നിര്‍മാണ അവശിഷ്ടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി കുറയ്ക്കും

നിര്‍മാണ അവശിഷ്ടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി കുറയ്ക്കും

ന്യൂഡെല്‍ഹി: നിര്‍മാണ, ഇടിച്ചുപൊളിക്കല്‍ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന വലിയ അവശിഷ്ടങ്ങളുടെ പുനരുപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നികുതിയില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നു. റീസൈക്ക്ള്‍ ചെയ്ത നിര്‍മാണ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കുള്ള ചരക്ക് സേവന നികുതി ( ജിഎസ്ടി) 5 ശതമാനമാക്കി കുറയ്ക്കാനാണ് നീക്കം നടക്കുന്നത്.

ഇടിച്ചു പൊളിക്കലുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും അവശിഷ്ടങ്ങള്‍ റീസൈക്കിള്‍ ചെയ്ത് നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് ബ്രോക്കുകള്‍, ഇഷ്ടികകള്‍ എന്നിവയ്‌ക്കെല്ലാം നിലവില്‍ 18 ശതമാനം ജിഎസ്ടി ആണ് ഈടാക്കുന്നത്. പ്രകൃതി സ്രോതസുകളെ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുന്നതിനും നിര്‍മാണ അവശിഷ്ടങ്ങള്‍ പരമാവധി ഇല്ലാതാക്കുന്നതിനുമായി റീസൈക്കിള്‍ ചെയ്ത ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നാണ് കേന്ദ്ര ഭവന- നഗരകാര്യ മന്ത്രാലയം വിലയിരുത്തുന്നത്. മന്ത്രാലയത്തിനു കീഴിലുള്ള നിര്‍മാണങ്ങളില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. പരമ്പരാഗത ഇഷ്ടികകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്നതും മതിയായ കരുത്തുള്ളതുമാണ് റൈസൈക്കിള്‍ ചെയ്ത് നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍.

രാജ്യ തലസ്ഥാനമായ ഡെല്‍ഹി അഭിമുഖീകരിക്കുന്ന ഗുരുതരമായ അന്തരീക്ഷ മലിനീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഇടിച്ചു പൊളിക്കലുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും അവശിഷ്ടങ്ങള്‍. 6,000-7,000 ടണ്‍ അവശിഷ്ടങ്ങളാണ് ഇത്തരത്തില്‍ ഒരു ദിവസം രാജ്യ തലസ്ഥാനത്ത് സൃഷ്ടിക്കപ്പെടുന്നതെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് മൊത്തം സൃഷ്ടിക്കപ്പെടുന്ന ഖരമാലിന്യങ്ങളില്‍ മൂന്നില്‍ ഒന്ന് ഈ വിഭാഗത്തിലാണ്.

ജിഎസ്ടിയില്‍ കുറവു വരുത്തുന്നതിനായി ധനകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നാണ് ഭവന- നഗരകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. നിലവില്‍ പരമ്പരാഗത ഇഷ്ടികകള്‍ക്ക് 5 ശതമാനം നികുതി മാത്രമാണുള്ളത്. നികുതി അതിനു സമാനമാക്കുന്നത് റീസൈക്കിള്‍ ചെയ്ത് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: FK News
Tags: GST