അല്‍ ദഫ്ര മേഖലയ്ക്ക് 1 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതികള്‍ പ്രഖ്യാപിച്ച് ഷേഖ് മുഹമ്മദ്

അല്‍ ദഫ്ര മേഖലയ്ക്ക് 1 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതികള്‍ പ്രഖ്യാപിച്ച് ഷേഖ് മുഹമ്മദ്

അല്‍ ദഫ്ര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്കാണ് ഷേഖ് മുഹമ്മദ് ബിന്‍ സയില്‍ അല്‍ നഹ്യാന്‍ അംഗീകാരം നല്‍കിയത്

അബുദാബി: അല്‍ ദഫ്ര മേഖലയുടെ വികസനത്തിനായി 1.03 ബില്ല്യണ്‍ ഡോളറിന്റെ വികസന പദ്ധതികള്‍ക്ക് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപ സര്‍വസൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സയില്‍ അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. പ്രാദേശിക ഹൗസിംഗ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പടെയുള്ളതാണ് പദ്ധതികള്‍. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനമേഖളകള്‍ക്കും ഊന്നല്‍ നല്‍കും. അല്‍ ദഫ്രയിലെ ജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ.

പദ്ധതി വേണ്ട രീതിയില്‍ നടപ്പിലാകുന്നുണ്ടോയെന്ന് ശക്തമായ പരിശോധനയുമുണ്ടാകും. അല്‍ ദഫ്ര മേഖലയില്‍ ഭരണാധികാരിയുടെ പ്രതിനിധിയായ ഷേഖ് ഹംദന്‍ ബിന്‍ സയിദ് അല്‍ നഹ്യാനായിരിക്കും പദ്ധതികളുടെ നിരീക്ഷണ ചുമതല.

എമിറേറ്റിന്റെ മികച്ച നേതൃത്വത്തിന്റെ ശ്രമഫലങ്ങളുടെ ഭാഗമായാണ് അല്‍ ദഫ്രയില്‍ വികസന പദ്ധതികളുടെ പരമ്പര തന്നെ വരുന്നത്. എമിറാറ്റി പൗരന്മാരുടെ സന്തോഷവും ക്ഷേമവും ആഗ്രഹിച്ചുള്ളതാണ് ഇത്തരം പദ്ധതികള്‍. അല്‍ ദഫ്ര മേഖലയുടെ പുരോഗമനത്തിന് ഈ പദ്ധതികള്‍ സഹായിക്കുമെന്ന കാര്യത്തില്‍ യാതൊരു വിധ സംശയവുമില്ല. അടിസ്ഥാനസൗകര്യ മേഖലയിലും മികച്ച വികസനുമുണ്ടാകും-ഷേഖ് ഹംദന്‍ പറഞ്ഞു.

വിദ്യാഭ്യാസം, ഹൗസിംഗ്, കമ്യൂണിറ്റി ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ സ്ഥിരതയാര്‍ന്ന വികസനമുണ്ടാകുന്നതിന്റെ പ്രാധാന്യത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി.

അല്‍ ദഫ്ര മേഖലയുടെ വികസനത്തില്‍ സ്വകാര്യ മേഖലയ്ക്കും പങ്കാളിയാകാന്‍ അവസരമൊരുക്കുന്നതാണ് പുതിയ പദ്ധതികളെന്ന് ഷേഖ് ഹംദന്‍ ചൂണ്ടിക്കാണിച്ചു. അബുദാബി സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മേഖലയാണ് അള്‍ ദഫ്ര. 334,000 ലധികം വരും ഇവിടുത്തെ ജനസംഖ്യ.

മേഖലയില്‍ ജീവിക്കുന്നവരുടെ ജീവിതനിലാവരം ഉയര്‍ത്തുന്നതിനും സര്‍ക്കാര്‍ സേവനങ്ങള്‍ കൂടിതല്‍ മികവുറ്റ രീതിയില്‍ അവര്‍ക്ക് ലഭ്യമാക്കുന്നതിനും ഉപകരിക്കുന്നതാണ് പുതിയ പദ്ധതികള്‍. 2.6 ബില്ല്യണ്‍ എഇഡിയുടെ അടിസ്ഥാനസൗകര്യ പദ്ധതികളാണ് നടപ്പിലാക്കുന്നത്. തുറമുഖങ്ങളുടെ നവീകരണവും തുടര്‍ വികസനവും വമ്പന്‍ റെസിഡന്‍ഷ്യല്‍ പദ്ധതികളുമെല്ലാം വികസന നയങ്ങളുടെ ഭാഗമാണ്.

റോഡുകളുടെയും മറ്റ് ഗതാഗത ശൃംഖലകളുടെയും വികസനത്തിന് മാത്രമായി ചെലവിടുന്നത് 1.2 ബില്ല്യണ്‍ എഇഡിയാണ്. അല്‍ ഹെലിയോയെയും അബു അല്‍ അബ്യാദ് ഐലന്‍ഡിനെയും ബന്ധിപ്പിക്കുന്ന റോഡ് നിര്‍മിക്കാനും ധാരണയായിട്ടുണ്ട്.

ആരോഗ്യസേവനരംഗത്ത് മേഖലയില്‍ എന്തെല്ലാമാണ് ആവശ്യകതയെന്ന് പഠിക്കാനും തീരുമാനമായിട്ടുണ്ട്. അതിനനുസരിച്ചുള്ള പദ്ധതികള്‍ ഹെല്‍ത്ത്‌കെയര്‍ രംഗത്ത് നടപ്പാക്കും. നിലവില്‍ ഏഴ് ആശുപത്രികളും 29 ആരോഗ്യ കേന്ദ്രങ്ങളുമാണ് അല്‍ ദഫ്ര മേഖലയിലുള്ളത്.

  • ആരോഗ്യമേഖലയില്‍ എന്തെല്ലാമാണ് ആവശ്യകതയെന്ന് തിരിച്ചറിയാന്‍ പ്രത്യേക പദ്ധതി
  • വിദ്യാഭ്യാസ മേഖലയ്ക്കും ഹൗസിംഗ് മേഖലയ്ക്കും പ്രാധാന്യം നല്‍കും
  • തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും മാര്‍ഗ്ഗരേഖ
  • 2.6 ബില്ല്യണ്‍ എഇഡിയുടെ അടിസ്ഥാനസൗകര്യ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

Comments

comments

Categories: Arabia
Tags: Aldrafa