ആഘോഷങ്ങളില്‍ മറഞ്ഞിരിക്കുന്ന ‘വില്ലന്‍’

ആഘോഷങ്ങളില്‍ മറഞ്ഞിരിക്കുന്ന ‘വില്ലന്‍’

ഹൃദ്രോഗ സാധ്യത ഏറ്റവും ഉച്ചസ്ഥായിയില്‍ എത്തുന്ന സമയമാണ് ആഘോഷവേളകളെന്ന് വിലയിരുത്തല്‍

ആഘോഷത്തിന്റെ ക്രിസ്മസ് രാവിങ്ങെത്തിക്കഴിഞ്ഞു. സര്‍വലോകരും സന്തോഷത്തിലാറാടുമ്പോള്‍ മറനീക്കി ഹൃദയാഘാതം പുറത്തുവരുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. വൈകാരികത വളരെയേറെ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍, പ്രത്യേകിച്ച് പ്രായമേറിയവരും രോഗികളും കരുതലെടുക്കണമെന്നാണ് ഗവേഷക പക്ഷം. ഹൃദ്രോഗ സാധ്യത ഏറ്റവും ഉച്ചസ്ഥായിയില്‍ എത്തുന്ന സമയമാണിതെന്നാണ് വിലയിരുത്തല്‍.

സ്വീഡനിലെ രണ്ട് സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രിസ്മസ് വേളയില്‍ ഏതാണ്ട് രാത്രി 10 മണി സമയത്ത് ഹൃദയാഘാത സാധ്യത 37 ശതമാനമായി ഉയരുന്നുണ്ടെന്നാണ് ഇവരുടെ നിഗമനം. 75 വയസിന് മുകളിലുള്ള പ്രമേഹവും ഹൃദയാരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്നവരിലാണ് കൂടുതല്‍ അപകട സാധ്യത ഒളിഞ്ഞിരിക്കുന്നത്. ദി ബിഎംജെ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനം ക്രിസ്മസ് കാലഘട്ടത്തില്‍ ഈ ദുര്‍ബല വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ബോധവല്‍ക്കരണം നടത്തേണ്ടതിന്റെ ആവശ്യകതയും നിര്‍ദ്ദേശിക്കുന്നുണ്ട്.

ദേശീയ അവധി ദിവസങ്ങള്‍, പ്രധാന കായിക മേളകള്‍ എന്നീ വേളകളിലെ ദിവസത്തിലെ ഏതാനും മണിക്കൂറുകളോ ആഴ്ചയിലെ ചില ദിവസങ്ങളോ ഹൃദയാഘാത സാധ്യതകളേറുന്ന സമയങ്ങളായി ഗവേഷകര്‍ വിലയിരുത്തുന്നുണ്ട്. അവധി ദിവസങ്ങളുടേയും കായിക മേളകളുടേയും രണ്ടാഴ്ച മുന്‍പും ശേഷവും നിയന്ത്രണ സമയമായി സജ്ജമാക്കിയിരിക്കുന്നു.

ഇതുകൂടാതെ പുതുവര്‍ഷം, മധ്യവേനല്‍ അവധികള്‍, അതിരാവിലെകള്‍, തിങ്കളാഴ്ച പുലര്‍ച്ചെ തുടങ്ങിയതും ഈ വിഭാഗത്തില്‍ പെടുന്നതാണ്. എന്നാല്‍ ഈസ്റ്റര്‍ ദിനം ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. നിയന്ത്രണ കാലയളവിനെ അപേക്ഷിച്ച് പ്രധാനമായും ക്രിസ്മസ്, മധ്യവേനല്‍ അവധി ദിനങ്ങള്‍ എന്നിവയുടെ അപകട സാധ്യത യഥാക്രമം 15 ശതമാനവും 12 ശതമാനവുമാണ്.

ഇതൊരു നിരീക്ഷണ പഠനമായതിനാല്‍ കാരണവും പ്രഭാവവും സംബന്ധിച്ച് ദൃഢമായ ഒരു നിഗമനം കൈക്കൊള്ളല്‍ സാധ്യമല്ലെന്നാണ് ഗവേഷകര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Comments

comments

Categories: Health
Tags: heart health