നോട്ട് നിരോധനവും ജിഎസ്ടിയും വന്‍ തൊഴില്‍ നഷ്ടത്തിന് ഇടയാക്കി

നോട്ട് നിരോധനവും ജിഎസ്ടിയും വന്‍ തൊഴില്‍ നഷ്ടത്തിന് ഇടയാക്കി

എംഎസ്എംഇ കള്‍ക്ക് 2014 മുതല്‍ മോശം കാലാവസ്ഥയെന്നും സര്‍വെ

ന്യൂഡെല്‍ഹി: കഴിഞ്ഞ നാലര വര്‍ഷത്തിനിടെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ( എംഎസ്എംഇ)വരുമാനത്തിലും തൊഴിലിലും വന്‍ ഇടിവ് രേഖപ്പെടുത്തിയെന്ന് സര്‍വെ റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കല്‍ നടപടിയും ജിഎസ്ടിയുമാണ് ഇക്കാലയളവില്‍ ഈ മേഖലയ്ക്ക് ഏറ്റവും വലിയ തിരിച്ചടി നല്‍കിയതെന്ന് ഓള്‍ ഇന്ത്യ മാനുഫാക്‌ചേര്‍സ് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാപാരികളില്‍ നിന്നും എംഎസ്എംഇകളില്‍ നിന്നുമായി 34,700 സാംപിളുകള്‍ പരിശോധിച്ചാണ് ഈ മേഖലകളിലുള്ളവര്‍ നേരിടുന്ന പല ഗുരുതര പ്രശ്‌നങ്ങളും ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട് എഐഎംഒ തയാറാക്കിയിട്ടുള്ളത്.
മാനുഫാക്ചറിംഗിലും കയറ്റുമതിയിലും പ്രവര്‍ത്തിക്കുന്ന മൂന്നു ലക്ഷത്തിലേറേ എംഎസ്എംഇ കളെ പ്രതിനിധികരിക്കുന്ന സംഘടനയാണ് എഐഎംഒ. 2014 മുതല്‍ ഈ മേഖലയ്ക്ക് മോശം കാലാവസ്ഥയാണെന്നും വീണ്ടെടുപ്പിനായി കൂടുതല്‍ ഗൗരവതരമായ നടപടികള്‍ അടിയന്തരമായി ഉണ്ടാകേണ്ടതുണ്ടെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു.

സൂക്ഷ്മ സംരംഭങ്ങളുടെ വിഭാഗത്തില്‍ 32 ശതമാനം തൊഴില്‍ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചെറുകിട സംരംഭങ്ങളില്‍ 35 ശതമാനവും ഇടത്തരം ബിസിനസുകളില്‍ 24 ശതമാനവും തൊഴില്‍ നഷ്ടമുണ്ടായി. 43 ശതമാനത്തിന്റെ തൊഴില്‍ നഷ്ടമാണ് വ്യാപാര മേഖലയില്‍ നാലര വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അസംഘടിത തൊഴിലുകള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന മേഖലയിലാണ് ഏറ്റവും വലിയ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്റ്റിച്ചിംഗ് യൂണിറ്റുകള്‍, തീപ്പെട്ടി നിര്‍മാണം, പ്ലാസ്റ്റിക്, പടക്ക നിര്‍മാണം, നിറങ്ങള്‍ നല്‍കുന്ന യൂണിറ്റുകള്‍, തുകല്‍ നിര്‍മാണം, പ്രിന്റിംഗ് കമ്പനികള്‍ എന്നിവയെയെല്ലാം ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.
വ്യാപാരികളുടെ പ്രവര്‍ത്തന വരുമാനത്തില്‍ 70 ശതമാനം ഇടിവാണ് 2014നു ശേഷം ഉണ്ടായിരിക്കുന്നതെന്ന് എഐഎംഒ പ്രസിഡന്റ് കെ ഇ രഘുനാഥന്‍ പറയുന്നു. സൂക്ഷ്മ സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തന വരുമാനത്തില്‍ 43 ശതമാനം ഇടിവ് നേരിട്ടുണ്ട്. ചെറുകിട സംരംഭങ്ങളില്‍ 35 ശതമാനവും ഇടത്തരം ബിസിനസുകളില്‍ 24 ശതമാനവും നഷ്ടമാണ് പ്രവര്‍ത്തന വരുമാനത്തില്‍ ഉണ്ടായിട്ടുള്ളത്. ഇത് അടിയന്തര പ്രധാന്യത്തോടെ പരിഗണന അര്‍ഹിക്കുന്ന തരത്തിലുള്ള വലിയ വീഴ്ചയാണെന്ന് രഘുനാഥന്‍ പറയുന്നു. പല വ്യാപാര – എംഎസ്എംഇ മേഖലകളും തിരിച്ചുവരവ് സാധ്യമാകാത്ത വിധം തകര്‍ച്ച നേരിട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴുള്ള പ്രതീക്ഷകളും ബിസിനസ് മനോഭാവവും മൂല്യം 2015-16 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച പ്രകടമായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷത്തില്‍ തന്നെ നോട്ട് അസാധുവാക്കലും പിന്നീട് ജിഎസ്ടി നടപ്പാക്കലും വന്നതോടെ മൂന്നുവര്‍ഷം കൊണ്ട് എംഎസ്എംഇ സംരംഭങ്ങളുടെ സാമ്പത്തിക ആരോഗ്യം തകരുകയായിരുന്നുവെന്ന് കെ ഇ രഘുനാഥന്‍ പറയുന്നു.

സര്‍ക്കാര്‍ ഏറ്റവും പ്രചാരത്തോടെ അവതരിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതികള്‍ വ്യാപാരികളെയും സൂക്ഷ്മ- ചെറുകിട സംരംഭങ്ങളെയും സഹായിക്കുന്നതില്‍ പരാജയപ്പെട്ടെന്നും സര്‍വെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇടത്തരം സംരംഭങ്ങളില്‍ ഡിജിറ്റല്‍ ഇന്ത്യയുടെ സ്വാധീനം ഉണ്ടായിട്ടുണ്ട്. ഓണ്‍ലൈന്‍ ഇടപാടുകളും സുതാര്യതയും വര്‍ധിച്ചത് അഴിമതി ഇല്ലാതാക്കാന്‍ സഹായിക്കുന്നുവെന്നും സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രതികരിച്ചു. ലാഭക്ഷമത, സര്‍ക്കാര്‍ നടപടിക്രമങ്ങള്‍, ഫണ്ട് കണ്ടെത്തല്‍, സബ്‌സിഡി പോലുള്ള ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്, അസംസ്‌കൃത വസ്തുക്കളുടെ വില എന്നിവയിലെല്ലാം എംഎസ്എംഇ സംരംഭങ്ങള്‍ വെല്ലുവിളി നേരിടുന്നുണ്ട്. ലാഭക്ഷമത, വില്‍പ്പന, ഫണ്ട് കണ്ടെത്തല്‍ എന്നിവയാണ് വ്യാപാരികള്‍ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികള്‍.

Comments

comments

Categories: Business & Economy