സൗദി അറേബ്യയുടെ സോളാര്‍ പദ്ധതികള്‍ പാളിയോ?

സൗദി അറേബ്യയുടെ സോളാര്‍ പദ്ധതികള്‍ പാളിയോ?

ഹരിതോര്‍ജ്ജത്തില്‍ വലിയ ആഗ്രഹങ്ങളായിരുന്നു സൗദിക്കുണ്ടായിരുന്നത്. എന്നാല്‍ കാര്യമായി ഒന്നും പ്രാവര്‍ത്തികമായില്ലെന്നാണ് വിമര്‍ശനങ്ങള്‍

റിയാദ്: പുനരുപയോഗ ഊര്‍ജ്ജത്തിന്റെയും ഇലക്ട്രിക് വാഹനങ്ങളുടെയും എല്ലാം കാലമാണിത്. സംശുദ്ധ ഊര്‍ജ്ജസ്രോതസ്സുകളോടുള്ള പ്രണയം മാത്രമല്ല ഇവയുടെ വളര്‍ച്ചയ്ക്ക് ഹേതുവായത്. മറിച്ച് എണ്ണ വിലയില്‍ വരുന്ന വര്‍ധനയും അനിശ്ചിതത്വവുമെല്ലാം ലോകം മുഴുവനും ഇത്തരമൊരു ട്രെന്‍ഡിലേക്ക് പെട്ടെന്ന് മാറാന്‍ കാരണമായി തീര്‍ന്നു. എന്നാല്‍ സൗദി അറേബ്യയില്‍ ഇതിന് വിപരീതമാണ് കാര്യങ്ങള്‍.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സോളാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട വലിയ വാര്‍ത്തകളാണ് സൗദിയില്‍ നിന്നും കേട്ടിരുന്നത്. ഏകദേശം 350 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതികളെല്ലാം പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ ഇന്ന് വിലയിരുത്തുമ്പോള്‍ ഇതൊന്നും പ്രായോഗികമായിട്ടില്ലെന്നാണ് പ്രധാന വിമര്‍ശനങ്ങള്‍.

2014ല്‍ എണ്ണ വിലയില്‍ വമ്പന്‍ ഇടിവ് വന്ന സമയത്തായിരുന്നു ഇനി സംശുദ്ധ ഊര്‍ജ്ജസ്രോതസ്സുകളിലേക്ക് തിരിയാമെന്ന ചിന്ത സൗദിക്കുണ്ടായത്. തുടര്‍ന്ന് സൗരോര്‍ജ്ജത്തിന്റെ സാധ്യതകള്‍ തേടിയുള്ള യാത്ര ആരംഭിച്ചു. രാജ്യത്തിന്റെ കിരീടാവകാശിയായി യുവത്വം തുളുമ്പുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടി എത്തിയതോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം കൈവന്നു. എന്നാല്‍ 2016 തുടക്കം മുതല്‍ ഈ ഒക്‌റ്റോബര്‍ വരെയുള്ള കാലയളവില്‍ എണ്ണ വിലയിലുണ്ടായത് അസാമാന്യ വര്‍ധനയാണ്. ഈ വര്‍ധനയുടെ സുരക്ഷിതത്വത്തില്‍ സൗരോര്‍ജ്ജത്തോടുള്ള പ്രതിബദ്ധത സൗദി മറന്നതായാണ് വിമര്‍ശനങ്ങള്‍. അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ എക്‌സിക്യൂട്ടിവ് ഡയറക്റ്ററായ ഫാറ്റി ബിറോളിനെപ്പോലുള്ളവര്‍ അഭിപ്രായപ്പെടുന്നതും അതു തന്നെയാണ്.

2012ലാണ് 109 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ സോളാര്‍ പദ്ധതി സൗദി അവതരിപ്പിച്ചത്. 2032 ആകുമ്പോഴേക്കും മൊത്തം വൈദ്യുതിയുടെ മൂന്നിലൊന്നു ഭാഗം പുനരുപയോഗ ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യമായി പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 210 ഗിഗാവാട്ടിന്റെ സൗരോര്‍ജ്ജ ശേഷിയുള്ള വമ്പന്‍ പദ്ധതി പ്രഖ്യാപിച്ചത്.

