സൂപ്പര്‍മാന്‍ @ 80

സൂപ്പര്‍മാന്‍ @ 80

ന്യൂയോര്‍ക്ക്: 1938 മുതല്‍ വില്ലന്മാരില്‍നിന്നും ലോകത്തെ രക്ഷിച്ചു കൊണ്ടിരിക്കുകയാണു നീല നിറത്തിലുള്ള ഇറുകിയ കാലുറകള്‍ ധരിച്ച സൂപ്പര്‍മാന്‍ എന്ന അമാനുഷികന്‍. അജയ്യനായ, ധര്‍മത്തോട് മാത്രം പ്രതിബദ്ധതയുള്ള, സുമുഖനായ സൂപ്പര്‍മാന് ഈ വര്‍ഷം 80 വയസ് തികഞ്ഞിരിക്കുന്നു. ലോകത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച അമാനുഷിക കഥാപാത്രമായ സൂപ്പര്‍മാനെ ജെറി സീഗല്‍, ജോ ഷുസ്റ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് സൃഷ്ടിച്ചത്. 1932-ലായിരുന്നു സൂപ്പര്‍മാന്‍ എന്ന കഥാപാത്രത്തിന് ജന്മം നല്‍കിയതെങ്കിലും 1938-ല്‍ പ്രസിദ്ധീകരിച്ച ആക്ഷന്‍ കോമിക്‌സ് #1 എന്ന കോമിക്‌സ് പുസ്തകത്തിലാണു സൂപ്പര്‍മാന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. തലയ്ക്കു മുകളില്‍ ഒരു കാര്‍ ഉയര്‍ത്തിപ്പിടിച്ചാണു സൂപ്പര്‍മാന്‍ പുസ്തകത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അക്കാലത്ത് ന്യൂസ് സ്റ്റാന്‍ഡുകളില്‍ ഈ ദൃശ്യം പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള സൂപ്പര്‍മാന്റെ ചിത്രം ഏവരേയും ആകര്‍ഷിക്കുകയും ചെയ്തു. കാരണം നാല് വര്‍ണങ്ങളിലുള്ള അച്ചടി (സിയാന്‍, മജന്ത, യെല്ലോ, ബ്ലാക്ക്) ആരംഭിച്ച കാലം കൂടിയായിരുന്നു അന്ന്. ബഹുവര്‍ണങ്ങളില്‍ പുറത്തിറങ്ങിയ പുസ്തമെന്ന പ്രത്യേകതയ്ക്കു പുറമേ സൂപ്പര്‍മാന്റെ വേഷവും എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായി.

മുഖ്യധാരയിലെ സൂപ്പര്‍ ഹീറോ അല്ലെങ്കില്‍ അമാനുഷികനായ ആദ്യ കഥാപാത്രമായിരുന്നില്ല സൂപ്പര്‍മാന്‍. സൂപ്പര്‍മാന് മുന്‍പ് എഡ്ഗാര്‍ റൈസ് ബറോയുടെ ജോണ്‍ കാര്‍ട്ടര്‍ അവതരിച്ചിരുന്നു. പക്ഷേ, സൂപ്പര്‍മാന്‍ ആണു കൂടുതല്‍ ജനപ്രീതിയാര്‍ജ്ജിച്ച കഥാപാത്രമായി മാറിയത്. അക്കാലം കോമിക്‌സിന്റെ സുവര്‍ണ കാലമായിട്ടും വിലയിരുത്തപ്പെടുന്നു. സൂപ്പര്‍മാന്റെ വിജയം പില്‍ക്കാലത്ത് നിരവധി സൂപ്പര്‍ഹീറോകളെ സൃഷ്ടിക്കാന്‍ പ്രേരണയായി തീര്‍ന്നിട്ടുണ്ട്. 1939-ല്‍ ബ്രൂസ് വെയ്ന്‍ ബാറ്റ്മാനെയും, 1940-ല്‍ ബില്ലി ബാറ്റ്‌സന്‍ ക്യാപ്റ്റന്‍ മാര്‍വല്ലിനെയും, അതേവര്‍ഷം ക്ലെയര്‍ വോയന്റ് ബ്ലാക്ക് വിഡോയെയും, 1941-ല്‍ ഡയാന പ്രിന്‍സ് വണ്ടര്‍ വിമനെയും സൃഷ്ടിച്ചത് സൂപ്പര്‍മാനില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നു.

പരിസ്ഥിതികളോട് ഇണങ്ങുന്ന ഹീറോ എന്ന പരിവേഷമാണ് മറ്റ് സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളില്‍നിന്നും സൂപ്പര്‍മാനെ വ്യത്യസ്തനാക്കിയത്. കോമിക്‌സ് പുസ്തകത്തിലെ കഥാപാത്രമായ സൂപ്പര്‍മാന്‍ പിന്നീട് നിരവധി സിനിമകളിലും, ആനിമേഷനുകളിലും, ടിവി പരമ്പരയിലും, റേഡിയോ പരിപാടികളിലും നായകനായി. സൂപ്പര്‍മാന്റെ ചിത്രങ്ങള്‍ പരസ്യങ്ങളിലും, കളിപ്പാട്ടങ്ങളിലും വരെ ഉപയോഗിച്ചു.

Comments

comments

Categories: FK News
Tags: Superman

Related Articles