ജെറ്റ് എയര്‍വെയ്‌സില്‍ ഫോറന്‍സിക് ഓഡിറ്റിന് എസ്ബിഐ ഉത്തരവിട്ടു

ജെറ്റ് എയര്‍വെയ്‌സില്‍ ഫോറന്‍സിക് ഓഡിറ്റിന് എസ്ബിഐ ഉത്തരവിട്ടു

മുംബൈ: കടബാധ്യത പുനര്‍നിര്‍ണയിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും എക്കൗണ്ടുകളിലെ പിഴവുകള്‍ കണ്ടെത്തുന്നതിനും ജെറ്റ് എയര്‍വെയ്‌സിന്റെ ബുക്കില്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉത്തരവിട്ടു. ബഹുരാഷ്ട്ര പ്രൊഫഷണല്‍ സര്‍വീസസ് കമ്പനിയായ ഇവൈ എല്‍എല്‍പിക്കാണ് ഓഡിറ്റ് ജോലി നല്‍കിയിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വെയ്‌സിന്റെ 2014 ഏപ്രില്‍ 1 മുതല്‍ 2018 മാര്‍ച്ച് 31 വരെയുള്ള എക്കൗണ്ടുകളാണ് ഇവൈ എല്‍എല്‍പി പരിശോധിക്കുക. ഒരു കമ്പനിയുടെ വായ്പ പുനര്‍നിര്‍ണയിക്കുന്ന സമയത്തോ അധിക മൂലധനം ആവശ്യമായി വരുന്ന സാഹചര്യങ്ങളിലും (പ്രത്യേകിച്ച് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യങ്ങളില്‍) ഇത്തരത്തില്‍ ഫോറന്‍സിക് പരിശോധന നടത്താറുണ്ടെന്ന് ജെറ്റ് എയര്‍വെയ്‌സിന്റെ വായ്പാദാതാക്കളുടെ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായ ഒരു ബാങ്കര്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ കമ്പനിയുടെ കടം പുനര്‍നിര്‍ണയിക്കുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവെക്കാനാണ് തങ്ങള്‍ നോക്കുന്നതെന്നും അതുകൊണ്ട് ഔദ്യോഗികമായ കണക്കുപരിശോധന ആവശ്യമാണെന്നുമാണ് ബാങ്കര്‍മാര്‍ പറയുന്നത്. ജെറ്റ് എയര്‍വെയ്‌സിന്റെ നിക്ഷേപകരില്‍ ചില പ്രത്യേക എക്കൗണ്ടുകളുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ചില പരാതിയുടെ സ്വഭാവം പരിശോധിച്ച ശേഷം മാത്രം ഇവ അന്വേഷിക്കാനാണ് കണ്‍സോര്‍ഷ്യത്തിന്റെ തീരുമാനം. ബാക്കിയുള്ളവ ഗൗരവമുള്ളവയല്ലെന്നും ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ചൂണ്ടിക്കാട്ടി.

ഒക്‌റ്റോബറിലെ കണക്ക് പ്രകാരം ആഭ്യന്തര വ്യോമയാന വിപണിയില്‍ 13.3 ശതമാനം വിഹിതമാണ് ജെറ്റ് എയര്‍വെയ്‌സിനുള്ളത്. ഇന്ധന വില വര്‍ധനയും രൂപയുടെ മൂല്യ തകര്‍ച്ചയും കാരണം പ്രതിസന്ധിയിലായ കമ്പനിക്ക് വിപണിയില്‍ പിടിച്ചുനില്‍ക്കുന്നതിന് അടിയന്തരമായി നിക്ഷേപം സമാഹരിക്കേണ്ടതുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജീവനക്കാരുടെ ശമ്പളം പോലും കമ്പനി കൊടുത്തിട്ടില്ല.

നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 1,297.46 കോടി രൂപയുടെ അറ്റ നഷ്ടമാണ് ജെറ്റ് എയര്‍വെയ്‌സ് രേഖപ്പെടുത്തിയത്. കമ്പനിയെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നതിന് 150 മില്യണ്‍ ഡോളറിന്റെ വായ്പാ ഗ്യാരണ്ടി അടിയന്തിര സഹായമായി ഇത്തിഹാദ് എയര്‍വെയ്‌സ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 2013ല്‍ ജെറ്റിന്റെ 24 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത്‌കൊണ്ട് ഇത്തിഹാദ് കമ്പനിയെ സഹായിച്ചിരുന്നു. പക്ഷെ, നിലവിലെ സാഹചര്യം വ്യത്യസ്തമാണ്. അതുകൊണ്ടാണ് തല്‍ക്കാലമുള്ള പരിഹാരമായി കമ്പനിയുടെ വായ്പാ ഉറപ്പില്‍ 150 മില്യണ്‍ ഡോളറിന്റെ വായ്പ ലഭ്യമാക്കുമെന്ന് ഇത്തിഹാദ് സമ്മതിച്ചത്.

Comments

comments

Categories: Business & Economy, Slider
Tags: Jet Airways