ബിഎംഡബ്ല്യു-ടിവിഎസ് സഖ്യം പുതിയ ഉയരത്തില്‍

ബിഎംഡബ്ല്യു-ടിവിഎസ് സഖ്യം പുതിയ ഉയരത്തില്‍

ടിവിഎസിന്റെ ഹൊസൂര്‍ പ്ലാന്റില്‍നിന്ന് അമ്പതിനായിരാമത്തെ ബിഎംഡബ്ല്യു ജി 310 സീരീസ് മോട്ടോര്‍സൈക്കിള്‍ പുറത്തെത്തിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ നിര്‍മ്മിച്ച ബിഎംഡബ്ല്യു ജി 310 സീരീസിലെ അമ്പതിനായിരാമത്തെ മോട്ടോര്‍സൈക്കിള്‍ പ്ലാന്റില്‍നിന്ന് പുറത്തെത്തിച്ചു. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഹൊസൂര്‍ പ്ലാന്റില്‍നിന്നാണ് അമ്പതിനായിരമെന്ന എണ്ണം തികഞ്ഞ ബിഎംഡബ്ല്യു ജി 310 ആര്‍ പുറത്തിറക്കിയത്. ചടങ്ങില്‍ ബിഎംഡബ്ല്യു മോട്ടോറാഡ് മേധാവി മാര്‍കസ് ഷ്രം, ടിവിഎസ് മോട്ടോര്‍ കമ്പനി ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവുമായ കെഎന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ആറ് വര്‍ഷം മുമ്പാണ് ടിവിഎസ് മോട്ടോര്‍ കമ്പനിയും ബിഎംഡബ്ല്യു മോട്ടോറാഡും സഖ്യം സ്ഥാപിച്ചത്. കൃത്യമായി പറഞ്ഞാല്‍ 2013 ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍, ജര്‍മ്മന്‍ കമ്പനികള്‍ കൈകോര്‍ത്തു. ഇന്ത്യയില്‍നിന്ന് ലോകത്തിനായി ജി310ആര്‍, ജി310ജിഎസ് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുകയെന്നതായിരുന്നു ലക്ഷ്യം. ബിഎംഡബ്ല്യു മോട്ടോറാഡ് നിരയിലെ ഏറ്റവും ചെറിയ മോട്ടോര്‍സൈക്കിളുകളാണ് ജി310ആര്‍, ജി310ജിഎസ് എന്നിവ.

2016 ഡിസംബറിലാണ് ഇന്ത്യയില്‍നിന്ന് ഇരു മോട്ടോര്‍സൈക്കിളുകളുടെയും കയറ്റുമതി ആരംഭിച്ചത്. രണ്ട് മോഡലുകളും നിലവില്‍ തൊണ്ണൂറിലധികം രാജ്യങ്ങളില്‍ വില്‍ക്കുന്നു. ഈ വര്‍ഷമാദ്യമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. യഥാക്രമം 3 ലക്ഷം, 3.5 ലക്ഷം രൂപയാണ് ജി310ആര്‍, ജി310ജിഎസ് മോട്ടോര്‍സൈക്കിളുകളുടെ എക്‌സ് ഷോറൂം വില. ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നതും ഇതേ 310 സിസി എന്‍ജിന്‍ തന്നെ.

സബ് 500 സിസി സെഗ്‌മെന്റില്‍ പ്രവേശിച്ച ബിഎംഡബ്ല്യു മോട്ടോറാഡിന് ലോകമെങ്ങുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ആ വിജയത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കെഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സബ് 500 സിസി സെഗ്‌മെന്റില്‍ പ്രീമിയം മോഡലുകള്‍ ലഭ്യമാക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നതായി മാര്‍കസ് ഷ്രം വ്യക്തമാക്കി.

Comments

comments

Categories: Auto
Tags: BMW-TVS