ഇ- കൊമേഴ്‌സ് നിയന്ത്രണം ക്ലേശകരം

ഇ- കൊമേഴ്‌സ് നിയന്ത്രണം ക്ലേശകരം

ഇന്ന് ചില്ലറ വ്യാപാരരംഗത്ത് ഏറ്റവും ഭീഷണി ഉയര്‍ത്തുന്ന ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങളെ പ്രതിരോധിക്കുക പ്രയാസകരമാകുന്നു

ഇ-കൊമേഴ്‌സ് നയം പുനരുജ്ജീവിപ്പിക്കാനുള്ള ചര്‍ച്ചകള്‍ വീണ്ടും സര്‍ക്കാര്‍ തലത്തില്‍ ചൂടുപിടിക്കുകയാണ്. മുമ്പ് സര്‍ക്കാര്‍ തന്നെ നടപ്പാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട നയത്തിന്റെ പുനരുജ്ജീവനത്തിനാണു ശ്രമം. ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങളുടെ തുറുപ്പു ചീട്ടായ പ്രെഡേറ്ററി പ്രൈസിംഗ് (ഇതര കച്ചവടക്കാരില്‍ നിന്ന് വില കുറച്ചുവില്‍ക്കല്‍), ഭീമമായ ഇളവ്, സൗജന്യവില്‍പ്പന തുടങ്ങിയ കോര്‍പ്പറേറ്റ് തന്ത്രങ്ങള്‍ക്കു മൂക്കുകയറിടാനുള്ള നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരുകയാണ് ഉദ്ദേശ്യം. ആമസോണ്‍, ഫഌപ്കാര്‍ട്ട്, പേടിഎം തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചു നിര്‍ത്തുന്ന തന്ത്രങ്ങളാണിവ.

ഫഌപ്പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഇ- കൊമേഴ്‌സ് സൈറ്റുകള്‍ വഴിയുളള വില്‍പ്പനവാഗ്ദാനങ്ങള്‍ നിയന്ത്രിക്കാനുളള വ്യവസ്ഥകളാണ് സര്‍ക്കാര്‍ ഇ-കൊമേഴ്‌സ് നയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇ- കൊമേഴ്‌സ് ബിസിനസുകളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഇന്റര്‍ ടാസ്‌ക് ഫോഴ്‌സാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പല ഘട്ടങ്ങളിലായുളള ചര്‍ച്ചകള്‍ക്കൊടുവില്‍ ഇ- കൊമേഴ്‌സ് നയം രാജ്യത്ത് നടപ്പില്‍ വരുത്തുമെന്നായിരുന്നു പ്രഖ്യാപനം. നയം സമൂലമായോ ഭാഗികമായോ പുതുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

സൗജന്യവാഗ്ദാനങ്ങള്‍, ഫഌഷ് സെയില്‍സ്, അണ്‍ലിമിറ്റഡ് ഓഫറുകള്‍ എന്നിവ നിയന്ത്രിക്കുകയായിരുന്നു ഉദ്ദേശ്യം. ഇവയ്‌ക്കെല്ലാം നിശ്ചിത പരിധികളും ചട്ടങ്ങളും നിര്‍ദേശിക്കുകയും ചെയ്തു. പുതിയ നയത്തില്‍ ഇ- കൊമേഴ്‌സ് മേഖലയിലെ വ്യാപാരത്തിന് ഏതെല്ലാം നികുതികള്‍ നടപ്പാക്കണമെന്ന വ്യക്തമായ വ്യവസ്ഥകളുണ്ടാവും. ഇ- കൊമേഴ്‌സ് ബിസിനസ് സ്ഥാപനങ്ങളെ എങ്ങനെ നിയന്ത്രിക്കണമെന്നും നയത്തിലൂടെ വ്യക്തമാക്കും. ഈ മേഖലയിലെ കിടമത്സരങ്ങള്‍ കുറയ്ക്കുക, വിദേശ നിക്ഷേപത്തിനുളള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്നിവയെപ്പറ്റി പുതിയ നയം വ്യക്തമായ നിര്‍വചനം നല്‍കും.

രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയെ സോഫ്റ്റ്ബാങ്ക്, ആലിബാബ, വാള്‍മാര്‍ട്ട്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയ ആഗോള ഭീമന്മാര്‍ ലക്ഷ്യമിട്ടതോടെയാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ വരവോടെ ചില്ലറവ്യാപാരമേഖലയില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടായിരിക്കുന്നുവെന്നത് നിസ്തര്‍ക്കമാണ്. ആളുകളുടെ പ്രതികരണം ഇത് വ്യക്തമാക്കുന്നു. യൂറോപ്പിലും വടക്കേ അമേരിക്കയിലും കഴിഞ്ഞവര്‍ഷം 15 ശതമാനമാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് വളര്‍ച്ച നേടിയത്.

രാജ്യത്തെ ചെറുകിട,വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണെങ്കിലും, ഇ കൊമേഴ്‌സ് കമ്പനികള്‍ ഒരു പരിധി വരെ ഇന്ത്യയിലെ കമ്പനി നിയമങ്ങള്‍ക്ക് വെളിയിലാണ്. റീട്ടെയില്‍ രംഗത്തെ 49% എഫ്ഡിഐ പരിധി ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് ബാധകമല്ല. ഇന്ത്യന്‍ ആമസോണിന്റെ 100% ഓഹരികളും കൈയ്യാളുന്നത് അവരുടെ മാതൃസ്ഥാപനമായ ആമസോണ്‍ അമേരിക്കയാണ്. സ്നാപ്ഡീല്‍ ഓഹരികള്‍ കൈവശം വച്ചിരിക്കുന്നത് ജപ്പാനിലെ സോഫ്റ്റ് ബാങ്കും ചൈനീസ് റീട്ടെയില്‍ ഭീമനായ അലിബാബയുമാണ്.

പുതിയ നയത്തില്‍ ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനും അവസരമുണ്ടാകും. ഇ-കൊമേഴ്‌സ് മേഖലയ്ക്കാകെ പുതിയ നിയമം ബാധകമാകും. എന്നാല്‍ ഇ-കൊമേഴ്‌സ് ബ്രാന്‍ഡുകളെ ഇതുകൊണ്ട് ശക്തമായി പിടിച്ചുനിര്‍ത്താനാകുമോയെന്നു സംശയിക്കണം. ഇ-കൊമേഴ്‌സ് രംഗത്തെ കൈകാര്യം ചെയ്യുന്നതിലുള്ള വെല്ലുവിളികളെപ്പറ്റി സര്‍ക്കാര്‍ സത്യത്തില്‍ ബോധവാന്മാരല്ല. സാധാരണ ചില്ലറവില്‍പ്പനക്കാരേക്കാള്‍ അനേകമിരട്ടി സംഭരണ കേന്ദ്രങ്ങള്‍ ഓണ്‍ലൈന്‍ റീറ്റെയ്‌ലര്‍മര്‍ക്കുണ്ട്. അതിനാല്‍ അവരുടെ വിലനിര്‍ണയം സൂക്ഷ്മനിരീക്ഷണ വിധേയമാക്കുകയെന്നത് തലവേദന പിടിച്ച ജോലിയാണ്. അവര്‍ അതിന് ഉപയോഗിക്കുന്ന മാര്‍ഗങ്ങളും അജ്ഞാതമായിരിക്കും. സര്‍ക്കാരിനല്ല മറ്റ് ഏതുസംവിധാനത്തിനും ഇവരുടെ വിലവര്‍ദ്ധന നിയന്ത്രിക്കുക അസാധ്യമാണ്.

