ഉര്‍ജിത് പട്ടേലിന്റെ രാജി അപകടത്തിലാകുന്നത് ആര്‍ബിഐയുടെ വിശ്വാസ്യത

ഉര്‍ജിത് പട്ടേലിന്റെ രാജി അപകടത്തിലാകുന്നത് ആര്‍ബിഐയുടെ വിശ്വാസ്യത

നോര്‍ത്ത് ബ്ലോക്കും മിന്റ് സ്ട്രീറ്റും തമ്മില്‍ ആഴ്ചകള്‍ നീണ്ടു നിന്ന വൈര്യം ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിയില്‍ കലാശിച്ച സാഹചര്യത്തില്‍ ഇത്തവണ വിഷയം വ്യത്യസ്തമാണ്

സര്‍ക്കാരും കേന്ദ്ര ബാങ്കും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ ഏത് സമ്പദ് വ്യവസ്ഥയിലും സാധാരണമാണ്. ഇരു സ്ഥാപനങ്ങളുടെയും വൈരുദ്ധ്യാത്മകമായ ഉത്തരവാദിത്തങ്ങളുടെ ഒരു പ്രതീക്ഷിത ഫലമാണിത്. സര്‍ക്കാര്‍ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യപൂര്‍ണമായ വളര്‍ച്ച നിലനിര്‍ത്തുന്നതും കേന്ദ്ര ബാങ്ക് വില സ്ഥിരത ഉറപ്പുവരുത്തുന്നതും ഉത്തരവാദിത്തമാക്കിയെടുത്ത് പ്രവര്‍ത്തിക്കുന്നു. വില സ്ഥിരത ഉറപ്പാക്കുക എന്നത് ചില സമയത്ത് വളര്‍ച്ചാ പ്രതീക്ഷകള്‍ മങ്ങുന്നതിന് ഇടയാക്കിയേക്കാം. എന്നിരുന്നാലും, നോര്‍ത്ത് ബ്ലോക്കും മിന്റ് സ്ട്രീറ്റും തമ്മില്‍ ആഴ്ചകള്‍ നീണ്ടു നിന്ന വൈര്യം ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിയില്‍ കലാശിച്ച സാഹചര്യത്തില്‍ ഇത്തവണ വിഷയം വ്യത്യസ്തമാണ്.

സാഹചര്യത്തിന്റെ ഭീകരത അടിവരയിടാന്‍, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ രണ്ടാം തവണ മാത്രമാണ് ഒരു ആര്‍ബിഐ ഗവര്‍ണര്‍ക്ക് രാജി വെക്കേണ്ടി വരുന്നത് എന്ന് ചൂണ്ടിക്കാട്ടേണ്ടതുണ്ട്. 1957ല്‍ അന്നത്തെ ധനമന്ത്രി ടിടി കൃഷ്ണമാചാരി (ടിടികെ)യുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ആര്‍ബിഐ ഗവര്‍ണര്‍ സര്‍ ബെനഗല്‍ രാമ റാവു രാജിവെക്കേണ്ടി വന്നതാണ് നേരത്തെയുണ്ടായ സമാനമായ സംഭവം. ധനമന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമാണ് ആര്‍ബിഐ എന്ന് ടിടികെ വിശ്വസിക്കുകയും പൊതുവേദിയില്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. അത്തരത്തിലൊരു ചിന്താഗതിയോടെയാണ് ടിടികെ ആര്‍ബിഐയെ പരിഗണിച്ചിരുന്നതും. ഇതില്‍ റാവുവിന് ഇഷ്ടക്കേടുണ്ടായിരുന്നു. ബില്ലുകള്‍ക്ക് മേല്‍ സ്റ്റാംപ് ഡ്യൂട്ടി പ്രഖ്യാപിക്കുക വഴി ആര്‍ബിഐയുടെ ധനനയത്തെ ടിടിആര്‍ പരസ്യമായി അപഹരിച്ചു. റാവുവിനെ ഞെട്ടിച്ചുകൊണ്ട്, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പോലും തന്റെ ധനമന്ത്രിക്കൊപ്പം നിന്നു.

സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി തലയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളും പരിഗണിക്കുമ്പോള്‍ ഉര്‍ജിത് പട്ടേലിന്റെ രാജിക്ക് റാവുവിന്റെ പുറത്തേക്ക് പോക്കുമായി സാദൃശ്യമുണ്ട്. ആര്‍ബിഐ വ്യത്യസ്തമായി നിര്‍വഹിക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിച്ച ചുരുങ്ങിയ മൂന്ന് കാര്യങ്ങളെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഭവിച്ചു എന്നത് വ്യക്തമാണ്.

അടിസ്ഥാനസൗകര്യ വികസന മേഖലയിലെ അതികായരായിരുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (ഐഎല്‍ ആന്‍ഡ് എഫ്എസ്) തകര്‍ച്ചയ്ക്ക് ശേഷമാണ് ആദ്യത്തെ പ്രശ്‌നം ഉരുത്തിരിയുന്നത്. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്‌സി) വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തുന്നു എന്ന ഭയത്തിന് സ്ഥാപനത്തിന്റെ തകര്‍ച്ച തിരികൊളുത്തി. ഇത് മേഖലയില്‍ പണത്തിന്റെ ഞെരുക്കമുണ്ടാകുന്നതിലേക്ക് നയിക്കുകയും ഇന്ത്യയുടെ വായ്പാ വിപണിയെ അപകടത്തിലാക്കുകയും ചെയ്തു. ഏറ്റവും പ്രധാനമായി, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഇത് വലിയ തോതില്‍ ബാധിക്കുമെന്നാണ് ഭയപ്പെട്ടിരുന്നത്. സമ്പദ് വ്യവസ്ഥയെ ഈ ഭയം ഒരു സ്തംഭനാവസ്ഥയിലേക്ക് നയിച്ചു. ഇത്തരം ഫലങ്ങള്‍ ഒഴിവാക്കുന്നതിനായി, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയ്ക്കായി പ്രത്യേക ലിക്വിഡിറ്റി വിന്‍ഡോ തുറക്കുകയും അതുവഴി വായ്പാ മരവിപ്പുമായി ബന്ധപ്പെട്ട വെല്ലുവിളി ഒഴിവാക്കാനും സര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടു. നേരെ മറിച്ച്, ഏറ്റവും അവസാനം അവലംബിക്കുന്ന നടപടിയായിരിക്കണം ലിക്വിഡിറ്റി വിന്‍ഡോ എന്നായിരുന്നു ആര്‍ബിഐയുടെ കാഴ്ചപ്പാട്. കേന്ദ്ര ബാങ്കിന്റെ നോട്ടത്തില്‍ സാഹചര്യം അത്രമാത്രം അടിയന്തരവുമായിരുന്നില്ല.

കിട്ടാക്കടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആര്‍ബിഐ കൈകാര്യം ചെയ്യുന്ന രീതിയിലെ അഭിപ്രായഭിന്നതകളാണ് രണ്ടാമത്തെ വിവാദപൂര്‍ണമായ വിഷയം. നിഷ്‌ക്രിയാസ്തി സൃഷ്ടിച്ച പ്രതിസന്ധിയോടുള്ള പ്രതികരണമായി 12 ബാങ്കുകളെയാണ് ആര്‍ബിഐ തങ്ങളുടെ തിരുത്തല്‍ നടപടി (പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍-പിസിഎ) യുമായി ബന്ധപ്പെട്ട ചട്ടക്കൂടിനു കീഴില്‍ കൊണ്ടുവന്നത്. ഇതില്‍ 11 ബാങ്കുകളും പൊതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും ഒരെണ്ണം സ്വകാര്യ മേഖലയിലുള്ളതുമാണ്. ചട്ടക്കൂടിനു കീഴില്‍, തങ്ങളുടെ കിട്ടാക്കടങ്ങളുടെ അനുപാതം ഗണ്യമായി കുറയുന്നതു വരെ ഈ സ്ഥാപനങ്ങള്‍ വായ്പ നല്‍കുന്നതില്‍ നിയന്ത്രണങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. ഈ നിയന്ത്രണം സമ്പദ് വ്യവസ്ഥയിലെ വായ്പ നല്‍കല്‍ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കിയതു മുതല്‍ പദ്ധതിയുടെ നടത്തിപ്പ് ലളിതമാക്കാന്‍ സര്‍ക്കാര്‍ ആര്‍ബിഐക്കു മേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. ഇതിനെ കേന്ദ്ര ബാങ്ക് ശക്തമായി എതിര്‍ത്തു.

