പുതിയ കാല വൈദഗ്ധ്യങ്ങളെ തേടി പൊതു മേഖലാ ബാങ്കുകള്‍

പുതിയ കാല വൈദഗ്ധ്യങ്ങളെ തേടി പൊതു മേഖലാ ബാങ്കുകള്‍

പൊതുമേഖലാ ബാങ്കുകള്‍ തങ്ങളുടെ തൊഴില്‍ സംസ്‌കാരം മാറ്റിയെടുക്കുന്നു എന്നാണ് നിയമനങ്ങള്‍ വ്യക്തമാക്കുന്നത്

ന്യൂഡെല്‍ഹി: ബാങ്കിംഗ് രംഗത്തെ പുതിയ മേഖലകളിലും വൈദഗ്ധ്യങ്ങളിലും കൂടുതല്‍ കരുത്തുനേടി വിപണി മല്‍സരത്തില്‍ ശക്തമായി മുന്നോട്ടുപൊകുന്നതിനായി പൊതുമേഖലാ ബാങ്കുകള്‍ നിയമനങ്ങള്‍ ഇരട്ടിയായി വര്‍ധിപ്പിക്കുന്നു. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവയിലായി നടപ്പു സാമ്പത്തിക വര്‍ഷം ഒരു ലക്ഷത്തിലേറേ പേരേ റിക്രൂട്ട് ചെയ്യുമെന്നാണ് കണക്കാക്കുന്നത്.

എല്ലാ തലങ്ങളിലേക്കും പൊതുമേഖലാ ബാങ്കുകള്‍ നിയമനം വര്‍ധിപ്പിച്ചിട്ടുണ്ട്. വെല്‍ത്ത് മാനേജ്‌മെന്റ്, അനലറ്റിക്‌സ്, സ്ട്രാറ്റജി, ഡിജിറ്റല്‍, കസ്റ്റമര്‍ സര്‍വീസ് എന്നിവയില്‍ വൈദഗ്ധ്യങ്ങളുള്ളവരെയാണ് ബാങ്കുകള്‍ നേടുന്നത്. ബിസിനസ് വിപുലീകണത്തില്‍ നിര്‍ണായകമായ മേഖലകളാണിവ. പൊതു മേഖലാ ബാങ്കുകളില്‍ ഇപ്പോള്‍ ക്ലറിക്കല്‍ തസ്തികകളില്‍ 20 ശതമാനത്തോളം ജീവനക്കാര്‍ മാത്രമാണുള്ളത്. എസ്ബിഐ യിലാണ് കൂടുതലായി ക്ലര്‍ക്കുമാരുള്ളത്, 45 ശതമാനം.

പൊതുമേഖലാ ബാങ്കുകള്‍ തങ്ങളുടെ തൊഴില്‍ സംസ്‌കാരം മാറ്റിയെടുക്കുന്നു എന്നാണ് നിയമനങ്ങളുടെ രീതിയില്‍ നിന്ന് മനസിലാകുന്നതെന്ന് ഇന്ത്യയിലെ മുന്‍നിര സ്റ്റാഫിംഗ് കമ്പനികളിലൊന്നായ ടീം ലീസ് പറയുന്നു. മറ്റ് സ്വകാര്യ, ബഹുരാഷ്ട്ര ബാങ്കുകളുടേതിന് സമാനമായി പുതുതലമുറ ബാങ്കിംഗിന് ആവശ്യമായ വൈദഗ്ധ്യങ്ങളില്‍ ശക്തി നേടാനാണ് ശ്രമം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതിന്റെ നേട്ടം കണ്ടു തുടങ്ങുമെന്നും ടീം ലീസ് വിലയിരുത്തുന്നു.

ഈ ബാങ്കുകള്‍ മൊത്തമായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 95,000ഓളം നിയമനങ്ങളാണ് നടത്തിയിട്ടുള്ളത്. ക്ലര്‍ക്ക്, മാനേജ്‌മെന്റ് ട്രെയ്‌നി, പ്രൊബേഷണറി ഓഫിസര്‍ എന്നീ തസ്തികകളിലായിരുന്നു നിയമനങ്ങള്‍ ഏറെയും. പൊതുവായി നിയമനങ്ങള്‍ നടത്തുന്ന രീതി മാറി തന്ത്രപരമായും പ്രത്യേക വൈദഗ്ധ്യങ്ങളിലേക്കും നിയമനം നടത്തുന്ന രീതി വരികയാണെന്ന് സിന്‍ഡിക്കേറ്റ് ബാങ്ക് സിഇഒ മൃത്യുഞ്ജയ് മഹാപത്ര പറയുന്നു. സമ്മര്‍ദിത ആസ്തികളുടെ വീണ്ടെടുപ്പ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയില്‍ തൊഴില്‍ശക്തി വര്‍ധിപ്പിക്കേണ്ടതുണ്ട്. മറ്റ് സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് തുടക്കക്കാര്‍ക്കുള്ള വേതനം പൊതുമേഖലയില്‍ ആകര്‍ഷകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിന്‍ഡിക്കേറ്റ് ബാങ്കിലെ തൊഴിലാളികളുടെ ശരാശരി പ്രായം മൂന്നു വര്‍ഷം മുമ്പ് 46.5 ആയിരുന്നുവെങ്കില്‍ ഇപ്പോഴത് 37 ആണ്.

സ്വകാര്യ ബാങ്കുകളില്‍ നിന്നു പോലും മികച്ച പ്രതിഭകളെ കണ്ടെത്തി സ്വന്തമാക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ ശ്രമിക്കുന്നുണ്ടെന്ന് ടീം ലീസ് ചൂണ്ടിക്കാണിക്കുന്നു. ചീഫ് എത്തിക്‌സ് ഓഫിസര്‍, ചീഫ് മാര്‍ക്കറ്റിംഗ് ഓഫിസര്‍, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസര്‍, ചീഫ് ലേണിംഗ് ഓഫിസര്‍, ഹെഡ് ഓഫ് അനലിറ്റിക്‌സ്, ഡിജിറ്റല്‍ മീഡിയ കാംപെയ്‌നര്‍ എന്നീ തസ്തികകളിലേക്കാണ് ഇത്തരം നിയമനങ്ങള്‍ നടക്കുന്നത്. പുതിയ നിയമനങ്ങള്‍ക്കു പുറമേ ഇത്തരത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച 5000 പേരേ കൂടി ഈ വര്‍ഷം നിയമിക്കാനാണ് എസ്ബിഐ യുടെ നീക്കം. ബാങ്കിംഗ് ജോലികളോടുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രിയവും വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Comments

comments

Categories: Banking