യുഎഇ ഇ-കൊമേഴ്‌സ് രംഗം 27 ബില്ല്യണ്‍ ഡോളറിലേക്കെത്തും

യുഎഇ ഇ-കൊമേഴ്‌സ് രംഗം 27 ബില്ല്യണ്‍ ഡോളറിലേക്കെത്തും
  • ഗള്‍ഫ് നാടുകളിലെ മലയാളികള്‍ക്കും മികച്ച അവസരമാണ് ഇ-കൊമേഴ്‌സ് മേഖല ഒരുക്കുന്നത്
  • 2020 ആകുമ്പോഴേക്കും ഗള്‍ഫ് മേഖലയിലെ ഇ-കൊമേഴ്‌സ് വിപണിയുടെ 40 ശതമാനവും കൈയാളുക യുഎഇ
  • ജനങ്ങളുടെ വാങ്ങല്‍ ശീലങ്ങളില്‍ കാര്യമായ മാറ്റം വരുന്നു

ദുബായ്: യുഎഇയുടെ റീട്ടെയ്ല്‍ മേഖലയില്‍ ഇ-കൊമേഴ്‌സിന്റെ വരവോടെ വലിയ മാറ്റങ്ങളാണുണ്ടാകുന്നത്. നിലവിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് കാര്യങ്ങളെങ്കില്‍ 2020 ആകുമ്പോഴേക്കും യുഎഇയിലെ ഇ-കൊമേഴ്‌സ് രംഗം 27.2 ബില്ല്യണ്‍ ഡോളറിലേക്കെത്തുമെന്നാണ് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ച് അറേബ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2020 ആകുമ്പോഴേക്കും ഗള്‍ഫ് മേഖലയിലെ മൊത്തം ഇ-കൊമേഴ്‌സ് വിപണിയുടെ 40 ശതമാനവും കൈയാളുക യുഎഇ ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ വ്യാപാര പ്രോല്‍സാഹന കരാറില്‍ ചേരാനുള്ള യുഎഇയുടെ തീരുമാനം ഇ-കൊമേഴ്‌സ് മേഖലയുടെ വളര്‍ച്ചയ്ക്കും കാരണമാകുമെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര വ്യാപാരം കൂടുതല്‍ ലളിതമാക്കുന്നത് ലക്ഷ്യമിടുന്ന കരാറാണിത്.

ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് അതിവേഗത്തില്‍ പിരവര്‍ത്തനം ചെയ്യുകയാണ് യുഎഇ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറെ ദൂരം മുന്നോട്ടു പോകാന്‍ അറബ് രാജ്യത്തിന് സാധിച്ചിട്ടുണ്ട്. ഇ-കൊമേഴ്‌സ് മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുന്നത് ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള സര്‍ക്കാരിന്റെ ശക്തമായ നയങ്ങളാണ്. സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തിയുള്ള പരിഷ്‌കരണങ്ങളാണ് യുഎഇ കൈക്കൊള്ളുന്നത്. സാമ്പത്തിക കാര്യമന്ത്രിലായത്തിന്റെ പിന്തുണയോടെ സ്വകാര്യ സ്ഥാപനങ്ങളെ കൂടി പങ്കെടുപ്പിച്ച് ഒരു ഫെഡറല്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം തുടങ്ങാനും സര്‍ക്കാരിന് ആലോചനയുണ്ട്.

