ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വിശ്വാസം ഫ്‌ളിപ്കാർട്ടിനെ

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വിശ്വാസം ഫ്‌ളിപ്കാർട്ടിനെ

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ആമസോണ്‍ മുന്നില്‍, പ്രീമിയം വിഭാഗത്തില്‍ വണ്‍പ്ലസാണ് ഉപഭോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ്

ന്യൂഡെല്‍ഹി: ഓണ്‍ലൈനില്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് ഇന്ത്യയിലെ ഉപഭോക്താക്കള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ആഭ്യന്തര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫഌപ്കാര്‍ട്ടിനെയാണെന്ന് റിപ്പോര്‍ട്ട്. അതേ സമയം 30,000 രൂപയ്ക്കു മുകളില്‍ വില വരുന്ന പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണാണ് ഒന്നാം സ്ഥാനത്തെന്നും ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പിന്റെ(ഐഡിസി) ‘കണ്‍സ്യൂമര്‍ പള്‍സ്’ പഠന റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന മൂന്നില്‍ ഒരാള്‍ വിപണിയില്‍ ലഭ്യമായ മികച്ച ഡീലുകള്‍ അന്വേഷിക്കുകയും ഫോണിന്റെ പുതിയ പ്രത്യേകതകളില്‍ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. നിലവില്‍ ഫോണിന്റെ റാം മെമ്മറിയും പ്രോസസിംഗ് വേഗതയുമാണ് ഉപഭോക്താക്കള്‍ കൂടുതലായി ശ്രദ്ധിക്കുന്ന ഫീച്ചറുകള്‍. കൂടാതെ ഉയര്‍ന്ന ബാറ്ററി ശേഷിയും മികച്ച കാമറ ശേഷിയും അവര്‍ ആഗ്രഹിക്കുന്നുണ്ട്. ഫേസ് അണ്‍ലോക്ക്, ജലത്തെ പ്രതിരോധിക്കാനുള്ള ശേഷി എന്നിവയും ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഫീച്ചറുകളാണ്.

ഇന്നും മറ്റുള്ളവരില്‍ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളാണ് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കളെ സ്വാധീനിക്കുന്ന പ്രധാനകാര്യം. ഷഓമി, വണ്‍പ്ലസ്, പോലുള്ള ബ്രാന്‍ഡുകളുടെ വിജയത്തില്‍ അവരുടെ ബുദ്ധിപൂര്‍വമായ വിപണി സമീപനത്തിനൊപ്പം സംതൃപ്തനായ ഉപഭോക്താക്കളിലൂടെയുള്ള വാമൊഴി പ്രചാരണത്തിനും വലിയ പങ്കുള്ളതായി റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്.

ഉപഭോക്താക്കളില്‍ പകുതിയും തങ്ങളുടെ 10,000-20,000 വിലയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ മാറ്റി 30,000 രൂപയുടെ മുകളിലുള്ള ഫോണ്‍ വാങ്ങുന്നുണ്ട്. വായ്പ, ഇഎംഐ പോലുള്ള സാമ്പത്തിക സഹായങ്ങളുടെ ലഭ്യതയാണ് ഇതിനു സഹായകമാകുന്നത്. പ്രീമിയം വിഭാഗത്തില്‍ വണ്‍പ്ലസാണ് ഉപഭോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ്. രാജ്യത്തെ എട്ടു നഗരങ്ങളിലെ 1,700 ഉപഭോക്താക്കള്‍ക്കിടയിലാണ് ഐഡിസി പഠനം നടത്തിയത്.

Comments

comments

Categories: Business & Economy
Tags: Flipkart