2020 വരെ സ്‌പെക്ട്രം ലേലം വേണ്ടെന്ന് വോഡഫോണ്‍ ഐഡിയ

2020 വരെ സ്‌പെക്ട്രം ലേലം വേണ്ടെന്ന് വോഡഫോണ്‍ ഐഡിയ

ന്യൂഡെല്‍ഹി: 2020 വരെ സ്‌പെക്ട്രം ലേലം ആവശ്യമില്ലെന്ന് പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ. ഇത് സംബന്ധിച്ച് കമ്പനി ടെലികോം മന്ത്രാലയത്തിന് കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ അതീവ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയ്ക്ക് 2020ന് ശേഷം മാത്രമേ സ്‌പെക്ട്രം ലേലത്തിന്റെ ആവശ്യകതയുള്ളൂവെന്നാണ് വോഡഫോണ്‍ ഐഡിയയുടെ നിലപാട്.

ആദ്യം 5ജി ആവാസവ്യവസ്ഥ സജ്ജമാകട്ടെ, അതിനു ശേഷമേ ഗുണനിലവാരമുള്ള റേഡിയോ തരംഗങ്ങള്‍ക്ക് ആവശ്യകത ഉയരുകയുള്ളൂ-സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 5ജി മികച്ച രീതിയില്‍ പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ കാര്യക്ഷമമായ 4ജി ശൃംഖല അനിവാര്യമാണ്. നിലവില്‍ രാജ്യത്തെ ടെലികോം സേവന ദാതാക്കള്‍ 4ജി ശൃംഖലകള്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിലാണ് ശ്രദ്ധയൂന്നുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പൂര്‍ണമായും 5ജി ശൃംഖലയ്ക്ക് സജ്ജമാക്കി മാറ്റേണ്ടതുണ്ട്-വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് വ്യക്തമാക്കി.

5ജി ആവാസവ്യവസ്ഥ സജ്ജമായെങ്കില്‍ മാത്രമേ ഗുണനിലവാരമുള്ള സ്‌പെക്ട്രത്തിന്റെ ആവശ്യകത വരൂ. അതിന് 2020 വരെ സമയമെടുത്തേക്കും-കമ്പനി വ്യക്തമാക്കി. മിക്ക ടെലികോം കമ്പനികളും സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സമയത്താണ് വോഡഫോണ്‍ ഐഡിയയുടെ കത്തെന്നുള്ളത് ശ്രദ്ധേയമാണ്.

ടെലികോം വിപണിയെ ഇളക്കി മറിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ രംഗപ്രവേശം ചെയ്തതോടെയാണ് പിടിച്ചുനില്‍ക്കുന്നതിന്റെ ഭാഗമായി ഐഡിയയ്ക്കും വോഡഫോണിനും ലയിക്കേണ്ടി വന്നത്. 2016ലാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ ജിയോ പ്രവര്‍ത്തനമാരംഭിച്ചത്. കോളുകള്‍ സൗജന്യമാക്കിയും വളരെ കുറഞ്ഞ നിരക്കില്‍ ഡാറ്റ നല്‍കിയും ജിയോ വിപണി പിടിച്ചതോടെ എയര്‍ടെലും വോഡഫോണും ഐഡിയയുമെല്ലാം തന്ത്രങ്ങള്‍ മാറ്റാനും നിരക്ക് കുറയ്ക്കാനും നിര്‍ബന്ധിതരായി. അതുവരെ ടെലികോം വിപണിയില്‍ നിലനിന്നിരുന്ന ബിസിനസ് മോഡലുകളെല്ലാം തന്നെ പുനര്‍നിര്‍വചനത്തിന് വിധേയമായി. ഇതോടെ കമ്പനികളുടെ സാമ്പത്തിക ആരോഗ്യവും പ്രശ്‌നത്തിലായി.

സ്‌പെക്ട്രം ലേലം വന്നാല്‍ വലിയ സാമ്പത്തിക ബാധ്യതയാണ് കമ്പനികളെ സംബന്ധിച്ചോളം ഇനിയും ഉണ്ടാകുക. അതിനാല്‍ തന്നെ 5ജി സ്‌പെക്ട്രം താങ്ങാവുന്ന നിരക്കിലുള്ളതാക്കണമെന്നും ഡിജിറ്റല്‍ ഇന്ത്യയെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതില്‍ ടെലികോം മേഖലയുടെ പങ്ക് വലുതാണെന്നുമാണ് കമ്പനികളുടെ നിലപാട്. ടെലികോം മേഖലയെ പിന്തുണയ്ക്കണമെന്ന് തുടര്‍ച്ചയായി വിപണി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുമുണ്ട്.

ലേലം നേരത്തെ നടത്തിയാല്‍ അതില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് ഒരു പ്രമുഖ കമ്പനി തീരുമാനമെടുത്തതായി അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 5ജി സ്‌പെക്ട്രത്തിനായുള്ള ചെലവ് വളരെ വലുതായിരിക്കുമെന്ന വിലയിരുത്തലില്‍ ആയിരുന്നു അത്. ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ നേരത്തെ നല്‍കിയ സൂചന അനുസരിച്ച് 2019ന്റെ രണ്ടാം പകുതിയില്‍ 5ജി സ്‌പെക്ട്രം വില്‍പ്പന നടന്നേക്കും. അതേസമയം 2019 സാമ്പത്തിക വര്‍ഷത്തില്‍ ലേലം നടക്കാന്‍ സാധ്യതയില്ലെന്നും ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.

Comments

comments

Categories: Business & Economy, Slider