ഇന്ത്യന്‍ 5ജി പരീക്ഷണങ്ങളില്‍ ഹ്വാവെയും പങ്കാളി

ഇന്ത്യന്‍ 5ജി പരീക്ഷണങ്ങളില്‍ ഹ്വാവെയും പങ്കാളി

ന്യൂഡെല്‍ഹി: ഇന്ത്യയിലെ 5ജി പരീക്ഷണങ്ങളില്‍ ഭാഗഭാക്കാകാന്‍ ചൈനീസ് ടെലികോം ഭീമനായ ഹ്വാവെയ്ക്ക് അനുമതി. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പാശ്ചാത്യ ലോകത്ത് ഉയരുന്ന ആശങ്കകള്‍ക്കിടെയാണ് ഇന്ത്യയില്‍ നിന്ന് ആശ്വാസകരമായ നടപടി ഉണ്ടായിരിക്കുന്നത്. നേരത്തെ മുന്‍നിര 5ജി ടെക്‌നോളജി സ്ഥാപനങ്ങളെ സ്വാഗതം ചെയ്തപ്പോള്‍ ഹ്വാവെയ്, സെഡ്ഇടി തുടങ്ങിയ സ്ഥാപനങ്ങളെ ഇന്ത്യ മാറ്റി നിര്‍ത്തിയിരുന്നു.

ഹ്വാവെയ്ക്ക് അയച്ച ക്ഷണക്കത്തില്‍ ഇന്ത്യയിലെ 5ജി പരീക്ഷണങ്ങളില്‍ പങ്കെടുക്കാന്‍ ടെലികോം സെക്രട്ടറി ആവശ്യപ്പെട്ടു. രാജ്യത്തെ ടെലികോം രംഗം വികസിപ്പിക്കുന്നതിന് ഹ്വാവെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇന്ത്യ അഭിനന്ദിച്ചിട്ടുമുണ്ട്. നേരത്തെ ക്ഷണം ലഭിച്ച നോക്കിയ, എറിക്‌സണ്‍, സാംസംഗ് തുടങ്ങിയ കമ്പനികള്‍ സര്‍ക്കാരിന് മുന്നില്‍ 5ജി സാങ്കേതിക പദ്ധതികള്‍ അവതരിപ്പിച്ചുവരികയാണ്.

തട്ടിപ്പും ഉപരോധ നിയമ ലംഘന കുറ്റവും ആരോപിച്ച് ഹ്വാവെയ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെംഗ് വാന്‍ഷുവിനെ കനേഡിയന്‍ പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ചൈനീസ് സൈനിക സ്ഥാപനങ്ങളുമായുള്ള ബന്ധമാണ് ആഗോള തലത്തില്‍ ഹ്വാവെയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങള്‍ അവരുടെ 5ജി സംവിധാനങ്ങളില്‍ ഹ്വാവെയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹ്വാവെയെ കുറിച്ച് ഇന്ത്യ ഇതുവരെ സുരക്ഷാ ആശങ്കകളൊന്നും പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ സുപ്രധാന മേഖലകളിലെ ചൈനീസ് നിക്ഷേപങ്ങള്‍ക്കെതിരെ അലിഖിത നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: Slider, Tech
Tags: huawei

Related Articles