സംരംഭകത്വത്തില്‍ ആസൂത്രണത്തിന്റെ പ്രാധാന്യം

സംരംഭകത്വത്തില്‍ ആസൂത്രണത്തിന്റെ പ്രാധാന്യം

ഒരു സ്ഥാപനത്തിന്റെ ജീവനാഡിയാണ് ബിസിനസ് പ്ലാന്‍ അഥവാ സംരംഭക ആസൂത്രണം. ഏത് വ്യാപാരം തുടങ്ങുന്നതിന് മുന്‍പും വളരെ അധികം ശ്രദ്ധ നല്‍കേണ്ട വിഷയം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ദര്‍ശനം, ദൗത്യം, വിപണന തന്ത്രങ്ങളുടെ ആസൂത്രണം എന്നിവയാണ് സംരംഭക ആസൂത്രണത്തിന്റെ പ്രധാന ഘടകങ്ങള്‍. വ്യക്തമായ ആസൂത്രണമില്ലാതെയുള്ള എടുത്തുചാട്ടവും അമിത ആത്മവിശ്വാസവും അതാത് മേഖലകളില്‍ ദശാബ്ദങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള വ്യക്തികളുടെ വരെ അടി തെറ്റിക്കുന്നത് കാണാനാവും. അതേ സമയം കൃത്യമായ ആസൂത്രണവും ദര്‍ശനവും ലക്ഷ്യങ്ങളുമായി ഇറങ്ങിത്തിരിക്കുന്ന യുവസംരംഭകര്‍ പോലും നേട്ടം കൊയ്യുന്നു.

കല്യാണ്‍ജി

‘ആസൂത്രണം ഇല്ലാത്ത ലക്ഷ്യ ക്രമീകരണം വെറും ഒരു ആഗ്രഹം മാത്രമായി നിലനില്‍ക്കും’

നമുക്ക് കഴിഞ്ഞ ആഴ്ച പരിചയപ്പെടുത്തിയ വേണുവിലേക്ക് തന്നെ തിരിച്ചു പോകാം. അദ്ദേഹത്തില്‍ നിന്നും എനിക്ക് അറിയേണ്ടി ഇരുന്ന ഒരു പ്രധാന കാര്യം, സംരംഭം തുടങ്ങുന്നതിന് മുന്‍പ് എന്തെങ്കിലും ആസൂത്രണം നടത്തിയിരുന്നോ എന്നതാണ്.

‘എന്ത് ആസൂത്രണം? ഞാന്‍ ഇതേ മേഖലയില്‍ കഴിഞ്ഞ 16 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത ആള്‍ അല്ലെ? എന്റെ ഉള്ളംകൈ പോലെ എനിക്ക് ഈ ബിസിനസ് എന്താണെന്നറിയാം,’ എന്നായിരുന്നു മറുപടി.

എങ്കില്‍ പിന്നെ പരാജയപ്പെട്ടത് എങ്ങനെ?

കുറച്ചു നേരം മൂകനായി ഇരുന്ന ശേഷം അദ്ദേഹം പറഞ്ഞു, ‘ഞാന്‍ വിചാരിച്ച പോലെ അല്ല കാര്യങ്ങള്‍ ഇവിടെ നടന്നത്,’

ബിസിനസ് പ്ലാന്‍ അഥവാ സംരംഭക ആസൂത്രണം ആണ് അപ്പോള്‍ യഥാര്‍ത്ഥ വിഷയം. നിങ്ങള്‍ക്ക് ചുറ്റും ഈ അവസ്ഥയില്‍ പലരെയും തീര്‍ച്ചയായും കാണാന്‍ കഴിഞ്ഞേക്കാം. ശരിയല്ലേ? നമ്മള്‍ ചെയ്ത ജോലിയില്‍ ഉള്ള നൈപുണ്യം മാത്രം വെച്ച് പുതിയ സംരംഭങ്ങള്‍ക്ക് ഇറങ്ങിക്കൂടാ. വേറെ ഒരു രാജ്യത്ത് അല്ലെങ്കില്‍ വേറെ ഒരു വ്യക്തിയുടെ കീഴില്‍ ജോലി ചെയ്ത സാഹചര്യം അല്ല നിങ്ങള്‍ സ്വന്തം സംരംഭം തുടങ്ങുമ്പോള്‍ ഉണ്ടാവുക. സത്യത്തില്‍ ഒരു സ്ഥാപനത്തിന്റെ ജീവനാഡിയാണ് ബിസിനസ് പ്ലാന്‍. ഒരു വ്യാപാരം തുടങ്ങുന്നതിന് മുന്‍പ് വളരെ അധികം ശ്രദ്ധ നല്‍കേണ്ട വിഷയം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.. ഇതില്‍ ഉള്‍ക്കൊള്ളിക്കേണ്ട പ്രധാനപെട്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം;

