ലക്ഷ്യം കൈവരിക്കാന്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കണം: അമിതാഭ് കാന്ത്

ലക്ഷ്യം കൈവരിക്കാന്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കണം: അമിതാഭ് കാന്ത്

ന്യൂഡെല്‍ഹി: ഏഴ് വര്‍ഷംകൊണ്ട് (2025ഓടെ) അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുന്നതിന് രാജ്യത്തുനിന്നുള്ള കയറ്റുമതിയില്‍ വലിയ വര്‍ധന ആവശ്യമാണെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തില്‍ കയറ്റുമതിക്ക് നല്‍കുന്ന പ്രോത്സാഹനം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ട്രില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിക്കുന്നതില്‍ സ്വകാര്യ മേഖല നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. രാജ്യത്തിന്റെ ബിസിനസ് സൗഹൃദ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിന് റെറ, ജിഎസ്ടി, ഐബിസി തുടങ്ങിയ പരിഷ്‌കരണങ്ങള്‍ക്കൊപ്പം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നിരവധി നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടിട്ടുണ്ട്. ഈ നടപടികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും കാന്ത് അഭിപ്രായപ്പെട്ടു.

അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 9-10 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തിലുള്ള വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് കയറ്റുമതി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നാണ് കാന്ത് പറയുന്നത്. കയറ്റുമതിയുടെ കരുത്തില്ലാതെ ഒരു രാജ്യവും വളര്‍ച്ച പ്രകടമാക്കിയിട്ടില്ല. ജപ്പാന്‍, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളെല്ലാം സാമ്പത്തിക വളര്‍ച്ച കൈവരിച്ചിട്ടുള്ളത് കയറ്റുമതിയുടെ പിന്തുണയോടെയാണ്. അതുകൊണ്ട് ഇന്ത്യ കയറ്റുമതിക്ക് പ്രാധാന്യം നല്‍കണം. മാനുഫാക്ച്ചറിംഗ് മേഖലയുടെ വളര്‍ച്ചയ്ക്കും ആഗോള വിപണികളിലേക്ക് പ്രവേശിക്കുന്നതും ഇത് ആവശ്യമാണെന്നും കാന്ത് വിശദീകരിച്ചു.

ഈ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ടാറ്റ കണ്‍സട്ടന്‍സി സര്‍വീസസ് (ടിസിഎസ്) പോലുള്ള 100 ചാംപ്യന്‍ കമ്പനികളെ രാജ്യം സൃഷ്ടിക്കേണ്ടതുണ്ടെന്നും ഈ കമ്പനികള്‍ക്ക് മതിയായ പിന്തുണ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും കാന്ത് പറഞ്ഞു. ടൈംസ് നെറ്റ് വര്‍ക്ക് സംഘടിപ്പിച്ച ഇന്ത്യ ഇക്കണോമിക് കോണ്‍ക്ലേവില്‍ സാംസാരിക്കുമ്പോഴാണ് കാന്ത് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

Comments

comments

Categories: FK News
Tags: Amitabh Kant