ആഘോഷവേളകളിലെ വിമാനങ്ങളുടെ കൃത്യനിഷ്ഠത

ആഘോഷവേളകളിലെ വിമാനങ്ങളുടെ കൃത്യനിഷ്ഠത

ന്യൂയോര്‍ക്ക്: ക്രിസ്മസ് രാവ് അടുക്കാറായി, ലോകം ആഘോഷത്തിലേക്ക് ആണ്ടിറങ്ങാന്‍ ഒരുങ്ങുകയാണ്. അവധികളുടെയും ആഘോഷങ്ങളുടെയും സ്വകാര്യനിമിങ്ങളിലേക്ക് പറക്കാനൊരുങ്ങുമ്പോള്‍ വിമാന സര്‍വീസുകളുടെ വിശദാംശങ്ങള്‍ വിട്ടുപോകരുത്.

അവധി ദിവസങ്ങളില്‍ യാത്രാക്കാരാല്‍ തിങ്ങി നിറയുമ്പോള്‍ എത്ര വിമാനങ്ങള്‍ യാത്ര റദ്ദാക്കിയെന്നും എത്രയെണ്ണം സമയക്രമം പാലിക്കാതെ സര്‍വീസ് നടത്തുന്നുവെന്നുമുള്ള കാര്യങ്ങള്‍ പരിശോധിക്കണം. സമയവും പണവും പാഴാക്കുന്നകാര്യങ്ങളാണ് ഇവ. വിമാന സര്‍വീസുകളുടെ താഴപ്പിഴകള്‍ മൂലം സമയം കളയുന്നതിനായി കഴിഞ്ഞ വര്‍ഷത്തില്‍ ശരാശരി ഒരു യാത്രക്കാരന്‍ വിമാനത്താവളത്തില്‍ 141 ഡോളറാണ് ചെലവാക്കിയിരിക്കുന്നതെന്നാണ് കണക്ക്.

ചില വിമാനത്താവളങ്ങള്‍ ഇതില്‍ നിന്നും വ്യതസ്തമായി അവധി യാത്രകള്‍ മികച്ചവയാക്കുന്നതുമുണ്ടെന്നാണ് പേഴ്‌സണല്‍ ഫിനാന്‍സ് സൈറ്റായ മാഗ്നിഫൈ മണി വ്യക്തമാക്കുന്നത്. 2008 മുതല്‍ 2017 വരെയുള്ള പത്ത് വര്‍ഷത്തെ അമേരിക്കന്‍ ഗതാഗത വകുപ്പിന്റെ ഡാറ്റയുടെ അസ്ഥാനത്തില്‍ അമേരിക്കയിലെ 50 തിരക്കേറിയ വിമാനത്താവളങ്ങളിലെ ഓരോ വര്‍ഷത്തെയും ഡിസംബര്‍ 20 മുതല്‍ 31 വരെയുള്ള സര്‍വീസുകളാണ് മാഗ്നിഫൈ വിശകലനം ചെയ്തിരിക്കുന്നത്.

പ്രധാനമായും പത്ത് വിമാനത്താവളങ്ങളാണ് അമേരിക്കയില്‍ ഏറ്റവും മോശം പ്രകടനം നടത്തിയിരിക്കുന്നത്. 61.5 ശതമാനം കൃത്യസമയം പാലിച്ചപ്പോള്‍ 3.2 ശതമാനം സര്‍വീസുകള്‍ റദ്ദാക്കി ചിക്കാഗോ മിഡ്‌വേ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് മോശം പട്ടികയില്‍ ഒന്നാമതുള്ളത്. രണ്ടാം സ്ഥാനത്ത് ചിക്കാഗോയിലെ തന്നെ ഒ ഹാരെ വിമാനത്താവളമാണുള്ളത്. 61.6 ശതമാനം കൃത്യസമയവും 4.7 ശതമാനം റദ്ദാക്കുകയുമാണ് ഇവിടെയുണ്ടായിട്ടുള്ളത്. മൂന്ന് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങള്‍ യഥാക്രമം നെവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ വിമാനത്താവളം, ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളം, ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം, വില്യം പി ഹോബ്ബി എയര്‍പോര്‍ട്ട്, ഓക്‌ലാന്‍ഡ് അന്താരാഷ്ട്ര വിമാനത്താവളം, സിന്‍സിനാറ്റി മുനിസിപ്പല്‍ എയര്‍പോര്‍ട്ട്, സാള്‍ട്ട് ലേക്ക് സിറ്റി അന്താരാഷ്ട്ര വിമാനത്താവളം, ബാള്‍ട്ടിമോര്‍- വാഷിംഗ്ടണ്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ്.

ഇതേ ഡാറ്റ ഉപയോഗിച്ച് തന്നെ മികച്ച് പത്ത് വിമാനത്താവളങ്ങളേയും കണ്ടെത്തിയിട്ടുണ്ട്. ഹവായിയിലെ ഹോണലൂലു അന്താരാഷ്ട്ര വിമാനത്താവളമാണ് 84.2 ശതമാനം കൃത്യത പുലര്‍ത്തി ഒന്നാമതെത്തിയിരിക്കുന്നത്. 0.5 ശതമാനം മാത്രമാണ് ഇവിടെ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളു. ഹവായിയില്‍തന്നെയുള്ള കാഹുലു വിമാനത്താവളമാണ് രണ്ടാം സ്ഥാനത്ത്. 83.7 ശതമാനം സര്‍വീസുകളും ഇവിടെ കൃത്യ നിലനിര്‍ത്തിയപ്പോള്‍ 0.7 ശതമാനം സര്‍വീസുകള്‍ മാത്രമാണ് റദ്ദാക്കപ്പെട്ടത്. പട്ടികയില്‍ സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ അന്താരാഷ്ട്ര വിമാനത്താവളം മൂന്നാമതും ടാംപ അന്താരാഷ്ട്ര വിമാനത്താവളം നാലാമതും എത്തി. ടെക്‌സാസിലുള്ള സാന്‍ അന്റോണിയോ അന്താരാഷ്ട്ര വിമാനത്താവളം അഞ്ചാമതും ന്യൂയോര്‍ക്കിലുള്ള ലാഗാര്‍ഡിയ വിമാനത്താവളം ആറാമതുമായി പട്ടികയില്‍ ഇടംനേടി. ഓസ്റ്റിന്‍ ബെര്‍ഗ് സ്‌റ്റോം, ഒര്‍ലാദോ എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഏഴ് എട്ട് സ്ഥാനത്തായുണ്ട്. പട്ടികയില്‍ അവസാന രണ്ട് സ്ഥാനങ്ങളിലുള്ളത് ഷാര്‍ലറ്റ് ഡൗഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളവും മിയാമി അന്താരാഷ്ട്രവിമാനത്താവളവുമാണ്.

Comments

comments

Categories: FK News