1. ദര്‍ശനവും ദൗത്യവും (വിഷന്‍ & മിഷന്‍)

എന്താണ് നിങ്ങളുടെ ദര്‍ശനം (Vision)? പുതിയ ഒരു സ്ഥാപനം തുടങ്ങുമ്പോള്‍ അതിലൂടെ നിങ്ങള്‍ എവിടെ എത്തി ചേരണം എന്ന് സ്വപ്നം കാണുന്നുവോ അതാണ് ദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നത്. വലിയ സ്വപ്നങ്ങള്‍ കാണുക; എങ്കിലേ ആ സ്വപ്നത്തിന് അടുത്തെങ്കിലും എത്താന്‍ കഴിയൂ എന്ന തത്വത്തെ അടിസ്ഥാനമാക്കി വേണം വിഷന്‍ അല്ലെങ്കില്‍ ദര്‍ശനം രൂപീകരിക്കേണ്ടത്. എല്ലാം പ്രതീക്ഷിച്ച രീതിയില്‍ സംഭവിക്കുകയാണെങ്കില്‍ നിങ്ങളുടെ സംരംഭം ഈ ലോകത്തെ എങ്ങനെ മാറ്റിമറിക്കും എന്നതിന്റെ സ്വാംശീകരണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് നിങ്ങള്‍ ഏറ്റെടുക്കുന്ന സംരംഭത്തിന്റെ വ്യക്തതയും ഇതിലൂടെ ഭാവിയില്‍ എവിടെ എത്തണം എന്ന കാഴ്ചപ്പാടും ചുരുങ്ങിയ വരികളില്‍ പ്രതിപാദിക്കുക എന്ന് സാരം. ഇത് ഒരിക്കല്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ഇടക്കിടക്ക് മാറ്റാവുന്നതല്ല. എന്ത് കൊണ്ടെന്നാല്‍ ഇതിനെ അടിസ്ഥാനമാക്കിയാണ് എല്ലാ ഭാവി പരിപാടികളും ആസൂത്രണം ചെയ്യുന്നത്.

നിങ്ങളുടെ ദൗത്യം എന്താണ് (Mission)? സംരംഭത്തിലെ ദൈനംദിന ജീവിതത്തില്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ എന്തൊക്കെ ചെയ്യും എന്ന് വിശദമായി പ്രതിപാദിക്കുന്നതാണ് ഈ ഭാഗം. നിങ്ങള്‍ സ്വപ്നം കാണുന്ന രീതിയില്‍ സ്ഥാപനത്തെ അല്ലെങ്കില്‍ സംരംഭത്തെ എത്തിക്കാന്‍ എന്തൊക്കെ ചെയ്യും എന്നുള്ള വ്യക്തമായ കാഴ്ചപ്പാട്. ദര്‍ശനത്തില്‍ നിന്ന് വ്യത്യസ്തമായി പ്രായോഗിക തലത്തില്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് ദര്‍ശനവുമായി ഇഴുകി ചേരുന്നുണ്ടോ എന്ന് വിലയിരുത്തി, വേണ്ട മാറ്റങ്ങള്‍ ദൗത്യത്തില്‍ വരുത്താവുന്നതാണ്. ആത്യന്തികമായി ലക്ഷ്യപ്രാപ്തിയിലേക്ക് എത്താനുള്ള മാര്‍ഗമാണ് ഇതില്‍ പ്രതിപാദിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു വഴി അടയുകയാണെങ്കിലോ അല്ലെങ്കില്‍ വിചാരിച്ച രീതിയില്‍ പുരോഗമിക്കുന്നില്ല എന്ന് കാണുകയാണെങ്കിലോ ദൗത്യത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകാം.

ആശയക്കുഴപ്പത്തിലായോ? എങ്കില്‍ പേടിക്കണ്ട, നിങ്ങള്‍ ഒറ്റക്കല്ല. ഒട്ടു മിക്കവര്‍ക്കും ഇവിടെ എത്തിയാല്‍ ഒരു തലകറക്കം സാധാരണമാണ്. ഇതിനൊപ്പം നല്‍കിയിരിക്കുന്ന പട്ടികയിലൂടെ നമുക്ക് അത് ശരിയാക്കാം.

