ഇന്‍പുട് ടാക്‌സ്‌ക്രെഡിറ്റിലൂടെ 200 കോടിയുടെ തട്ടിപ്പ്

ഇന്‍പുട് ടാക്‌സ്‌ക്രെഡിറ്റിലൂടെ 200 കോടിയുടെ തട്ടിപ്പ്

വ്യാജ ബിസിനസുകളുടെ പേരില്‍ ഇന്‍വോയ്‌സുകളും ഇ വേ ബില്ലും കൃത്രിമമായി സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്

ന്യൂഡെല്‍ഹി: മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മെറ്റല്‍ സ്‌ക്രാപ് സംരംഭങ്ങളുടെ പേരില്‍ ചരക്കു സേവന നികുതി(ജിഎസ്ടി)യിലും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിലുമായി 200 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി. കഴിഞ്ഞ ഒന്നര വര്‍ഷ കാലമായി തട്ടിപ്പ് നടക്കുന്നുവെന്നാണ് കേന്ദ്ര ചരക്കുസേവന നികുതി (സിജിഎസ്ടി) മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്.

വ്യാജ ബിസിനസുകളുടെ പേരില്‍ ഇന്‍വോയ്‌സുകളും ഇ വേ ബില്ലും കൃത്രിമമായി സൃഷ്ടിച്ചായിരുന്നു തട്ടിപ്പെന്ന് സിജിഎസ്ടി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി 400 സംരംഭങ്ങളുടെ 1100 കോടി രൂപയുടെ മെറ്റല്‍ സ്‌ക്രാപ്പ് ( ലോഹ ഘടകങ്ങള്‍ )ബിസിനസാണ് പരിശോധിച്ചത്. ഇതില്‍ 200 കോടി രൂപയുടെ നിയമ വിരുദ്ധ നേട്ടം ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിലൂടെ സ്വന്തമാക്കിയെന്നാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ തട്ടിപ്പ് നടന്ന യഥാര്‍ത്ഥ തുക വ്യക്തമാകൂവെന്നും അവര്‍ വിശദീകരിച്ചു.

14 പേരുടെ മൊഴി അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 17 ഇടങ്ങളിലും ഭോപ്പാലില്‍ ഒരിടത്തും ജബാല്‍പൂരില്‍ രണ്ടിടത്തും കഴിഞ്ഞ നാല് ദിവസങ്ങളിലായി റെയ്ഡ് നടന്നുവെന്നാണ് സിജിഎസ്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയില്‍ മുംബൈയില്‍ രണ്ടിടത്തും താനെയില്‍ അഞ്ചിടത്തും റെയ്ഡ് നടന്നിട്ടുണ്ട്. ഗുജറാത്തിലെ ഭവ്ന്‍നഗര്‍ ജില്ലയില്‍ അഞ്ചിടത്താണ് റെയ്ഡ് നടന്നിട്ടുള്ളത്.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ടു മാസങ്ങളിലെ ജിഎസ്ടി സമാഹരണത്തില്‍ 12,000 കോടി രൂപയുടെ ചോര്‍ച്ചയുണ്ടായെന്ന് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇ-വേ ബില്‍ സംവിധാനം അവതരിപ്പിച്ചതിനു ശേഷവും വ്യാപകമായ നികുതി ചോര്‍ച്ച കണ്ടെത്താനായിട്ടുണ്ടെന്നും നികുതിസമാഹരണം കൃത്യമാക്കുന്നതിന് നടപടികള്‍ ആവശ്യമാണെന്നുമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ സ് ( സിബിഐസി) അംഗമായ ജോണ്‍ ജോസഫ് ഒരു പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് പറഞ്ഞത്.

Comments

comments

Categories: FK News