യുഎഇ സമ്പദ് വ്യവസ്ഥയുടെ മല്‍സരക്ഷമത മെച്ചപ്പെടുത്താന്‍ ഈ നേട്ടങ്ങളെല്ലാം തന്നെ സഹായിച്ചിട്ടുണ്ട്. 2017ല്‍ ഗള്‍ഫ് മേഖലയിലെ ഇ-കൊമേഴ്‌സ് രംഗത്തെ പ്രധാന കേന്ദ്രമായി വേള്‍ഡ് ഇക്കണോമിക് ഫോറം ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ലിസ്റ്റ് ചെയ്തത് യുഎഇയെയാണ്.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തുന്നതും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വ്യാപകമാകുന്നതും ഇലക്ട്രോണിക് പേമെന്റ് സംവിധാനങ്ങളുടെ ദ്രുതഗതിയിലുള്ള വികസനവും ശക്തമായ സര്‍ക്കാര്‍ പിന്തുണയും യുഎഇയിലെ ഇ-കൊമേഴ്‌സ് രംഗത്തെ സമാനതകളില്ലാത്ത തരത്തില്‍ വളര്‍ത്തുമെന്നാണ് വിലയിരുത്തല്‍.

യുഎസ് കേന്ദ്രമാക്കിയ ഇ-കൊമേഴ്‌സ് രാജാവ് ആമസോണിന്റെ ഉടമസ്ഥതയിലുള്ള സൗക്ക് ഡോട് കോമും പ്രമുഖ സംരംഭകന്‍ മുഹമ്മദ് അലബ്ബാറിന്റെ നേതൃത്വത്തിലുള്ള നൂണുമാണ് യുഎഇയിലെ പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍.

യുഎഇയിലെ ഇ-കൊമേഴ്‌സ് ഭീമന്മാര്‍

സൗക്ക് ഡോട് കോം: ഗള്‍ഫ് മേഖലയിലെ ഇ-കൊമേഴ്‌സ് വിപണിക്ക് അടിത്തറ പാകിയ കമ്പനിയാണ് സൗക്ക്. ഇ-കൊമേഴ്‌സിന്റെ സാധ്യതകള്‍ മനസിലാക്കി മുഹമ്മദ് അലബ്ബാറിന്റെ ഇമാര്‍ മാള്‍സ് 2017 മാര്‍ച്ചില്‍ സൗക്കിന് 800 മില്ല്യണ്‍ ഡോളര്‍ വിലയിട്ടു. എന്നാല്‍ അപ്പോഴേക്കും അതിനേക്കാള്‍ കുറഞ്ഞ തുയക്കാണെങ്കിലും ആമസോണിന്റെ ഏറ്റെടുക്കല്‍ കരാറിന് സൗക്ക് അനുമതി നല്‍കിയിരുന്നു. അങ്ങനെയാണ് ആമസോണിന്റെ ഉടമസ്ഥതയിലേക്ക് സൗക്ക് എത്തിയത്.

റൊണാള്‍ഡോ മൗച്ചവര്‍, സമിഹ് തൗക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് 2005ല്‍ സൗക്കിന് തുടക്കമിട്ടത്. ഏറ്റെടുക്കലിന് ശേഷവും മൗച്ചവര്‍ കമ്പനിയുടെ സിഇഒ ആയി തുടരുന്നു.

നൂണ്‍ ഡോട് കോം: യുഎഇയിലെ പ്രമുഖ സംരംഭകനും ഇമാര്‍ മാള്‍സിന്റെ സാരഥിയുമായ മുഹമ്മദ് അലബ്ബാറിന്റെ ഇ-കൊമേഴ്‌സ് കമ്പനിയാണ് നൂണ്‍. നിലവില്‍ യുഎഇക്ക് പുറമെ സൗദി അറേബ്യയിലും നൂണിന് സാന്നിധ്യമുണ്ട്. സൗദി അറേബ്യയുടെ നിക്ഷേപ സംരംഭമായ പബ്ലിക് ഇന്‍വെസ്റ്റഅമെന്റ് ഫണ്ടിനും നൂണില്‍ നിക്ഷേപമുണ്ട്. ആമസോണിന്റെ ഉടമസ്ഥതയിലുള്ള സൗക്കാണ് നൂണിന്റെ പ്രധാന എതിരാളി.

Comments

comments

Categories: Arabia
Tags: e- commerce, UAE