ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് വാതില്‍ തുറന്ന് മാലദ്വീപ്

ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് വാതില്‍ തുറന്ന് മാലദ്വീപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോലിഹ് ഇന്നലെ ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഉയര്‍ച്ചയിലേക്ക്. ചൈനയ്ക്ക് തിരിച്ചടി

ന്യൂഡെല്‍ഹി: ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അതിശക്തമാക്കാന്‍ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇന്നലെ പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ചൈനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന മാലദ്വീപ് മുന്‍സര്‍ക്കാര്‍ ഇന്ത്യയോട് നിഷേധാത്മക നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. സോലിഹ് അധികാരത്തിലെത്തിയതോടെയാണ് ഇന്ത്യ വീണ്ടും മാലിക്കാര്‍ക്ക് പ്രിയപ്പെട്ട രാജ്യമായത്.

ഞായറാഴ്ച്ചയാണ് ത്രിദിന സന്ദര്‍ശനത്തിനായി സോലിഹ് ഇന്ത്യയിലെത്തിയത്. പ്രസിഡന്റായി ചുമതലയേറ്റ ശേഷം അദ്ദേഹം ആദ്യമായി നടത്തുന്ന വിദേശ സന്ദര്‍ശനമാണിത്. മാലദ്വീപിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഏറ്റവും അടുത്ത സുഹൃത്ത് മാത്രമല്ല ഏറ്റവും വലിയ വ്യാപാര പങ്കാളി കൂടിയാണെന്ന് സോലിഹ് പറഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബിസിനസുകാര്‍ മാലദ്വീപില്‍ വന്ന് വലിയ നിക്ഷേപം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവിടെ നിക്ഷേപിക്കുന്നതിന് നിങ്ങള്‍ക്ക് യാതൊരുവിധ തടങ്ങളുമുണ്ടാകില്ല-പ്രസിഡന്റ് വ്യക്തമാക്കി. അടിസ്ഥാനസൗകര്യം ഉള്‍പ്പടെ നിരവധി മേഖലകളില്‍ മാലദ്വീപില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് മികച്ച അവസരങ്ങളാണുള്ളത്.

ഉദാരവല്‍ക്കരണത്തിന് ശേഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മഹത്തരമായിരുന്നുവെന്നും മാലദ്വീപ് അതിവേഗത്തില്‍ വളരുന്ന വികസ്വര സമ്പദ് വ്യവസ്ഥകളിലൊന്നായി മാറുമെന്നും സോലിഹ് പറഞ്ഞു. വിദേശ നിക്ഷേപകര്‍ക്ക് വളരാനുള്ള നിയമപരമായ എല്ലാ പരിരക്ഷയും മാലദ്വീപ് ഒരുക്കും. ഓപ്പണ്‍ ഫോര്‍ ബിസിനസ് എന്നതാണ് നയം-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൂറിസം മേഖലയുടെ വികസനത്തിനാണ് മാലദ്വീപ് ഊന്നല്‍ നല്‍കുന്നതെന്നും പ്രസിഡന്റ്.

കടക്കെണി നയതന്ത്രത്തിന്റെ ഭാഗമായി ചൈന മാലദ്വീപില്‍ വലിയ നിക്ഷേപമാണ് നേരത്തെ നടത്തിയിരുന്നത്. മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീന്‍ ചൈനയുടെ പൂര്‍ണനിയന്ത്രണത്തിലുള്ള ഭരണാധികാരിയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യാ വിരുദ്ധ നയങ്ങളായിരുന്നു സ്വീകരിച്ചുപോന്നത്. കഴിഞ്ഞ ഫെബ്രുവരി 5ന് രാജ്യത്ത് യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ത്യയുമായുള്ള ബന്ധം വലിയ തോതില്‍ വഷളായി. തുടര്‍ന്ന് രാജ്യത്ത് അധികാരമാറ്റം സംഭവിച്ചതോടെയാണ് മാലദ്വീപിന്റെ ഇന്ത്യാസമീപനത്തില്‍ മാറ്റം വന്നത്. ചൈനയുടെ കുടിലതയെ കുറിച്ചും അധിനിവേശ പദ്ധതികളെ കുറിച്ചും ബോധ്യമുണ്ടായിരുന്ന നിലവിലെ പ്രസിഡന്റ് ഇന്ത്യഫസ്റ്റ് നയത്തിലേക്ക് ചുവട് മാറ്റുകയായിരുന്നു.

ഫിഷറീസ്, കാര്‍ഷികം, സേവനം തുടങ്ങിയ വിവിധ മേഖലകൡ ഇന്ത്യയും മാലദ്വീപും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭു ഞായറാഴ്ച്ച വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങള്‍ക്കും സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍ കണ്ടെത്തുന്നതിനായി ഉന്നതതല പ്രതിനിധി സംഘത്തെ ഇന്ത്യ മാലദ്വീപിലേക്ക് അയക്കും. ഇന്ത്യയില്‍ നിന്ന് മാലദ്വീപിലേക്ക് നേരിട്ടുള്ള കൂടുതല്‍ വിമാനങ്ങള്‍ ആരംഭിക്കുമെന്നും സുരേഷ് പ്രഭു വ്യക്തമാക്കി. 222.68 മില്ല്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്.

  • ചൈനയുടെ കടക്കെണി നയതന്ത്രത്തില്‍ വീണു പോയ മാലദ്വീപ് നയം മാറ്റി ഇന്ത്യയോടൊപ്പം
  • ഇബ്രാഹിം സോലിഹ് പ്രസിഡന്റായതോടെയാണ് ചൈനയോട് മാലദ്വീപ് അകലം പാലിച്ചത്
  • ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയുടെ ഭാഗമായിരുന്നു മാലദ്വീപ്
  • ഇന്ത്യയും മാലദ്വീപും തമ്മിലുള്ളത് 222.68 മില്ല്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം
  • ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് മാലദ്വീപ് പ്രസിഡന്റ്
  • ഇന്ത്യയില്‍ നിന്നും മാലദ്വീപിലേക്ക് കൂടുതല്‍ നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങും

Comments

comments

Categories: FK News
Tags: Maldives