കാര്‍ഷിക കടാശ്വാസം ബാധ്യത; പാവപ്പെട്ടവര്‍ക്ക് ഗുണമില്ല: രഘുറാം രാജന്‍

കാര്‍ഷിക കടാശ്വാസം ബാധ്യത; പാവപ്പെട്ടവര്‍ക്ക് ഗുണമില്ല: രഘുറാം രാജന്‍

സമ്പദ് വ്യവസ്ഥയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല; കടക്കെണിയിലായ കമ്പനികളുടെ പ്രശ്‌നപരിഹാരം കോടതികള്‍ക്ക് പുറത്ത് വേണം

ന്യൂഡെല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന സര്‍ക്കാരുകളുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. സമ്പദ് വ്യവസ്ഥക്ക് കനത്ത ആഘാതമാണ് കാര്‍ഷിക കടാശ്വാസ പദ്ധതികള്‍ എല്‍പ്പിക്കുന്നതെന്ന് രാജന്‍ പറഞ്ഞു. ഏറ്റവും പാവപ്പെട്ട കര്‍ഷകര്‍ക്കല്ല, ബാങ്കുകളുമായി ഏറ്റവും അടുത്തു നില്‍ക്കുന്നവര്‍ക്കാണ് പലപ്പോഴും ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. നിക്ഷേപങ്ങളെയും ഇത് ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തിലെത്തുകയും കേന്ദ്ര സര്‍ക്കാര്‍ വന്‍ കാര്‍ഷിക കടാശ്വാസ പദ്ധതിയെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാജന്റെ വിമര്‍ശനമെന്നത് ശ്രദ്ധേയമാണ്. ‘ഇന്ത്യക്കായി ഒരു സാമ്പത്തിക തന്ത്രം’ എന്ന പേരില്‍ 13 സാമ്പത്തിക വിദഗ്ധര്‍ ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ട് പുറത്തു വിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്തിന്റെ സാമ്പത്തിക മുന്‍ഗണനാ മേഖലകള്‍ ചൂണ്ടിക്കാട്ടുന്ന രൂപരേഖയാണിത്.

കടക്കെണിയിലായ കമ്പനികളുടെ പ്രശ്‌നപരിഹാരം കോടതിക്ക് പുറത്ത് നടക്കണമെന്നും ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ അവസാന ആശ്രയം മാത്രമായിരിക്കണമെന്നും രാജന്‍ പറഞ്ഞു. പാപ്പരത്ത നിയമത്തില്‍ പടിപടിയായുള്ള തിരുത്തലുകള്‍ വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ബാങ്കുകളുടെ ബോര്‍ഡുകളിലെ രാഷ്ട്രീയ നിയമനങ്ങള്‍ അവസാനിപ്പിച്ച് പ്രൊഫഷണലിസം കൊണ്ടുവരണമെന്നാണ് മറ്റൊരു നിര്‍ദേശം.

കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യത്തിന്റെ ധനകാര്യ സാഹചര്യം ഒരു തരത്തിലും മെച്ചപ്പെട്ടിട്ടില്ലെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്നും രാജന്‍ വിമര്‍ശിച്ചു. സമ്പദ് വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്താന്‍ ഏഴ് ശതമാനം എന്നതില്‍ നിന്നും ജിഡിപി വളര്‍ച്ച വര്‍ധിപ്പിക്കേണ്ടതുണ്ട്. ചെലവ് കുറഞ്ഞ തൊഴില്‍ ശക്തിയുണ്ടെങ്കിലും ഇന്ത്യയുടെ കയറ്റുമതി വര്‍ധിക്കുന്നില്ല. കാര്‍ഷിക രംഗത്തെ ദുരവസ്ഥയും പ്രകടമാണെന്ന് രാജന്‍ പറഞ്ഞു.

Comments

comments

Categories: FK News, Slider