ലയനം ബാങ്ക് ശാഖകളെ ഇല്ലാതാക്കും: എഐബിഇഎ

ലയനം ബാങ്ക് ശാഖകളെ ഇല്ലാതാക്കും: എഐബിഇഎ

ബാങ്കുകളുടെ ഏകീകരണത്തിന് പകരം ബാങ്കിംഗ് മേഖലയുടെ വിപുലീകരണമാണ് രാജ്യത്തിന് ആവശ്യമെന്ന് എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം

ന്യൂഡെല്‍ഹി: ബാങ്ക് ഓഫ് ബറോഡ, വിജയ, ദേന ബാങ്കുകളുടെ ലയന തീരുമാനത്തില്‍ പ്രതിഷേധിച്ച് ഈ മാസം 26ന് ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കും. ഒന്‍പത് ബാങ്കുകളുടെ കണ്‍സോര്‍ഷ്യമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് (യുഎഫ്ബിയു) പണിമുടക്കിന് ആഹ്വാനം ചെയ്തത്.

രാജ്യത്തെ എല്ലാവരിലേക്കും ബാങ്കിംഗ് സേവനം എത്തിക്കുന്നതില്‍ രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ലയന നടപടികള്‍ ബാങ്ക് ശാഖകളെ ഇല്ലാതാക്കുകയും ഇത് വലിയ വായ്പകള്‍ വീണ്ടെടുക്കുന്നതില്‍ നിന്നും ശ്രദ്ധ തിരിക്കുകയും ചെയ്യുമെന്ന് എഐബിഇഎ (ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍) ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം പ്രസ്താവനയില്‍ പറഞ്ഞു. യുഎഫ്ബിയുവിലെ ഒരു ഘടകമാണ് എഐബിഇഎ.

ലയന നടപടികള്‍ തീര്‍ച്ചയായും ബാങ്ക് ശാഖകളുടെ അടച്ചുപൂട്ടലിന് കാരണമാകും. എല്ലാവരിലേക്കും ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുന്നതിന് ബ്രാഞ്ച് വിപുലീകരണം ആവശ്യമുള്ളപ്പോഴാണിത്. ലയനം ബ്രാഞ്ച് വിപുലീകരണത്തിന് വിരുദ്ധമായ നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ബാങ്കുകളുടെ സാന്ദ്രത വളരെ കുറവാണ്. അതുകൊണ്ട് തന്നെ ബാങ്കുകളുടെ ഏകീകരണത്തിന് പകരം ബാങ്കിംഗ് മേഖലയുടെ വിപുലീകരണമാണ് രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

323 മില്യണ്‍ ജനസംഖ്യയുള്ള അമേരിക്കയിലെ ബാങ്കുകളുടെ എണ്ണം 1.35 ബില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യയിലെ ബാങ്കുകളുടെ എണ്ണത്തേക്കാള്‍ വളരെ കൂടുതലാണ്. ഇന്ത്യയില്‍ ആവശ്യത്തിലധികം ബാങ്കുകളില്ലെന്നും അതുകൊണ്ട് ബാങ്കിംഗ് മേഖലയുടെ ഏകീകരണം ആവശ്യമില്ലെന്നും ബാങ്കുകള്‍ നേരിടുന്ന നിഷ്‌ക്രിയാസ്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുള്ള കടുത്ത നടപടി സ്വീകരിക്കണമെന്നും വെങ്കടാചലം പറഞ്ഞു.

ബാങ്ക് ഓഫ് ബറോഡ, ദേന, വിജയ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയാസ്തി 80,000 കോടി രൂപയാണ്. ഈ ബാങ്കുകള്‍ ലയിപ്പിക്കുന്നതോടെ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ കഴിയുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. ആറ് ബാങ്കുകളെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചതിന് ശേഷം എന്‍പിഎ 2,25,000 കോടി രൂപയായി ഉയരുകയാണ് ഉണ്ടായത് എന്നും വെങ്കടാചലം പറഞ്ഞു.

Comments

comments

Categories: Business & Economy, Slider