ലാംബ്രെറ്റ ഇന്ത്യയില്‍ തിരിച്ചെത്തുന്നു

ലാംബ്രെറ്റ ഇന്ത്യയില്‍ തിരിച്ചെത്തുന്നു

2020 ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിക്കും

ന്യൂഡെല്‍ഹി : ഇറ്റാലിയന്‍ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ലാംബ്രെറ്റ ഇന്റര്‍നാഷണല്‍ ഇന്ത്യയില്‍ തിരിച്ചെത്തുന്നു. 2020 ല്‍ നടക്കുന്ന അടുത്ത ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ മാതൃക (പ്രോട്ടോടൈപ്പ്) പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. ആഗോളതലത്തില്‍ വില്‍പ്പന നടത്താന്‍ ഉദ്ദേശിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും 2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിന് വെയ്ക്കുന്നത്. ഇന്ത്യന്‍ വിപണിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ആദ്യം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ മാതൃ കമ്പനിയായ ഇന്നസെന്റി തീരുമാനിച്ചിരിക്കുന്നത്.

ഇലക്ട്രിക് ഇരുചക്ര വാഹനം വികസിപ്പിക്കുന്നതിന് ആഗോള കമ്പനിയുമായി സഹകരിക്കുകയാണ് ലാംബ്രെറ്റ. നിലവില്‍ ഇറ്റലിയിലെ മിലാനില്‍ സ്‌കൂട്ടര്‍ വികസിപ്പിച്ചുവരുന്നു. ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഡെല്‍ഹി ആസ്ഥാനമായ ലോഹിയ ഓട്ടോ ലിമിറ്റഡ്, ബേര്‍ഡ് ഗ്രൂപ്പ് എന്നിവയുമായി പങ്കാളിത്തം സ്ഥാപിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ കമ്പനി. അതേസമയം ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേരോ സ്‌പെസിഫിക്കേഷനുകളോ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ മഹാരാഷ്ട്രയിലായിരിക്കും ലാംബ്രെറ്റയുടെ സ്വിസ്സ് മാതൃ കമ്പനിയായ ഇന്നസെന്റി അസംബ്ലി പ്ലാന്റ് സ്ഥാപിക്കുന്നത്. അയല്‍പ്പക്ക രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കുമുള്ള കയറ്റുമതി കേന്ദ്രമായി ഈ പ്ലാന്റ് പ്രവര്‍ത്തിക്കും.

സൂപ്പര്‍ ലാംബ്രെറ്റ എന്ന മറ്റൊരു ഇരുചക്ര വാഹനം വികസിപ്പിക്കുന്നതായും കമ്പനി അറിയിച്ചു. ഇന്ത്യന്‍ ഉപയോക്താക്കളുടെ പ്രത്യേക ആവശ്യങ്ങള്‍ പരിഗണിച്ചാണിത്. നിലവിലെ ലാംബ്രെറ്റ മോഡലുകളേക്കാള്‍ വലുതായിരിക്കും പുതിയ മോഡലെന്ന് ലാംബ്രെറ്റ പ്രസ്താവനയില്‍ അറിയിച്ചു. പ്രീമിയം മോഡലായിരിക്കും സൂപ്പര്‍ ലാംബ്രെറ്റ. അതേസമയം ലാംബ്രെറ്റയുടെ ക്ലാസിക് ലുക്ക് നിലനിര്‍ത്തും. യുവാക്കളെ ഉദ്ദേശിച്ചാണ് സൂപ്പര്‍ ലാംബ്രെറ്റ വികസിപ്പിക്കുന്നതെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

Comments

comments

Categories: Auto
Tags: Lambretta