വിധിയോടുള്ള പോരാട്ടങ്ങള്‍

വിധിയോടുള്ള പോരാട്ടങ്ങള്‍

നാം കാണുന്നുണ്ടെങ്കിലും നമ്മുടെ കണ്ണുകള്‍ അടഞ്ഞിരിക്കുകയാണ്. നാം കേള്‍ക്കുന്നുണ്ടെങ്കിലും നമ്മുടെ കാതുകള്‍ അവ തിരിച്ചറിയുന്നില്ല

പുസ്തകോത്സവത്തിന്റെ പരിസരത്തു വെച്ചാണ് അവനെ ആദ്യം കണ്ടുമുട്ടിയത്. അവന്റെ കാലുകളും കൈകളും വളഞ്ഞു നേര്‍ത്തിരുന്നു. മെലിഞ്ഞുണങ്ങിയ ദേഹം. അവന്റെ രണ്ട് കാലുകള്‍ പോലെ ഇരുവശത്തും അച്ഛനും അമ്മയും. അവരുടെ തോളില്‍ തൂങ്ങിയാണ് നടപ്പ്. ചുണ്ടില്‍ മായാത്ത പുഞ്ചിരി.

എനിക്ക് ഒപ്പമുണ്ടായിരുന്ന സാഹിത്യകാരന്‍ അവന് ചിരപരിചിതനായിരുന്നു. അദ്ദേഹത്തെ കണ്ട അവന്റെ മുഖം ഒന്നുകൂടി വിടര്‍ന്നു. കണ്ണുകളില്‍ തിളക്കം. വ്യക്തമാകാത്ത ഭാഷയില്‍ അവന്‍ എന്തോ പറഞ്ഞു. അവന്റെ ഭാഷ അമ്മ പരിഭാഷപ്പെടുത്തി. ‘സുഖമല്ലേ’ എന്നാണവന്റെ ചോദ്യം. അതേ എന്ന് മറുപടി പറഞ്ഞ് സാഹിത്യകാരന്‍ അവനെ എനിക്ക് പരിചയപ്പെടുത്തി.

‘കവിയാണ്. ഒരു കവിതാസമാഹാരം ഇറങ്ങിക്കഴിഞ്ഞു. അടുത്തതിനുള്ള ഒരുക്കത്തിലാണ്’. എന്റെ കണ്ണില്‍ അത്ഭുതം വിടര്‍ന്നു. തളര്‍ന്ന കൈകള്‍ കൊണ്ട് എഴുതുവാന്‍ കഴിയാത്ത, മറ്റുള്ളവര്‍ക്ക് കേട്ടാല്‍ മനസിലാകുന്ന ശബ്ദത്തില്‍ സംസാരിക്കുവാന്‍ കഴിയാത്ത ഒരാള്‍ എങ്ങിനെ എഴുതുന്നു. എന്റെ കണ്ണുകളിലെ അത്ഭുതം മനസിലാക്കിയ സാഹിത്യകാരന്‍ പറഞ്ഞു. അവന്റെ ഭാഷ പൂര്‍ണമായും മനസിലാകുന്ന ഒരാള്‍ അവന്റെ അമ്മയാണ്. അവന്‍ പറയുന്നത് അമ്മ പകര്‍ത്തി എഴുതും.

അവന്റെ മനസില്‍ കവിത ഉണരുന്നത് അര്‍ദ്ധരാത്രികളിലാണ്. ഉറക്കത്തിന്റൈ അഗാധതയില്‍ നിന്ന് അവന്‍ പെട്ടെന്ന് ഞെട്ടി എഴുന്നേല്‍ക്കും. അമ്മയെ വിളിച്ചുണര്‍ത്തും. പിന്നെ കടലാസും പേനയുമായി അമ്മ അവന്റെ മുന്നില്‍ ഇരുപ്പാണ്. ആ ചുണ്ടുകളില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന മറ്റാര്‍ക്കും മനസിലാകാത്ത അക്ഷരങ്ങളെ അമ്മ പിടിച്ചെടുത്ത് കടലാസിന്റെ വെണ്മയിലേക്ക് പകര്‍ത്തും. നേരം വെളുക്കുവോളം ഇത് തുടരും. തന്റെ മനസിലെ കവിത മുഴുവന്‍ പെയ്തുതീരാതെ അവന്‍ നിര്‍ത്തില്ല. ഉറക്കമില്ലാത്ത ആ രാത്രികളുടെ മുഴുവന്‍ കാളിമയും അമ്മയുടെ കണ്‍തടങ്ങളിലുണ്ട്.

ഇതൊക്കെ കേള്‍ക്കുമ്പോള്‍ അവന്‍ ചിരിക്കുന്നുണ്ട്. അവന്‍ അമ്മയോട് എന്തോ പറഞ്ഞു. പുസ്തകോത്സവത്തില്‍ അന്ന് പ്രകാശനം ചെയ്ത കവിതയുടെ കോപ്പി അമ്മ ബാഗില്‍ നിന്നും എടുത്തു. മറ്റ് കോപ്പികള്‍ ലഭിച്ചിട്ടില്ല. ലഭിക്കുമ്പോള്‍ എനിക്ക് നല്‍കാം എന്ന് വാഗ്ദാനം. അവന്റെ പുസ്തകം മറിച്ചുനോക്കി ഞാന്‍ തിരികെ നല്‍കി യാത്ര പറഞ്ഞ് മുന്നോട്ട് നടന്നു. നിഷ്‌കളങ്കമായ ഒരു ചിരിയോടെ അമ്മയുടെയും അച്ഛന്റെയും തോളില്‍ തൂങ്ങി അവന്‍ ഞങ്ങളെ കടന്നുപോയെങ്കിലും മായ്ക്കാനാവാത്ത ഒരു ചിത്രം മനസില്‍ പതിഞ്ഞുകഴിഞ്ഞു.

