സേനയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കും: ജനറല്‍ ബിപിന്‍ റാവത്ത്

സേനയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കും: ജനറല്‍ ബിപിന്‍ റാവത്ത്

ഹൈദരാബാദ്: ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി കൂടുതല്‍ വനിതകളെ നിയമിക്കുമെന്ന് ചീഫ് ജനറല്‍ ബിപിന്‍ റാവത്ത്. സൈബര്‍ സ്‌പെഷ്യലിസ്റ്റുകള്‍, ഇന്റെര്‍പ്രറ്റേര്‍സ് എന്നിങ്ങനെ യുദ്ധമുഖത്ത് നേരിട്ടെത്താത്ത വിഭാഗങ്ങളിലായിരിക്കും സ്ത്രീകളുടെ നിയമനങ്ങള്‍ വര്‍ധിപ്പിക്കുക. മിലിട്ടറി പൊലീസ് വിഭാഗത്തിലേക്കും സ്ത്രീകളെ കൂടുതലായി നിയമിക്കും. ദുണ്ടിഗല്‍ എയര്‍ ഫോഴ്‌സ് അക്കാഡമിയിലെ ബിരുദദാന പരേഡില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇപ്പോള്‍ തന്നെ സേനയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യമുണ്ട്. ഇത് വിപുലീകരിക്കുന്നതിനാണ് ശ്രമം നടത്തുന്നത്. നിലവില്‍ സേനയുടെ നിയമ, വിദ്യാഭ്യാസ ചുമതലകളിലാണ് കൂടുതല്‍ സ്ത്രീകളുള്ളത്.

ഓഡിറ്റ് സേവനങ്ങള്‍, വിവര ശേഖരണം എന്നീ ചുമതലകളിലേക്കും സ്ത്രീകളുടെ നിയമനം വര്‍ധിപ്പിക്കും. മിലിട്ടറി പൊലീസില്‍ സ്ത്രീകളായ ജവാന്‍മാര്‍ വര്‍ധിപ്പിക്കുകയാണ്. ഇത് വ്യാപിപ്പിച്ച് സൈനിക മേഖലയിലേക്കും എത്തിക്കേണ്ടതുണ്ടോയെന്ന് പിന്നീട് ആലോചിക്കേണ്ടതാണെന്നും സൈനിക മേധാവി പറഞ്ഞു.
കഴിഞ്ഞ മാസം പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനിടെ യുദ്ധമുഖത്ത് സ്ത്രീകളെ സൈനികരായി ഉപയോഗിക്കുന്നതിലേക്ക് ഇന്ത്യന്‍ സേന തയാറെടുത്തിട്ടില്ലെന്ന് ജനറല്‍ റാവത്ത് പറഞ്ഞിരുന്നു.

വ്യേമസേനയിലേക്ക് കൂടുതലായി സ്ത്രീകള്‍ എത്തുന്നത് ഏറെ ഹൃദ്യമാണെന്ന് ദുണ്ടിഗല്‍ എയര്‍ ഫോഴ്‌സ് അക്കാഡമിയിലെ ബിരുദ പഠനം പൂര്‍ത്തിയാക്കിയ 24 കേഡറ്റുകളെ ചൂണ്ടിക്കാണിച്ച് റാവത്ത് പറഞ്ഞു. ആധുനിക കാലത്തെ യുദ്ധം സാങ്കേതിക വൈദഗ്ധ്യമുള്ള പൈലറ്റുമാരെയും നാവികരെയും സൈനികരെയും ആവശ്യപ്പെടുന്നുണ്ട്. വ്യോമസേനയില്‍ ഉള്‍പ്പടെ ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍ച്ചേര്‍ക്കുകയാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Current Affairs, Slider
Tags: Bipin Rawat