ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ട് യുഎസ് മാധ്യമ ഭീമന്മാര്‍

ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ട് യുഎസ് മാധ്യമ ഭീമന്മാര്‍

ന്യൂഡെല്‍ഹി: ചൈനയുമായുള്ള വ്യാപാര തര്‍ക്കം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലും മൊബീല്‍ മേഖല അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയുമായുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ യുഎസിലെ മാധ്യമ ഭീമന്മാര്‍ പദ്ധതിയിടുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് വിപണികളിലൊന്നാണ് ഇന്ത്യ. എന്നാല്‍, ഒന്നിലധികം സേവനങ്ങള്‍ക്ക് പണം നല്‍കാനുള്ളത്ര വരുമാനം രാജ്യത്തെ കുറച്ച് ഉപഭോക്താക്കള്‍ക്ക് മാത്രമാണുള്ളത്. ഇത് ഇന്ത്യന്‍ വിപണി പിടിച്ചടക്കുന്നതിന് ചില കമ്പനികള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്.

മിക്ക വികസ്വര രാജ്യങ്ങളെയും പോലെ ഇന്ത്യയും മൊബീല്‍ ഒണ്‍ലി ഇന്റര്‍നെറ്റ് സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമാണ്. പരിണാമ കഥയല്ല, മറിച്ച് വിപ്ലവ കഥയാണ് ഇന്ത്യയുടേതെന്നും ഫോറിന്‍ പോളിസി എംഡിയും ഇന്ത്യ കണക്റ്റഡ്: ഹൗ ദ സ്മാര്‍ട്ട്‌ഫോണ്‍ ഈസ് ട്രാന്‍സ്‌ഫോര്‍മിംഗ് ദ വേള്‍ഡ്ടസ് ലാര്‍ജെസ്റ്റ് ഡെമോക്രസി എന്ന പുസ്തകത്തിന്റ രചയിതാവുമായ രവി അഗര്‍വാള്‍ പറയുന്നു. കുറഞ്ഞ ഡാറ്റ നിരക്കുകളില്‍ ദശലക്ഷ കണക്കിന് ആളുകള്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണുകളില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. യുഎസ് കോര്‍പ്പറേറ്റുകള്‍ വിപണിയില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ ഫലമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സമ്പുഷ്ടമായ വടക്കേ അമേരിക്കയിലെ ഡിജിറ്റല്‍ വിപണികളില്‍ നിന്നും വ്യത്യസ്തമായി, ഇന്ത്യയുടെ ഡിജിറ്റല്‍ വിപണികള്‍ക്ക് ഇനിയും വളരാനുള്ള സാധ്യതയുണ്ട്. ചൈന കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ഓണ്‍ലൈന്‍, സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഇന്ത്യയാണ്. ഏകദേശം 500 മില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളും 530 മില്യണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുമാണ് രാജ്യത്തുള്ളത്. രാജ്യത്തെ മൊത്തം ജനംസഖ്യയുടെ 40 ശതമാനത്തോളം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരാണ്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയിലധികമാകുമെന്നാണ് സിസ്‌കോയുടെ വെര്‍ച്വല്‍ നെറ്റ്‌വര്‍ക്കിംഗ് സൂചിക വ്യക്തമാക്കുന്നത്.

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിപണിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനും രാജ്യത്ത് തങ്ങളുടെ സാന്നിധ്യം വിപുലപ്പെടുത്താനും ശക്തമാക്കാനും പാശ്ചാത്യ മാധ്യമ കമ്പനികള്‍, പ്രത്യേകിച്ച് യുഎസിലെ മാധ്യമ ഭീമന്മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചില കമ്പനികള്‍ ഇതിനോടകം തന്നെ ഇന്ത്യയില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അതുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാള്‍സ്ട്രീറ്റ് ജേണല്‍, ദ ന്യൂയോര്‍ക്ക് ടൈംസ്, എന്‍പിആര്‍ തുടങ്ങി യുഎസിലെ പ്രമുഖ മാധ്യമങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ലോകത്തെ അറിയിക്കുന്നതിന് തങ്ങളുടെ ജീവനക്കാരെ ഇന്ത്യയിലേക്കു കൂടി വ്യാപിപ്പിക്കുന്നുണ്ട്.

ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികളും ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനായി ‘ദ നെക്സ്റ്റ് ബില്യണ്‍ യൂസേഴ്‌സ്’ എന്ന പദ്ധതി കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ആരംഭിച്ചിരുന്നു. വിപണിയില്‍ ഫേസ്ബുക്കിന്റെ സോഷ്യല്‍ മീഡിയ, മെസേജിംഗ് ആധിപത്യം തകര്‍ക്കുന്നതിന് ‘നെയ്‌ബേര്‍ലി’ എന്ന പേരില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിള്‍. കഴിഞ്ഞയാഴ്ച ആമസോണും ഔദ്യോഗികമായി ‘സ്പാര്‍ക്ക’് എന്ന പേരില്‍ ഒരു ഇ-കൊമേഴ്‌സ് സൈറ്റ് ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്. നെറ്റ്ഫഌക്‌സ്, ആമസോണ്‍, സ്‌പോട്ടിഫൈ, യൂട്യൂബ് തുടങ്ങിയ വീഡിയോ സ്ട്രീമിംഗ് കമ്പനികളും ഇന്ത്യയില്‍ നിന്നും വന്‍ ലാഭം കൊയ്യാന്‍ ലക്ഷ്യമിടുന്നുണ്ട്.

Comments

comments

Categories: FK News