ഇന്ത്യയുടെ വ്യോമയാന രംഗം കുതിക്കുന്നു

ഇന്ത്യയുടെ വ്യോമയാന രംഗം കുതിക്കുന്നു

2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ എയര്‍ കണക്റ്റിവിറ്റി 114 ശതമാനം വര്‍ധിച്ചു

ജനീവ: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ വ്യോമയാന രംഗം അതിവേഗ വളര്‍ച്ച പ്രകടമാക്കിയതായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ). വിമാനത്താവളങ്ങളിലെ തിരക്കും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും കാരണം ഇന്ത്യന്‍ വ്യോമയാന രംഗം വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തില്‍ ശക്തമായ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ഐഎടിഎ ചൂണ്ടിക്കാട്ടി.

2013 മുതല്‍ 2018 വരെയുള്ള അഞ്ച് വര്‍ഷകാലയളവില്‍ ഇന്ത്യയുടെ എയര്‍ കണക്റ്റിവിറ്റിയില്‍ 114 ശതമാനത്തിന്റെ അതിവേഗ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്നാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യോമയാന വിപണിയാണ് ഇന്ത്യ. ആഭ്യന്തര വ്യോമയാന വിപണിയില്‍ തുടര്‍ച്ചയായി 50-ാമത്തെ മാസമാണ് രാജ്യം ഒക്‌റ്റോബറില്‍ ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തുന്നതെന്നും ഐഎടിഎ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ബ്രിയാന്‍ പിയേഴ്‌സ് പറഞ്ഞു.

മിക്ക വിപണികളിലും എയര്‍ കണക്റ്റിവിറ്റിയില്‍ അതിവേഗ വളര്‍ച്ച പ്രകടമാണ്. ഏഷ്യന്‍ മേഖലയില്‍ ഇന്ത്യ, ചൈന, ഇന്തോനേഷ്യ എന്നിവയാണ് ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യോമയാന വിപണികളെന്നും ഐഎടിഎ ചൂണ്ടിക്കാട്ടി. ആഗോള വ്യോമ ഗതാഗത ശൃംഖലയിലേക്ക് ഒരു രാജ്യത്തെ സംയോജിപ്പിച്ചിരിക്കുന്നതിന്റെ പരിധിയാണ് എയര്‍ കണക്റ്റിവിറ്റി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി വിദേശ-ഇന്ത്യന്‍ വിമാന കമ്പനികള്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കും വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ വ്യോമയാന മേഖല നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നത് കൂടുതല്‍ ടെര്‍മിനലുകള്‍ ആവശ്യമാണെന്നും റണ്‍വേ ശേഷി വികസിപ്പിക്കേണ്ടതുണ്ടെന്നും പിയേഴ്‌സ് പറഞ്ഞു. അടിസ്ഥാനസൗകര്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് രാജ്യം ഏറ്റെടുത്തിട്ടുള്ള ചില നടപടികളെയും അദ്ദേഹം പ്രശംസിച്ചു. അത്യാധൂനിക സൗകര്യങ്ങളോടുകൂടിയ മികച്ച വിമാനത്താവളങ്ങള്‍ രാജ്യത്ത് നിര്‍മിക്കുന്നത് തികച്ചും പേസിറ്റീവ് ആണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇത്തരം വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ചെലവ് വളരെ കൂടുതലാണ്. സാമ്പത്തിക ക്രമീകരണങ്ങള്‍ വേണ്ടത്ര ശക്തമല്ലാത്തതിനാലാണിത്. ഭാവിയില്‍ മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്നതിന് ഊന്നല്‍ നല്‍കണമെന്നും പിയേഴ്‌സ് നിര്‍ദേശിച്ചു.

Comments

comments

Categories: FK News
Tags: aerospace