ആര്‍ബിഐയുമായി തര്‍ക്കങ്ങളില്ല, അഭിപ്രായ ഭിന്നത മാത്രമാണുള്ളതെന്ന് ജയ്റ്റ്‌ലി

ആര്‍ബിഐയുമായി തര്‍ക്കങ്ങളില്ല, അഭിപ്രായ ഭിന്നത മാത്രമാണുള്ളതെന്ന് ജയ്റ്റ്‌ലി

ആര്‍ബിഐ നിയമം സെക്ഷന്‍ 7ന്റെ ഉപയോഗമാണ് കേന്ദ്ര ബാങ്കിനും സര്‍ക്കാരിനുമിടയിലെ അസ്വസ്ഥതകള്‍ക്ക് കാരണം

മുംബൈ: കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ലെന്നും അഭിപ്രായ ഭിന്നതകള്‍ മാത്രമാണുള്ളതെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കേന്ദ്ര ബാങ്കിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില കാഴ്ചപ്പാടുകളില്‍ സര്‍ക്കാരിന് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍, ഇത്തരം ഭിന്നതകള്‍ ആര്‍ബിഐയുമായുള്ള തര്‍ക്കങ്ങള്‍ അല്ലെന്നും ജയ്റ്റ്‌ലി വിശദീകരിച്ചു. ടൈംസ് നെറ്റ്‌വര്‍ക്ക് ഇക്കണോമിക് കോണ്‍ക്ലേവില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ കാലങ്ങളിലെ സര്‍ക്കാരുകള്‍ക്കും കേന്ദ്ര ബാങ്കുമായി അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം പരിഹരിക്കപ്പെടുകയോ ആര്‍ബിഐ ഗവര്‍ണര്‍മാര്‍ രാജിവെക്കുകയോ ചെയ്തിട്ടുണ്ട്. ആര്‍ബിഐ നിയമത്തിലെ സെക്ഷന്‍ ഏഴ് പ്രകാരം പണലഭ്യതയും വായ്പാ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച നടത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പാ വിതരണവും പണ ലഭ്യതയുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ ആശങ്കകളില്‍ കേന്ദ്ര ബാങ്കിന് ഉത്തരവാദിത്തമുണ്ടെന്നും കേന്ദ്ര ബാങ്കിന്റെ പ്രവര്‍ത്തനാധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്തുന്നില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു.

ആര്‍ബിഐ നിയമം സെക്ഷന്‍ 7ന്റെ ഉപയോഗമാണ് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. പൊതുതാല്‍പ്പര്യ പ്രകാരം കേന്ദ്ര ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിനെ അനുവദിച്ചുകൊണ്ടുള്ള വകുപ്പാണ് സെക്ഷന്‍ 7. ഈ വകുപ്പ് ഉപയോഗപ്പെടുത്തികൊണ്ട് ആര്‍ബിഐയുടെ സ്വയംഭരണാധികാരത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് ചിലര്‍ ആരോപിക്കുന്നത്.

ഒരു പരമാധികാര ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ എന്ന നിലയില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നം വായ്പാ വിതരണവും പണലഭ്യതയുമാണെന്ന് തങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ട്, ഉയര്‍ന്ന വളര്‍ച്ചയുള്ള രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം നിലനിര്‍ത്തുന്നതിന് ഈ പ്രശ്‌നങ്ങള്‍ക്ക് കേന്ദ്ര ബാങ്ക് പരിഹാരം കണ്ടെത്തണമെന്നും ജയ്റ്റ്‌ലി പറഞ്ഞു. ഇതെങ്ങനെ ഒരു തര്‍ക്ക വിഷയമാകുമെന്നും ജയ്റ്റ്‌ലി ചോദിച്ചു.

ഭരണ സംവിധാനത്തിലെ സങ്കീര്‍ണ്ണതകള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് രാജിവെച്ചിട്ടുള്ള ആര്‍ബിഐ ഗവര്‍ണര്‍മാരുടെ പേരുകളും ജയ്റ്റ്‌ലി പരാമര്‍ശിച്ചു. നെഹ്‌റുവിന്റെ കാലത്ത് ഗവര്‍ണര്‍ ആയിരുന്ന ബെനഗല്‍ രാമ റാവു രാജിവെച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ ആയിരുന്ന എസ് ജഗന്നാഥനോട് രാജി ആവശ്യപ്പെട്ടിരുന്നതായും ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News
Tags: RBI

Related Articles