പതഞ്ജലി ഐപിഒ: സദ്‌വാര്‍ത്ത വൈകില്ലെന്ന് ബാബ രാംദേവ്

പതഞ്ജലി ഐപിഒ: സദ്‌വാര്‍ത്ത വൈകില്ലെന്ന് ബാബ രാംദേവ്

ഒരു മാസത്തിനകം ഓഹരി വിപണിയില്‍ പതഞ്ജലിയെ ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച ‘ശുഭ വാര്‍ത്ത’ കേള്‍ക്കാനാകുമെന്ന് യോഗാ ഗുരു

ന്യൂഡെല്‍ഹി: കുറഞ്ഞകാലം കൊണ്ട് ഉപഭോക്തൃ ഉല്‍പ്പന്ന വിപണിയില്‍ തരംഗം സൃഷ്ടിച്ച പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ യോഗാ ഗുരു ബാബാ രാംദേവിന്റെ പദ്ധതി. ഓഹരി വിപണിയില്‍ തന്റെ എഫ്എംസിജി ബ്രാന്‍ഡായ പതഞ്ജലിയെ ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച ‘ശുഭ വാര്‍ത്ത’ ഒരു മാസത്തിനകം കേള്‍ക്കാനാവുമെന്ന് ബാബാ രാംദേവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യ എക്കണോമിക് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതഞ്ജലി സന്നദ്ധ സംഘടനയാണെന്നും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനോ ഓഹരികള്‍ വില്‍ക്കാനോ ഉദ്ദേശമില്ലെന്നുമുള്ള പഴയ നയം ഇതോടെ ബാബാ രാംദേവ് തിരുത്തി.

ആവശ്യമുള്ള സൗകര്യങ്ങള്‍ താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കി തുടങ്ങിയാല്‍ രാജ്യത്തിന് ഒരു ഉല്‍പ്പാദന ഹബ്ബായി മാറാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ചില മേഖലകള്‍ മാനുഫാക്ചറിംഗ് വ്യവസായത്തിന് വേണ്ടി പ്രത്യേകമായി വിട്ടു നല്‍കുകയും വേണം. പ്രതിസന്ധി നേരിടുന്ന വ്യവസായങ്ങളെ സഹായിക്കാന്‍ ബാങ്കുകള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘യഥാര്‍ത്ഥ വ്യവസായികളെ തിരിച്ചറിയാനും സഹായിക്കാനുമുള്ള സാമര്‍ഥ്യം ബാങ്കുകള്‍ കാട്ടണം, വിജയ് മല്യയെ പോലുള്ളവരെ സഹായിക്കരുത്,’ അദ്ദേഹം പ്രതികരിച്ചു.

2020 ഓടെ വിറ്റുവരവില്‍ ഒന്നാം സ്ഥാനത്തുള്ള ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിനെ (എച്ച്‌യുഎല്‍) മറികടക്കാനാണ് പതഞ്ജലി ഗ്രൂപ്പിന്റെ ലക്ഷ്യം. 2025 ഓടെ ലോകത്തെ തന്നെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായി മാറ്റാനും തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്ന് ബാബാ രാംദേവ് വ്യക്തമാക്കി.

Comments

comments

Categories: FK News