ജിഎസ്ടിക്ക് ശേഷം സാധാരണക്കാര്‍ക്ക് കൂടുതല്‍ മിച്ചം പിടിക്കാന്‍ സാധിക്കുന്നു

ജിഎസ്ടിക്ക് ശേഷം സാധാരണക്കാര്‍ക്ക് കൂടുതല്‍ മിച്ചം പിടിക്കാന്‍ സാധിക്കുന്നു

ന്യൂഡെല്‍ഹി: ചരക്കുസേവനനികുതി (ജിഎസ്ടി) പ്രാബല്യത്തിലായ ശേഷം ഒരു ശരാശരി ഇന്ത്യക്കാരന്‍ സാധാരണയായി ഉപയോഗിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍, ഭക്ഷ്യ എണ്ണ, കോസ്‌മെറ്റിക്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ പ്രതിമാസം 320 രൂപയെങ്കിലും ലാഭിക്കുന്നതായി റിപ്പോര്‍ട്ട്. പ്രതിമാസം കൂടുതല്‍ തുക മിച്ചം പിടിക്കാന്‍ ജിഎസ്ടിക്ക് ശേഷം സാധാരണക്കാര്‍ക്ക് സാധിച്ചക്കുന്നതായി ധനകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അവകാശപ്പെടുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

2017 ജൂലൈ 1നാണ് അതുവരെ നിലനിന്നിരുന്ന 17 വ്യത്യസ്ത നികുതികളെ ഏകീകരിച്ച് ഒരു രാഷ്ട്രം, ഒരു നികുതിയെന്ന സങ്കല്‍പ്പത്തില്‍ ജിഎസ്ടി നടപ്പിലാക്കിയത്. നികുതിക്ക് മേല്‍ നികുതിയെന്ന സംവിധാനത്തെ ഇല്ലാതാക്കി ഇടപാടുകള്‍ ലളിതവും സുതാര്യവുമാക്കാന്‍ പരിഷ്‌കരണത്തിലൂടെ സാധിച്ചു. ഫുഡ് ആന്‍ഡ് ബിവറെജസ്, ടൂത്ത് പേസ്റ്റ്, സോപ്പ്, വാഷിംഗ് പൗഡര്‍, ഫൂറ്റ്‌വെയര്‍ തുടങ്ങി സാധാരണയായി വീടുകളില്‍ ഉപയോഗിക്കുന്ന 83ഓളം ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടിക്ക് ശേഷം നികുതി കുറഞ്ഞിട്ടുണ്ട്.

ദൈനംദിന ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഇത്തരം സാധനങ്ങള്‍ വാങ്ങാന്‍ പ്രതിമാസം 8,400 രൂപയാണ് ചെലവഴിക്കുന്നതെങ്കില്‍. ഇപ്പോള്‍ നല്‍കേണ്ട നികുതി 510 രൂപയാണ്. ജിഎസ്ടിക്ക് മുമ്പിത് 830 രൂപയും. അതായത് 320 രൂപയുടെ ലാഭം.

നേരത്തെയുള്ള സംവിധാനത്തില്‍ ഒരുല്‍പ്പന്നം ഫാക്റ്ററിയില്‍ നിര്‍മിക്കുമ്പോള്‍ കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി ചുമത്തും, സംസ്ഥാനസര്‍ക്കാരുകള്‍ വാറ്റും. ഉല്‍പ്പന്നത്തിന്റെ അടിസ്ഥാനവിലയ്ക്ക് മേല്‍ ഉപഭോക്താവ് വാറ്റും എക്‌സൈസ് ഡ്യൂട്ടിയും നല്‍കേണ്ട അവസ്ഥയായിരുന്നു. പുതിയ നികുതി വന്നതോടെ ഉപഭോക്താവ് ഉല്‍പ്പന്നം വാങ്ങുമ്പോഴാണ് ജിഎസ്ടി ഈടാക്കുന്നത്.

പാല്‍പ്പൊടി, തൈര്, ബട്ടര്‍മില്‍ക് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി പ്രാബല്യത്തിലായ ശേഷം കുറഞ്ഞ നികുതിയാണ് ചുമത്തുന്നതെന്ന് ധനകാര്യമന്ത്രാലയത്തിലെ പേര് വെളിപ്പെടുത്താത്ത സ്രോതസ്സ് വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy, Slider
Tags: GST