ഇത്തരമൊരു സാഹചര്യത്തില്‍, ഒരു നിശ്ചിതവിലയില്‍ കുറച്ച് വില്‍ക്കാന്‍ കഴിയില്ലെന്ന കാര്യം മാത്രമേ ഗവണ്‍മെന്റിന് ഓണ്‍ലൈന്‍ സൈറ്റുകളോട് ആവശ്യപ്പെടാനാകൂ. എന്നിരുന്നാലും, ഇതും ശരിയായ ഒരു ബിസിനസ്സ് കാഴ്ചപ്പാടില്‍ അസാധ്യമാണ്. വിലനിര്‍ണയം സര്‍ക്കാരിന്റെ ജോലിയല്ല. ആവശ്യവും വിതരണവും എല്ലാം ചേരുന്ന സ്വാഭാവിക സാമ്പത്തികപ്രക്രിയയാണിത്. ഓണ്‍ലൈന്‍ റീറ്റൈലര്‍മാര്‍ അവരുടെ വെബ്‌സൈറ്റുകളില്‍് വില്‍പ്പന നടത്തുന്നതില്‍ സര്‍ക്കാരിന് ഇടപെടാന്‍ എന്താണ് അവകാശമെന്ന ചോദ്യവുമുയരുന്നു. സത്യത്തില്‍ ഇ-കൊമേഴ്‌സ് നയത്തിന്റെ പുനരുജ്ജീവനം ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനികളെ സംരക്ഷിക്കുന്നതിന് എന്തെങ്കിലും സംഭാവന ചെയ്യുമോ എന്നു മാത്രമേ നോക്കാനാകൂ.

മുന്‍കാല സംരക്ഷണവാദ നയങ്ങളെ പരിപോഷിപ്പിക്കാന്‍ മാത്രമേ അതു കൊണ്ട് സാധിക്കുകയുള്ളൂ. എന്നാല്‍ ആഗോളസാമ്പത്തികരംഗത്ത് ഇത് കാലഹരണപ്പെട്ടിരിക്കുന്നുവെന്നതാണ് വാസ്തവം. സംരക്ഷണവാദമല്ല, മല്‍സരമാണ് ലോകസാമ്പത്തികക്രമത്തെ ഇന്നു നയിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്നതും സംരക്ഷണവാദത്തെ മുറുകെപ്പിടിക്കുന്നതിനാലാണെന്നോര്‍ക്കണം. ഏതാനും മാസങ്ങള്‍ക്കുമുമ്പ് സര്‍ക്കാര്‍ ഇ- കൊമേഴ്‌സ് സ്ഥാപനങ്ങളുടെ പ്രെഡേറ്ററി പ്രൈസിംഗിനെതിരേ ഒരു നിയമം കൊണ്ടുവരുന്നത് പരിഗണിച്ചിരുന്നു.

ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുപോരുന്ന വിലക്കിഴിവുകളില്‍ മാറ്റങ്ങളിലുണ്ടാവുമെങ്കിലും, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്ന തരത്തിലാവും നയം സര്‍ക്കാര്‍ നടപ്പാക്കുക. സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ച നിര്‍ദേശങ്ങളോട് കമ്പനികളും പൊതുജനങ്ങളും ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ഇത്തരം വെബ് സൈറ്റുകള്‍ വഴി വില്‍ക്കുന്നത് ഇന്ത്യയില്‍ നിര്‍മിച്ചവയാകണമെന്നുള്ളതടക്കമുള്ള പ്രസ്താവനകളോടായിരുന്നു എതിര്‍പ്പ്. ഇതേത്തുടര്‍ന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍ (ഡിഐപിപി) ഇ-കൊമേഴ്‌സ് പോളിസി ഒരു പുതിയ കരട് തയ്യാറാക്കിയത്. മറ്റൊരു വിധത്തില്‍ നോക്കിയാല്‍ ഇ- കൊമേഴ്‌സ് സ്ഥാപനങ്ങള്‍ നല്‍കുന്ന സൗജന്യങ്ങളുടെ ന്യായാന്യായങ്ങള്‍ വേര്‍തിരിച്ചു പറയുക പ്രയാസമാണ്. ഉപഭോക്താക്കളെ നിര്‍ബന്ധിക്കാനോ നഷ്ടം വരില്ലെന്ന് ഉറപ്പു നല്‍കാനോ ആകില്ല.

