ബാങ്ക് ഓഫ് ബറോഡയുടെ മൂന്ന് വിദേശ ശാഖകള്‍ അടച്ചുപൂട്ടും

ബാങ്ക് ഓഫ് ബറോഡയുടെ മൂന്ന് വിദേശ ശാഖകള്‍ അടച്ചുപൂട്ടും

മൊത്തം 50 വിദേശ ശാഖകളാണ് ബാങ്ക് ഓഫ് ബറോഡയ്ക്കുള്ളത്

ന്യൂഡെല്‍ഹി: പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയുടെ മൂന്ന് വിദേശ ശാഖകള്‍ ജൂണ്‍ മാസത്തോടെ അടച്ചുപൂട്ടും. ബാങ്കുകളുടെ പ്രവര്‍ത്തന ചെലവ് ചുരുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ലാഭത്തിലല്ലാത്ത വിദേശ ശാഖകളുടെ എണ്ണം കുറയ്ക്കാനും വിദേശ ഓഫീസുകളുടെ കാര്യക്ഷമതയും ലാഭശേഷിയും വര്‍ധിപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് മൂന്ന് വിദേശ ശാഖകള്‍ അടച്ചുപൂട്ടുന്നതെന്ന് ബാങ്ക് ഓഫ് ബറോഡ റെഗുലേറ്ററി രേഖയില്‍ വ്യക്തമാക്കി.

ഗുയാന, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, ഗാന എന്നിവിടങ്ങളിലെ ശാഖകളുടെ പ്രവര്‍ത്തനമാണ് അടുത്ത വര്‍ഷം ജൂണ്‍ 30ഓടെ അവസാനിപ്പിക്കുക. 75.31 കോടി രൂപയാണ് ഗാന ബിസിനസില്‍ നിന്നുള്ള ബാങ്കിന്റെ വരുമാനം. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ ശാഖയില്‍ നിന്നും 23.90 കോടി രൂപയുടെയും ഗുയാന ബിസിനസില്‍ നിന്ന് 26.38 കോടി രൂപയുടെയും വരുമാനമുണ്ടെന്നാണ് ബാങ്ക് ഓഫ് ബറോഡ പറയുന്നത്. എന്നാല്‍, ഏത് കാലയളവിലെ വരുമാന കണക്കുകളാണിതെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടില്ല.

ബാങ്കിംഗ് മേഖല ശുദ്ധീകരിക്കുന്നതിനും ഉത്തരവാദിത്തമുള്ളതാക്കി മാറ്റുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണ് പൊതുമേഖലാ ബാങ്കുകളുടെ ശാഖകള്‍ യുക്തിപരമായി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനം. 2018 ജനുവരി 31ലെ കണക്കനുസരിച്ച് പൊതുമേഖല ബാങ്കുകള്‍ക്ക് മൊത്തം 165 വിദേശ ശാഖകളാണ് ഉണ്ടായിരുന്നത്. ഇതിനുപുറമെ ബാങ്കുകളുടെ മറ്റ് അനുബന്ധ സംരംഭങ്ങളും സംയുക്ത സംരംഭങ്ങളും മറ്റ് ഓഫീസുകളും വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഏറ്റവും കൂടുതല്‍ വിദേശ ശാഖകളുള്ളത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ്, 52 എണ്ണം. 50 വിദേശ ശാഖകളുമായി ബാങ്ക് ഓഫ് ബറോഡയാണ് രണ്ടാം സ്ഥാനത്തുള്ളത്. ബാങ്ക് ഓഫ് ഇന്ത്യക്ക് 29 വിദേശ ശാഖകളുണ്ട്. യുകെയിലാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് ഏറ്റവും കൂടുതല്‍ ശാഖകളുള്ളത്, 32 എണ്ണം. ഹോങ്കോംഗ്, യുഎഇ എന്നിവിടങ്ങളില്‍ 13 ശാഖകള്‍ വീതവും സിംഗപ്പൂരില്‍ 12 ശാഖകളുമാണുള്ളത്. ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ ബാങ്കുകളുടെ അന്താരാഷ്ട്ര സാന്നിധ്യത്തെ ബാധിക്കാത്ത വിധം 35 വിദേശ ശാഖകളുടെ പ്രവര്‍ത്തനം പൊതുമേഖലാ ബാങ്കുകള്‍ ഏകോപിപ്പിക്കുമെന്ന് മാര്‍ച്ചില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജിവ് കുമാര്‍ പറഞ്ഞിരുന്നു.

Comments

comments

Categories: Banking