോറൈറ്റിസ്, ഓണ്‍സീഡിയം, റിന്‍കോസ്‌റ്റൈലിസ്, ഫെലനോപ്‌സിസ്, ബ്രാസിയ, ബള്‍ബോഫില്ലം തുടങ്ങി അലങ്കാര ഓര്‍ക്കിഡുകളുടെ നീണ്ട നിരതന്നെ ഇന്ന് വിപണനത്തിനായി ഇവരുടെ വീടിനോടു ചേര്‍ന്നുള്ള ഫാമില്‍ ഉണ്ട്.

ഫ്‌ലോറിയ ഓര്‍ക്കിഡ്‌സ് എന്നാണ് തന്റെ ഫാമിന് ഈ വീട്ടമ്മ പേരിട്ടിരിക്കുന്നത്. ഓര്‍ക്കിഡ് പരിപാലനം ചെടികളുടെ നന, വളം നല്‍കല്‍, തൈകള്‍ പിരിച്ചുവച്ച് നടീല്‍ തുടങ്ങി ആയാസകരമല്ലാത്ത ജോലികളെല്ലാം ഈ വീട്ടമ്മ തന്നെയാണ് ചെയ്യുന്നത്. ഒരു ദിവസത്തിന്റെ മുക്കാല്‍ ഭാഗവും തന്റെ ചെടികള്‍ക്കൊപ്പം ചെലവഴിക്കാനാണ് ഫ്‌ലോറി ഇഷ്ടപ്പെടുന്നത്. ഫ്‌ലോറി തന്റെ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന ആത്മാര്‍ത്ഥത വരുമാനത്തിലും പ്രകടമാകുന്നുണ്ട്.

ഓര്‍ക്കിഡ് കൃഷിയെപ്പറ്റി ആധികാരികമായി പഠിക്കുന്നതിനു വേണ്ടി ഓര്‍ക്കിഡ് കൃഷിക്ക് ലോകപ്രസിദ്ധമായ തായ്‌ലന്‍ഡില്‍ പല തവണ ഫ്‌ലോറി പോയിട്ടുണ്ട്. അതിനാല്‍ തന്നെ തന്റെ ഗവേഷണ ഫലമായുള്ള കണ്ടെത്തലുകളാണ് ഫ്‌ലോറി തന്റെ ഫാമില്‍ പരീക്ഷിക്കുന്നത്. നാടന്‍ ജൈവവളങ്ങള്‍ക്കൊപ്പം നൂതന വളങ്ങളും പരീക്ഷിക്കുന്നുണ്ട് ഫ്‌ലോറി.വീട്ടിലിരുന്നും വീട്ടമ്മമാര്‍ക്ക് വരുമാനം കണ്ടെത്താന്‍ സാധിക്കും എന്നതിന്റെ മികച്ച മാതൃകയാണ് ഫ്‌ലോറി.

Comments

comments

Categories: FK Special, Slider
Tags: Orchid