സര്‍ക്കാരിന് ഒരു ബിസിനസിനെ ലാഭ-നഷ്ടാടിസ്ഥാനത്തില്‍ പ്രോല്‍സാഹിപ്പിക്കാനോ നിരുല്‍സാഹപ്പെടുത്താനോ കഴിയില്ല. ഉപഭോക്താക്കള്‍ക്കും അത് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. വിലകുറച്ച് സാധനങ്ങള്‍ വില്‍ക്കരുതെന്ന് നിര്‍ദേശിക്കാന്‍ മാത്രമേ കഴിയൂ, അതിന്റെ നിര്‍ത്ഥകതയും പറഞ്ഞു കഴിഞ്ഞല്ലോ. ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണ്ണയത്തില്‍ പരിധി നിശ്ചയിക്കുന്നതില്‍ ഗവണ്‍മെന്റിന്റെ പങ്ക് ചര്‍ച്ചചെയ്യപ്പെടുമ്പോള്‍, ഉപഭോക്താക്കളെ വിലക്കിഴിവുകള്‍ സ്വാധീനിക്കുന്നുണ്ടോ തട്ടിപ്പുകളോ നിയമവിരുദ്ധ ഇടപാടോ നടന്നിട്ടുണ്ടോ എന്നാണു പരിശോധിക്കേണ്ടതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇടപാടുകളുടെ ഇത്തരം വശങ്ങള്‍ തെളിയിക്കാന്‍ വളരെ പ്രയാസമാണ്. ഉപഭോക്താക്കള്‍ക്ക് പ്രശ്‌നമുണ്ടാകുകയോ വാഗ്ദാനം ചെയ്യപ്പെട്ട നിലവാരം ഉല്‍പ്പന്നത്തിന് ഇല്ലാതാകുകയോ ആണെങ്കില്‍ സര്‍ക്കാരിന് തീര്‍ച്ചയായും ഇടപെടാം. രാജ്യത്തെ ഉപഭോക്തൃനിയമങ്ങള്‍ അത് അനുശാസിക്കുകയും ചെയ്യുന്നു. ഇത്തരം നിമയപ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് എന്തെങ്കിലും ചെയ്യുന്നതാകും ഈ വിഷയത്തില്‍ അഭികാമ്യം. ഷോപ്പിംഗ് ശീലത്തിലെ ദ്രുതഗതിയിലുള്ള മാറ്റമാണ് ആമസോണ്‍, ഫഌപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിംഗുകളിലെ വില്‍പ്പന വര്‍ധിപ്പിക്കുന്നത്. അതേ സമയം ഓഫ്‌ലൈന്‍ ചില്ലറവിപണിയില്‍ തുടര്‍ച്ചയായ തകര്‍ച്ചയാണു കാണപ്പെടുന്നത്.

ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ നിയമപരിരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ചട്ടങ്ങളും നിര്‍ദേശങ്ങളും അനുസരിച്ചാണു തങ്ങള്‍ ബിസിനസ്സ് നടത്തുന്നതെന്ന് അവര്‍ പറയുന്നു. അതിനാല്‍ അവരെ കുറ്റപ്പെടുത്താന്‍ പ്രയാസമാണ്. കൂടാതെ, രാജ്യത്തെ സാധാരണ ചില്ലറ വില്‍പനശാലകള്‍ക്ക് ആഗോള ഓണ്‍ലൈന്‍ ബ്രാന്‍ഡുകളായ ആമസോണ്‍, ഫഌപ്കാര്‍ട്ട്, പേടിഎം തുടങ്ങിയവയ്ക്കു നേരെ ചെറുവിരല്‍ അനക്കാനാകില്ലെന്നും എല്ലാവര്‍ക്കുമറിയാം. അവര്‍ നല്‍കുന്ന ഭീമമായ വിലക്കിഴിവുകളും സൗജന്യങ്ങളും നല്‍കിയാല്‍ അത് ഇന്ത്യന്‍ ചില്ലറവ്യാപാരമേഖലയുടെ നടുവൊടിക്കും.

എന്നാല്‍ ഓണ്‍ലൈന്‍ ചില്ലറവില്‍പ്പനക്കാരുടേത് കുറ്റമറ്റ സേവനങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് പൂര്‍ണമായും ഉറപ്പിക്കാനാകില്ലെന്ന് ആഗോള തലത്തിലുള്ള ചില റിപ്പോര്‍ട്ടുകളെങ്കിലും പറയുന്നു. ആഗോളപ്രശസ്തമായ വെബ്‌സൈറ്റുകള്‍ പോലും തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ അലംഭാവം കാണിക്കുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിയമം നിങ്ങളുടെ ഭാഗത്തു തന്നെയാണെങ്കിലും, വെബ്‌സൈറ്റുകള്‍ ഉപഭോക്താക്കളുടെ അവകാശം സംബന്ധിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതായി കാണുന്നു.

സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്കു ഉറപ്പായും ലഭ്യമാക്കാന്‍ പരിശ്രമിക്കുന്നില്ലെന്നു മാത്രമല്ല, ഉപഭോക്താക്കളെ കുറ്റപ്പെടുത്താന്‍ പോലും ചിലയവസരങ്ങളില്‍ തുനിയുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നം ലഭിക്കുമെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം ചില്ലറവില്‍പ്പനക്കാരനു തന്നെയാണ്. വിതരണകമ്പനിക്കെതിരേ പരാതി ചെയ്യാനുള്ള വാതിലും ഉപയോക്താവിനു മുമ്പില്‍ തുറന്നു തന്നെയിരിക്കുന്നു. ജീവനക്കാരുടെ മോശം പെരുമാറ്റം, പാഴ്‌സലുകള്‍ക്കു വന്ന കേടുപാടുകള്‍, അല്ലെങ്കില്‍ ഉല്‍പ്പന്നം കൈമാറാന്‍ ഇടയാക്കിയ കാലതാമസം എന്നിവയെക്കുറിച്ച് വിതരണക്കാര്‍ക്കു പരാതി നല്‍കാനുള്ള വാതിലുകള്‍ തുറന്നു തന്നെയാണിരിക്കുന്നത്.

നയത്തിന്റെ കരടിന് രൂപം നല്‍കാന്‍ ഒരു ടാസ്‌ക് ഫോഴ്സിന് വാണിജ്യമന്ത്രാലയം രൂപം നല്‍കിയിരിക്കുന്നു. കേന്ദ്ര വാണിജ്യ മന്ത്രി അധ്യക്ഷനായ സമിതിയില്‍ വാണിജ്യ, ആഭ്യന്തര, ധനകാര്യ, കമ്പനികാര്യ, ഇലക്ട്രോണിക്സ് മന്ത്രാലയങ്ങളില്‍നിന്നുള്ള ഉന്നതോദ്യോഗസ്ഥരും അടങ്ങുന്നു. ഇ- കൊമേഴ്‌സ് രംഗത്തെ പ്രമുഖരെയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഭാരതി എന്റര്‍പ്രൈസസ്, റിലയന്‍സ് ജിയോ, ടി.സി.എസ്., വിപ്രോ, ഒല, സ്നാപ്ഡീല്‍, മേക്ക് മൈ ട്രിപ്, അര്‍ബന്‍ ക്ലാപ്, ജസ്റ്റ് ഡയല്‍, പെപ്പര്‍ഫ്രൈ, പ്രാക്ടോ എന്നിവയുടെ മേധാവികളാണ് വ്യവസായ മേഖലയെ പ്രതിനിധീകരിക്കുന്നത്.

എന്നാല്‍, ഇ-കൊമേഴ്‌സ് ബിസിനസ് രംഗത്തെക്കുറിച്ച് അറിവുള്ളവരെക്കൂടി ഉള്‍പ്പെടുത്തി സാധാരണ (ഓഫ് ലൈന്‍) ചില്ലറവ്യാപാരരംഗത്തെ സംരക്ഷിക്കാന്‍ നയ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ഒരു സമിതി കൂടി രൂപീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെയെങ്കില്‍, ചില്ലറവ്യാപാരരംഗത്ത് രണ്ടു വിഭാഗത്തിന്റെയും നിലനില്‍പ്പ് ഉറപ്പാക്കാനാകുന്ന മെച്ചപ്പെട്ട ഒരു ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ വാദം. ഇത്തരമൊരു സ്ഥിതവിശേഷം സംജാതമാക്കേണ്ടത് അത്യാവശ്യമാണ്. പകരം, ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത് രാഷ്ട്രീയലാക്കോടെയുള്ള ഒരു സമിതിയാണെന്ന് അവര്‍ പറയുന്നു. ചെറുകിട വ്യാപാരികളും ചില്ലറ വില്‍പ്പനക്കാരുമാണ് വോട്ട്ബാങ്കില്‍ വലിയൊരു വിഭാഗം.

Comments

comments

Tags: e- commerce