അവനെ പെട്ടെന്ന് ഓര്‍മ്മ വന്നത് കഴിഞ്ഞ ദിവസം ഒരു സ്‌നേഹിതനുമായി സംസാരിച്ചിരുന്നപ്പോഴാണ്. സ്‌നേഹിതന്‍ ആകെ നിരാശാഭരിതനായിരുന്നു. ചിലര്‍ അങ്ങിനെയാണ്. സമ്പത്തും നല്ല കുടുംബവും ബിസിനസും ഒക്കെയുണ്ടായിട്ടും നിരാശ അനുഭവിക്കുന്നവര്‍. തങ്ങള്‍ ആഗ്രഹിക്കുന്നിടത്ത് എത്തുന്നതില്‍ കാലതാമസം അനുഭവപ്പെട്ട് മനസില്‍ തീഷ്ണമായവേദന സൂക്ഷിക്കുന്നവര്‍. അങ്ങനെ ഒരാളായിരുന്നു ആ സ്‌നേഹിതന്‍. തന്റെ നിരാശകള്‍ അയാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അവനെ ഓര്‍ത്തു. കൈകള്‍ക്കും കാലുകള്‍ക്കും ശേഷിയില്ലാത്ത നേരെചൊവ്വേ ഒന്ന് സംസാരിക്കുവാന്‍ പോലും കഴിയാത്ത അവന്‍ ഒരു മിന്നല്‍ പോലെ മനസിലൂടെ കടന്നുപോയി.

ഞാന്‍ സ്‌നേഹിതനോട് പറഞ്ഞു ‘നീ ഈ ലോകത്തിലൂടെ ഒരുപാട് സഞ്ചരിക്കുന്ന ഒരാളാണ്. പക്ഷേ നിന്റെ കണ്ണുകള്‍ കാണുന്നത് നിനക്ക് ആവശ്യമുള്ളവ മാത്രമാണ്. കണ്ണുകള്‍ തുറന്ന് നടക്കൂ. നമ്മുടെ നിരാശകള്‍, ദുഃഖങ്ങള്‍, ആവലാതികള്‍, വേദനകള്‍ ഇവയെല്ലാം ശമിപ്പിക്കുന്ന കാഴ്ചകള്‍ ചുറ്റിലും ഒരുപാടുണ്ട്. അവ കാണുമ്പോള്‍ നമ്മള്‍ നമ്മുടെ അനുഗ്രഹങ്ങളെ തിരിച്ചറിയും. ആ അനുഗ്രഹങ്ങളെ കണ്ടെത്താന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ ഈ ലോകം എന്നും നിരാശാഭരിതമായിരിക്കും.’

അവന്‍ എന്നെ നോക്കി. അവനൊന്നും മനസിലായില്ല എന്നെനിക്ക് തോന്നി. ഈ കാഴ്ചകള്‍ കാണാത്ത അല്ലെങ്കില്‍ അവയെ തിരിച്ചറിയാത്ത ഇന്ദ്രിയങ്ങള്‍ക്ക് വാക്കുകളെ മനസിലാക്കുവാനാകില്ല. നാം കാണുന്നുണ്ടെങ്കിലും നമ്മുടെ കണ്ണുകള്‍ അടഞ്ഞിരിക്കുകയാണ്. നാം കേള്‍ക്കുന്നുണ്ടെങ്കിലും നമ്മുടെ കാതുകള്‍ അവ തിരിച്ചറിയുന്നില്ല. നമ്മുടെ വിലാപങ്ങള്‍ നമുക്ക് നഷ്ടപ്പെടുന്നവയെ ഓര്‍ത്താണ്, നമുക്ക് കിട്ടാത്തവയെ ഓര്‍ത്താണ്.

മനസില്‍ ദുഃഖം തളം കെട്ടുമ്പോള്‍, അതിനെ കാര്‍മേഘം പോലെ നിരാശ പൊതിയുമ്പോള്‍ പുറത്തേക്കിറങ്ങി കണ്ണുകളും കാതുകളും തുറന്ന് ഒന്ന് നോക്കിയാല്‍ മതി. അവനെപ്പോലെ ആയിരങ്ങളെ കാണാം. തങ്ങളുടെ ബലഹീനതകളെ ആയുധങ്ങളാക്കിയവരെ, വിധിയോട് പൊരുതുന്നവരെ. അവരെക്കാണുമ്പോള്‍ നാം തിരിച്ചറിയും നാം എത്രമാത്രം ഭാഗ്യം ചെയ്തവരാണെന്ന്.

Comments

comments

Categories: FK Special, Slider