ദര്‍ശനം (VISION)
ഭാവിയില്‍ എവിടെ എത്തണം എന്ന് സ്വപ്നം കാണുന്നുവൊ അതിന്റെ രത്‌നച്ചുരുക്കം

ദൗത്യം (MISSION)
എവിടെ എത്തണം എന്ന് നിങ്ങള്‍ സ്വപ്നം കാണുന്നുവോ അവിടെ എത്തുവാന്‍ എന്ത് ചെയ്യണം എന്നതിന്റെ സംക്ഷിപ്ത വിവരണം

ഇതിന് BHAG (Big hairy audacious goal ) എന്ന സംവിധാനം വളരെ ഉപകരിക്കും. ഈ തന്ത്രം വലിയ വലിയ സ്വപ്നങ്ങള്‍ കാണുവാന്‍ പ്രചോദനമാകും എന്ന് മാത്രമല്ല സ്വപ്നങ്ങളില്‍ വ്യക്തത വരുത്താനും സഹായിക്കും

2. വിപണന തന്ത്രങ്ങളുടെ ആസൂത്രണം (മാര്‍ക്കറ്റിംഗ് പ്ലാന്‍)

ഇത് പോലെ തന്നെ വളരെ പ്രധാനമാണ് മാര്‍ക്കറ്റിംഗ് പ്ലാന്‍. മാര്‍ക്കറ്റിംഗ്(വിപണനം) എത്ര മാത്രം പ്രധാനമാണ് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ വിപണനവും വ്യാപാരവും (മാര്‍ക്കറ്റിംഗ് & സെയില്‍സ്) എന്നീ വിഭാഗങ്ങളെ ഒന്നായാണ് കണ്ടിരുന്നത്. വിപണനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കഴിഞ്ഞ ഒരു ദശകമായി ഈ വിഭാഗത്തെ പ്രത്യേകമായി തരം തിരിക്കുകയും വിശദമായ ആസൂത്രണം തുടങ്ങുകയും ചെയ്തു. ഏതൊരു ഉല്‍പ്പന്നത്തിന്റെയും സേവനത്തിന്റെയും വിജയത്തിന് കുറ്റമറ്റ വിപണന തന്ത്രങ്ങള്‍ ആണ് പ്രധാനം. മികവാര്‍ന്ന വിപണന തന്ത്രങ്ങള്‍ ഇല്ലെങ്കില്‍ എത്ര മഹത്തായ ഉല്‍പ്പന്നവും വന്‍പരാജയത്തില്‍ കലാശിക്കും. അതുകൊണ്ട് തന്നെ കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞ പോലെ വിപണിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളും (മാര്‍ക്കറ്റ് റിസര്‍ച്ച്) വിപണന തന്ത്രവും ആവിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണ്. ഈ തന്ത്രങ്ങളില്‍ ഏറ്റവും പ്രധാനമാണ് ഡിജിറ്റല്‍ വിപണന തന്ത്രം. 2020 ആകുമ്പോഴേക്കും ഭാരതത്തിലെ ഡിജിറ്റല്‍ വിപണന മൂല്യം 32 % സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (CAGR) ലക്ഷ്യം നേടി 18,986 കോടിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ ഇത് 8,202 കോടി മാത്രമാണെന്ന് ഓര്‍ക്കുക (ഡെന്‍സിസ് ഏജീസ് നെറ്റ്‌വര്‍ക്ക്, ഇക്കണോമിക് ടൈംസ്, ജനുവരി 2018). ഇന്ന് ഡിജിറ്റല്‍ വിപണന തന്ത്രം വെറും ഒരു മാധ്യമം അല്ല. ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഇത് മനസ്സിലാക്കി കൊണ്ട് വേണം വിപണന തന്ത്രം തയാറാക്കാന്‍. ഡിജിറ്റല്‍ വിപണന തന്ത്രങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ഓരോ ഉല്‍പ്പന്നത്തിന്റെയും വിപണിക്കനുസരിച്ചു വേണം തന്ത്രങ്ങള്‍ മെനഞ്ഞെടുക്കാന്‍. ഉദാഹരണത്തിന് ഫാഷന്‍ മേഖലയില്‍ ഉള്ളവര്‍ക്ക് ഏറ്റവും അനുയോജ്യം ഇന്‍സ്റ്റാഗ്രാം, പിന്ററസ്റ്റ് എന്നിവയാണെങ്കില്‍ കണ്‍സള്‍ട്ടിംഗ്, മനുഷ്യ വിഭവ ശേഷി (HR) എന്നീ മേഖലകളില്‍ ഉള്ളവര്‍ക്ക് ലിങ്ക്ഡ്ഇന്‍ പോലെ ഉള്ള സേവനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം.

വളരെ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ്, സംരംഭകര്‍ ഏറെ സൂഷ്മതയോടെ നിരീക്ഷിച്ചു തീരുമാനിക്കേണ്ട തന്ത്രങ്ങള്‍ അല്ലെങ്കില്‍ സ്ട്രാറ്റജി. അടുത്ത ആഴ്ച നമുക്ക് വ്യത്യസ്തമായ തന്ത്രങ്ങളെ കുറിച്ച് മനസ്സിലാക്കാം

(കല്യാണ്‍ജി ബിസിനസ് പരിശീലകനും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റെജി കണ്‍സള്‍ട്ടന്റുമാണ്. അദ്ദേഹത്തെ kalyanaramansubramanian@stratup.co.in എന്ന ഇ മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം)

Comments

comments

Categories: FK News, Slider
Tags: startups