കേന്ദ്ര ബാങ്കിന്റെ കരുതല്‍ ധനവുമായി ബന്ധപ്പെട്ടുള്ളതാണ് മൂന്നാമത്തെ തര്‍ക്ക ഹേതു. ഒക്‌റ്റോബര്‍ അവസാനത്തോടെ തന്നെ മുഴുവന്‍ സാമ്പത്തിക വര്‍ഷത്തേക്കുമുള്ള തങ്ങളുടെ ധനക്കമ്മി ലക്ഷ്യങ്ങള്‍ സര്‍ക്കാര്‍ മറികടന്നിരുന്നു. 2019 മാര്‍ച്ച് അവസാനത്തോടെ ഇത് സംഭവിക്കുമെന്നാണ് അവര്‍ കരുതിയിരുന്നത്. എന്നിരുന്നാലും, നടപ്പുധനകാര്യവര്‍ഷത്തേക്കുള്ള ബജറ്റില്‍ വിഭാവനം ചെയ്തിരുന്ന 3.3 ശതമാനം ധനക്കമ്മി എന്ന ലക്ഷ്യം ലംഘിക്കില്ല എന്ന തങ്ങളുടെ പ്രതിബദ്ധത സര്‍ക്കാര്‍ പിന്നേയും നിലനിര്‍ത്തി. അതുകൊണ്ടുതന്നെ, അധിക വരുമാനം നേടുന്നതിനുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ആവശ്യമായതിലുമധികം കരുതല്‍ ധനം ആര്‍ബിഐ സൂക്ഷിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ബാങ്കിന്റെ ആകെ ആസ്തിയുടെ 26 ശതമാനം വരെയാണ് കരുതല്‍ ധനമായുള്ളത്. ആഗോള ശരാശരി 16 ശതമാനമാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരിന് ഉപയോഗപ്പെടുത്താവുന്ന സ്രോതസായിരുന്നു ഇത്. എന്നാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഒരു ശക്തമായ ബാലന്‍സ് ഷീറ്റ് തങ്ങള്‍ക്ക് ആവശ്യമാണെന്നായിരുന്നു ആര്‍ബിഐയുടെ വാദം.

ഈ വിഷയങ്ങള്‍ക്കു മേല്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കലഹങ്ങള്‍, ആര്‍ബിഐയുടെ തീരുമാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് നേരിട്ട് ഇടപെടല്‍ നടത്താവുന്ന ആര്‍ബിഐ ആക്റ്റിലെ സെക്ഷന്‍ 7 പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ ഉപയോഗിക്കാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ രൂക്ഷമായി. പൊതു ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ വകുപ്പ് ഇതുവരെ നടപ്പാക്കിയിട്ടില്ല.

പട്ടേലിന്റെ രാജിയിലേക്ക് നയിച്ച പ്രത്യേക കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍, ഈ ഘടങ്ങളുടെയെല്ലാം ആകെ തുക തീര്‍ച്ചയായും ആ രാജിയില്‍ പങ്കുവഹിച്ചിട്ടുണ്ട്. ‘പ്രതിഷേധം അടയാളപ്പെടുത്തല്‍’ എന്നാണ് ഒരു മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ നീക്കത്തെ വിശേഷിപ്പിച്ചത്.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, ആര്‍ബിഐയുടെ പ്രവര്‍ത്തനത്തില്‍ സ്വാതന്ത്ര്യം ഉള്‍ച്ചേര്‍ക്കുക വഴി ഏറെ ജനപ്രീതി നേടിയെടുത്തിട്ടുണ്ട്. പണപ്പെരുപ്പത്തെ ലക്ഷ്യം വെച്ചുകൊണ്ട് ധന നയ സമിതി (മോണിറ്ററി പോളിസി കമ്മറ്റി) സ്ഥാപിച്ചത്, കേന്ദ്ര ബാങ്കിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഉത്തമ മാതൃകയായിരുന്നു. സമ്പദ് വ്യവസ്ഥയില്‍ തീര്‍ത്തും ഇല്ലാതിരുന്ന ഒരു അത്യാധുനികമായ ധന നയ ചട്ടക്കൂടാണ് ഇതുവഴി ഇന്ത്യക്ക് ലഭിച്ചത്. ബിജെപി സര്‍ക്കാരിന്റെ ഏറ്റവും പ്രധാന സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ ഒന്നുകൂടിയാണിത്. നിലവില്‍ ഇത് തകരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

