2018-19 ല്‍ ഇന്ത്യന്‍ ഇ-കൊമേഴ്സ് വിപണിയിലെ വളര്‍ച്ചാ നിരക്ക് 17 ശതമാനം
ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഇ-കൊമേഴ്സ് വിപണി 17 ശതമാനം വളര്‍ച്ചാ നിരക്കില്‍ മുന്നോട്ടു കുതിക്കുകയാണെന്ന് റിപ്പോര്‍ട്ട്. 2018-19 സാമ്പത്തിക വര്‍ഷത്തോടെ രാജ്യത്തെ ഇ-കൊമേഴ്സ് വിപണി 38.5 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്നാണ് നാഷണല്‍ അസോസിയേഷന് ഓഫ് സോഫ്റ്റ്വെയര് ആന്‍ഡ് സര്‍വീസസ് കമ്പനിയുടെ (നാസ്കോം) സ്ട്രാറ്റജിക് റിവ്യൂ 2018 റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഇ-കൊമേഴ്സ് വിപണി 33 ബില്യണ്‍ ഡോളറായിരുന്നെന്നാണ് അതേ വര്‍ഷത്തെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നത്.
നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നയത്തിന്റെ അടിസ്ഥാനത്തില്‍ നൂറ് ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം ഇ-കൊമേഴ്സുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക്, ബിസിനസ് ടു ബിസിനസ് (ബി ടു ബി) പ്രവര്‍ത്തനമേ ചെയ്യുകയുള്ളെന്ന ഉപാധികളോടെ അനുവദിച്ചതാണ് മേഖലയില്‍ വളര്‍ച്ച ത്വരിതപ്പെടാനുള്ള ഒരു കാരണമെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ, 100 ശതമാനം എഫ്ഡിഐ നിക്ഷേപം വിപണി അധിഷ്ഠിത മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്സ് കമ്പനികള്‍ക്കും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഉടമസ്ഥതയും വില്‍പ്പനയും ഒരേ സമയം കൈയാളുന്ന ഇന്‍വെന്ററി മാതൃകയില്‍ എഫ്ഡിഐ അനുവദിച്ചിട്ടില്ല.
ഏഫ്ഡിഐ നയപ്രകാരം ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇ-കൊമേഴ്സ് റീട്ടെയ്ല്‍ വഴി വില്‍പ്പന നടത്താന്‍ ഉല്‍പ്പാദക കമ്പനിക്ക് അനുവാദമുണ്ട്. സാധാരണ സ്റ്റോറുകള്‍ വഴി സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ വ്യാപാരം നടത്തുന്ന സംരംഭത്തിന് ഇ-കൊമേഴ്സ് വഴി റീട്ടെയ്ല്‍ വില്‍പ്പന നടത്താവുന്നതാണ്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യോല്‍പ്പന്നങ്ങളും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി ചില്ലറ വ്യാപാരം നടത്താന്‍ അനുമതിയുണ്ട്.