ആര്‍ബിഐയില്‍ നിന്നും വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രം

ആര്‍ബിഐയില്‍ നിന്നും വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രം

നിലവില്‍ ദേനാ ബാങ്കിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ലയനത്തിനുശേഷം പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ ആര്‍ബിഐ വിശദീകരണം നല്‍കും

ന്യൂഡെല്‍ഹി: ബാങ്ക് ഏകീകരണ നടപടികള്‍ വേഗത്തിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ബാങ്ക് ഓഫ് ബറോഡ, ദേനാ, വിജയ ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട് ചില വിവരങ്ങളും സര്‍ക്കാര്‍ കേന്ദ്ര ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ ദേനാ ബാങ്ക് ആര്‍ബിഐയുടെ തിരുത്തല്‍ നടപടി (പിസിഎ) ചട്ടങ്ങള്‍ക്കുകീഴിലാണുള്ളത്. സാമ്പത്തിക ആരോഗ്യം ഉറപ്പാക്കുന്നതുവരെ വായ്പ നല്‍കുന്നതിനും ബാങ്കിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്കിന്റെ മൂലധന ആവശ്യകതയുമായി ബന്ധപ്പെട്ടതടക്കമുള്ള റെഗുലേറ്ററി വിവരങ്ങള്‍ കേന്ദ്ര ബാങ്ക് സര്‍ക്കാരിന് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ദേനാ ബാങ്കിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ലയനത്തിനുശേഷം പിന്‍വലിക്കുമോ എന്ന കാര്യത്തിലും ആര്‍ബിഐ വിശദീകരണം നല്‍കും. സാമ്പത്തികമായി മികച്ച പ്രകടനം നടത്തുന്ന ബാങ്കുകളാണ് ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും. അതുകൊണ്ട്, സാമ്പത്തികാരോഗ്യം ദുര്‍ബലമായ ദേനാ ബാങ്കുമായുള്ള ലയനത്തോടെ ഉണ്ടായേക്കാവുന്ന ആഘാതം ഈ ബാങ്കുകള്‍ക്ക് ഉള്‍കൊള്ളാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷം തന്നെ ലയനം പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബറിലാണ് ബറോഡ, ദേനാ, വിജയ ബാങ്കുകളുടെ ലയനത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയത്. മികച്ച സാമ്പത്തികാരോഗ്യമുള്ള ശക്തമായ ഏതാനും ചില ബാങ്കുകള്‍ മാത്രമായി ഇന്ത്യന്‍ ബാങ്കിംഗ് രംഗം ഏകോപിപ്പിക്കാനാണ് ലയന നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുടെ വായ്പാ ശേഷി വര്‍ധിപ്പിക്കാനും വിഭവങ്ങളുടെ പരമാവധി ഉപയോഗം ഉറപ്പുവരുത്താനുമാണ് സര്‍ക്കാര്‍ ഇതുകൊണ്ടുദ്ദേശിക്കുന്നത്.

രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കാണ് വിജയ, ദേനാ, ബറോഡ ബാങ്കുകള്‍ ഒന്നാകുന്നതോടെ സൃഷ്ടിക്കപ്പെടുക. 14.8 ലക്ഷം കോടി രൂപയുടെ ബിസിനസ് ലയന സംരംഭത്തിനുണ്ടാകും. ജൂണ്‍ 30 ബാങ്കുകളുടെ നില അനുസരിച്ച് 8.4 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 6.4 ലക്ഷം കോടി രൂപയുടെയും വായ്പയും 85,675 ജീവനക്കാരും ലയന സംരംഭത്തിനുണ്ടാകും. ലയനം ഒരു ബാങ്കിലും തൊഴില്‍ നഷ്ടമുണ്ടാക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ബാങ്കിന്റെ പ്രവര്‍ത്തന ക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനും ലയനം വഴിയൊരുക്കുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

Comments

comments

Categories: FK News
Tags: RBI