കാരണങ്ങള്‍ എന്തുതന്നെയായാലും പട്ടേലിന്റെ രാജി, കേന്ദ്ര ബാങ്കിന്റെ പ്രവര്‍ത്തനങ്ങളുടെ സ്വയം ഭരണത്തിലുള്ള പൊതു വിശ്വാസ്യതയ്ക്ക് ഗണ്യമായ തോതില്‍ ആഘാതമേല്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഈ വിശ്വാസ്യത സ്ഥാപിക്കാന്‍ കഠിനമായി ശ്രമിക്കുകയും ചെയ്തിരുന്നു.

ആധുനിക സാമ്പത്തിക സംവിധാനത്തെ മുഴുവന്‍ ഒരുമിച്ചു നിര്‍ത്തുന്ന ഒരു ‘കറന്‍സി’യാണ് വിശ്വാസ്യത. ഇടപാടുകളുടെ വില ഇത് ഗണ്യമായി കുറയ്ക്കുന്നുണ്ട്. ഏത് ബോധത്തിലായാലും വിശ്വാസ്യത ദുര്‍ബലമാകുന്നത് ദീര്‍ഘകാലത്തില്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് വലിയ വില കൊടുക്കേണ്ടുന്ന വിഷയമാകും. അതുകൊണ്ടുതന്നെ, രാജ്യത്തെ സ്ഥാപനങ്ങളുടെ പൊതു വിശ്വാസ്യതയെ ബാധിക്കുന്ന എന്തെങ്കിലും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കുക, ധനക്കമ്മിയുമായി ബന്ധപ്പെട്ട ലക്ഷ്യം നിറവേറ്റുക തുടങ്ങിയ ഹ്രസ്വകാല നേട്ടങ്ങള്‍ അവ നടപ്പിലാക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങളുടെ പ്രത്യാഘാതങ്ങള്‍ക്ക് ബദലാവുകയില്ല.

മുന്നോട്ടുള്ള വഴിയില്‍, ആഗ്രഹിക്കുന്ന സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതിനായി ആര്‍ബിഐയോട് യുദ്ധോല്‍സുകമായ സമീപനത്തിനു പകരം സഹകരണപൂര്‍ണമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കണം.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റിറ്റീവ്‌നസ് അധ്യക്ഷനാണ് അമിത് കപൂര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റിറ്റീവ്‌നസിലെ മുതിര്‍ന്ന ഗവേഷകനാണ് ചിരാഗ് യാദവ്)

  • സര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള തര്‍ക്കത്തിന്റെ 3 പ്രധാന കാരണങ്ങള്‍
  • ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്‌സി) വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തുന്നു എന്ന ഭയം ഉടലെടുത്തതാണ് ആദ്യ പ്രശ്‌നത്തിന് കാരണം
  • കിട്ടാക്കടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആര്‍ബിഐ കൈകാര്യം ചെയ്യുന്ന രീതിയിലെ അഭിപ്രായഭിന്നതകളാണ് രണ്ടാമത്തെ വിവാദ വിഷയം
  • കേന്ദ്ര ബാങ്കിന്റെ കരുതല്‍ ധനവുമായി ബന്ധപ്പെട്ടുള്ളതാണ് മൂന്നാമത്തെ തര്‍ക്ക ഹേതു. ഇതില്‍ നിന്നും കൂടുതല്‍ വിഹിതം സര്‍ക്കാര്‍ ചോദിച്ചത് ആര്‍ബിഐയെ അലോസരപ്പെടുത്തി

Comments

comments

Categories: FK Special, Slider