ആന്ധ്രയില്‍ പെതായി ചുഴലിക്കാറ്റ്: ജനജീവിതത്തെ സാരമായി ബാധിച്ചു

ആന്ധ്രയില്‍ പെതായി ചുഴലിക്കാറ്റ്: ജനജീവിതത്തെ സാരമായി ബാധിച്ചു

ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട പെതായി ചുഴലിക്കാറ്റ് തീരം തൊട്ടതോടെ ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മിതമായ തോത് മുതല്‍ കനത്ത മഴ വരെയുണ്ടായി. സംസ്ഥാന തീരദേശ ജില്ലകളില്‍ സാധാരണ ജീവിതത്തെ ബാധിച്ചു. തിങ്കളാഴ്ച ഉച്ചയോടെ തീരം തൊട്ടതോടെ പെതായി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വിജയവാഡ നഗരത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ നടന്നതായി അറിവില്ലെന്നു സംസ്ഥാന ദുരന്ത മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.

ചുഴലിക്കാറ്റിനെ തുടര്‍ന്നു ദക്ഷിണ സെന്‍ട്രല്‍ റെയ്ല്‍വേ നിരവധി ട്രെയ്ന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും പുനക്രമീകരിക്കുകയും ചെയ്തു. കാലാവസ്ഥ പ്രക്ഷുബ്ധമായതിനെ തുടര്‍ന്നു തുറമുഖ നഗരമായ വിശാഖപട്ടണത്തേയ്ക്കുള്ള എയര്‍ ട്രാഫിക് തടസപ്പെട്ടു. ഇതേ തുടര്‍ന്നു ചില ഫ്‌ളൈറ്റുകള്‍ ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ സ്‌കൂളുകള്‍ക്കു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

comments

Categories: FK News, Slider