അതിന് ശേഷം കഴിഞ്ഞ വര്‍ഷം വീണ്ടും വന്നു പ്രഖ്യാപനം. 2023 ആകുമ്പോഴേക്കും സൗദിക്ക് വേണ്ട മൊത്തം ഊര്‍ജ്ജത്തിന്റെ 10 ശതമാനം സൗരോര്‍ജ്ജ, പവനോര്‍ജ്ജ പദ്ധതികളിലൂടെ ഉല്‍പ്പാദിപ്പിക്കുമെന്നായിരുന്നു സൗദി വ്യക്തമാക്കിയത്. 50 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപത്തിലായിരിക്കും ഇതെന്നും പറഞ്ഞിരുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ ജാപ്പനീസ് ഭീമന്‍ സോഫ്റ്റ്ബാങ്കുമായി ചേര്‍ന്ന് 200 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ സോളാര്‍ പദ്ധതി കിരീടാവകാശി പ്രഖ്യാപിച്ചു.
വരുമാനസ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണത്തിലൂടെ എണ്ണയുഗത്തില്‍ നിന്നും പുറത്തുകടക്കാന്‍ ശ്രമിക്കുന്ന സൗദിയുടെ പുതിയ നയപരിപാടികളുടെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. 200 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ പദ്ധതി നടപ്പാക്കുന്നതിന് സോഫ്റ്റ്ബാങ്ക് ഗ്രൂപ്പുമായി ചേര്‍ന്ന് സൗദി കരാര്‍ ഒപ്പുവെക്കുകയും ചെയ്തു.

ഊര്‍ജ്ജാവശ്യകതള്‍ക്ക് എണ്ണയെ ആശ്രയിക്കുന്ന സൗദിയുടെ നിലവിലെ അവസ്ഥയില്‍ നിന്നുള്ള മാറ്റത്തിനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സോഫ്റ്റ്ബാങ്ക് സ്ഥാപകനും ശതകോടീശ്വരസംരംഭകനുമായ മസയോഷി സണ്‍ ആ വേളയില്‍ പറഞ്ഞു. വൈദ്യുതി ചെലവില്‍ 40 ബില്ല്യണ്‍ ഡോളര്‍ വരെ ലാഭിക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നായിരുന്നു അവകാശവാദം. ഇതിലൂടെ ഏകദേശം 100,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് സ്ഥാപകന്‍ അറിയിച്ചിരുന്നു.

2030 ആകുമ്പോഴേക്കും പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ശേഷി ഏകദേശം 200 ഗിഗാവാട്ട് വരുമെന്നായിരുന്നു റിപ്പോര്‍ട്ട്. അതിനുശേഷം ഈ ഒക്‌റ്റോബറില്‍ 1.2 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപത്തില്‍ ബഹുഉപയോഗ സൗരോര്‍ജ്ജ പ്ലാന്റിന് മസയോഷി സണ്ണിന്റെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് സൗദിയില്‍ പദ്ധതിയിടുന്നതായി വീണ്ടും വാര്‍ത്ത വന്നു.

റിയാദിന് അടുത്താണ് പ്ലാന്റ് വരുന്നതെന്നായിരുന്നു വാര്‍ത്ത. ഏകദേശം 1.8 ഗിഗാവാട്ട് വൈദ്യുതി ഈ പ്ലാന്റില്‍ നിന്നും ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ സോഫ്റ്റ്ബാങ്ക് തുടങ്ങിക്കഴിഞ്ഞതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്ത് കൂടുതല്‍ സോളാര്‍ അധിഷ്ഠിത പദ്ധതികള്‍ നടപ്പിലാക്കാനുള്ള സൗദി സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ പ്ലാന്റ് വരുന്നത്.

പരമ്പരാഗത ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപേക്ഷിച്ച് പുതിയ യുഗത്തിലേക്ക് നടന്നുകയറാനുള്ള സൗദിയുടെ നീക്കത്തിന്റെ ഭാഗമായാണ് സോളാര്‍ പദ്ധതികളെന്ന വാദങ്ങള്‍ യുക്തിപരമായിരുന്നു. എന്നാല്‍ ഈ പദ്ധതികളൊന്നും തന്നെ ഇതുവരെ ഫലം കാണാന്‍ തുടങ്ങിയിട്ടില്ല. ഇപ്പോഴും വൈദ്യുതി പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത് എണ്ണയില്‍ നിന്നു തന്നെയാണ്. ഇത് സംബന്ധിച്ച് അടുത്തിടെ ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

  • ഏകദേശം 350 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതികളാണ് സൗരോര്‍ജ്ജരംഗത്ത് പ്രഖ്യാപിക്കപ്പെട്ടത്
  • 2012ല്‍ 109 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ സോളാര്‍ പദ്ധതി സൗദി അവതരിപ്പിച്ചു
  • രണ്ട് വര്‍ഷം മുമ്പാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 210 ഗിഗാവാട്ടിന്റെ സൗരോര്‍ജ്ജ ശേഷിയുള്ള വമ്പന്‍ പദ്ധതി പ്രഖ്യാപിച്ചത്
  • 50 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപത്തില്‍ മറ്റൊരു പദ്ധതി കൂടി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കപ്പെട്ടു
  • ഈ വര്‍ഷം മാര്‍ച്ചില്‍ ജാപ്പനീസ് ഭീമന്‍ സോഫ്റ്റ്ബാങ്കുമായി ചേര്‍ന്ന് 200 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ സോളാര്‍ പദ്ധതി കിരീടാവകാശി പ്രഖ്യാപിച്ചു

Comments

comments

Categories: Arabia

Related Articles