ഉര്‍ജിത് പട്ടേലിനോട് സര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടിരുന്നില്ലെന്ന് ജയ്റ്റ്‌ലി

ഉര്‍ജിത് പട്ടേലിനോട് സര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടിരുന്നില്ലെന്ന് ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും രാജി വയ്ക്കണമെന്ന് ഉര്‍ജിത് പട്ടേലിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നടപ്പു സാമ്പത്തിക വര്‍ഷം റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാരിന് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭിന്നതകള്‍ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തോട് സര്‍ക്കാര്‍ രാജി തേടിയിരുന്നില്ലെന്ന് ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം വ്യക്തമാക്കിയത്.

റിസര്‍വ് ബാങ്ക് കൈവശം വയ്‌ക്കേണ്ട കരുതല്‍ ധനവുമായി ബന്ധപ്പെട്ട് ആര്‍ബിഐ ബോര്‍ഡ് യോഗത്തില്‍ സൗഹാര്‍ദപരമായ ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും എന്നാല്‍ രാജിക്കാര്യം സംസാരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ പത്തിനാണ് ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം ഉര്‍ജിത് പട്ടേല്‍ രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. തുടര്‍ന്ന് ശക്തികാന്ത ദാസിനെ ആര്‍ബിഐ തലപ്പത്ത് സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു.

Comments

comments

Categories: Current Affairs, Slider