ഒക്കിനാവ ഐ-പ്രെയ്‌സ് പ്രീ-ബുക്കിംഗ് ആരംഭിച്ചു

ഒക്കിനാവ ഐ-പ്രെയ്‌സ് പ്രീ-ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഒക്കിനാവ ഐ-പ്രെയ്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. ഒക്കിനാവ സ്‌കൂട്ടേഴ്‌സിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ 5,000 രൂപ നല്‍കി ബുക്കിംഗ് നടത്താം. ആദ്യ ബാച്ച് പ്രീ-ബുക്കിംഗ് 500 പേര്‍ക്കായി പരിമിതപ്പെടുത്തിയതായി ഒക്കിനാവ സ്‌കൂട്ടേഴ്‌സ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ ജീതേന്ദര്‍ ശര്‍മ്മ അറിയിച്ചു.

ഒക്കിനാവ ഐ-പ്രെയ്‌സ് ജനുവരിയില്‍ വിപണിയില്‍ അവതരിപ്പിക്കും. ഇതേതുടര്‍ന്ന് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കും. ഗുരുഗ്രാം ആസ്ഥാനമായ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ഒക്കിനാവ സ്‌കൂട്ടേഴ്‌സ്. ഇന്ത്യയിലാകമാനം ഇരുനൂറിലധികം അംഗീകൃത ഡീലര്‍മാര്‍ പ്രവര്‍ത്തിക്കുന്നു.

അഴിച്ചുമാറ്റി ചാര്‍ജ് ചെയ്യാവുന്ന ലിഥിയം അയണ്‍ ബാറ്ററിയാണ് ഐ-പ്രെയ്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷത. ഇത് ബാറ്ററി ചാര്‍ജിംഗ് കുറേക്കൂടി എളുപ്പമാക്കും. ചാര്‍ജിംഗ് സമയം 2-3 മണിക്കൂറായി കുറയ്ക്കാന്‍ കഴിഞ്ഞതായി ഒക്കിനാവ അവകാശപ്പെട്ടു. സിംഗിള്‍ ചാര്‍ജില്‍ 160-180 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. മണിക്കൂറില്‍ 75 കിലോമീറ്ററാണ് ടോപ് സ്പീഡ്.

1000 വാട്ട്, ബിഎല്‍ഡിസി ഇലക്ട്രിക് മോട്ടോറാണ് സ്‌കൂട്ടറിന് കരുത്തേകുന്നത്. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇ-എബിഎസ്, മൊബീല്‍ ചാര്‍ജിംഗ് യുഎസ്ബി പോര്‍ട്ട്, ആന്റി തെഫ്റ്റ് അലാം തുടങ്ങിയവ സവിശേഷതകളാണ്. ഒക്കിനാവ പ്രെയ്‌സുമായി താരതമ്യം ചെയ്യുമ്പോള്‍ ഐ-പ്രെയ്‌സിന്റെ ആകെ ഭാരം 40 ശതമാനം വരെ കുറയ്ക്കാന്‍ സാധിച്ചതായും കമ്പനി അറിയിച്ചു. മുന്‍ഗാമിയായ ഒക്കിനാവ പ്രെയ്‌സ് ലെഡ് ആസിഡ് ബാറ്ററിയാണ് ഉപയോഗിക്കുന്നത്.

Comments

comments

Categories: Auto
Tags: Okinawa