‘യുബിഐ’ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനമാകും: അരവിന്ദ് സുബ്രഹ്മണ്യന്‍

‘യുബിഐ’ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനമാകും: അരവിന്ദ് സുബ്രഹ്മണ്യന്‍

മുതിര്‍ന്നവര്‍, കുട്ടികള്‍, പാവപ്പെട്ടവര്‍, സമ്പന്നര്‍ എന്ന ഭേദമില്ലാതെ രാജ്യത്ത് എല്ലാവര്‍ക്കും നിശ്ചിത വരുമാനം ഉറപ്പാക്കുന്നതാണ് ‘യുബിഐ

ന്യൂഡെല്‍ഹി: 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രകടന പത്രികകളില്‍ ഇടം നേടാന്‍ പോകുന്ന ഒരു പ്രധാന വാഗ്ദാനമായിരിക്കും സാര്‍വത്രിക അടിസ്ഥാന വരുമാനം (യുബിഐ) എന്ന് മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. മുതിര്‍ന്നവര്‍, കുട്ടികള്‍, പാവപ്പെട്ടവര്‍, സമ്പന്നര്‍ എന്ന ഭേദമില്ലാതെ രാജ്യത്ത് എല്ലാവര്‍ക്കും നിശ്ചിത വരുമാനം സര്‍ക്കാര്‍ നേരിട്ടു നല്‍കുന്ന യുബിഐ എന്ന ആശയം 2016-17 വര്‍ഷത്തെ സാമ്പത്തിക സര്‍വെയില്‍ സുബ്രഹ്മണ്യന്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ ആശയത്തില്‍ താല്‍പര്യം കാട്ടിയില്ല. പദവിയൊഴിഞ്ഞിട്ട് അധികകാലമാകാത്ത അദ്ദേഹം പൊതുതെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ആശയം വീണ്ടുമുയര്‍ത്തിയത് പ്രാധാന്യമര്‍ഹിക്കുന്നതാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലും കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കാര്‍ഷിക മേഖലയില്‍ സംഭവിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് പ്രവചനമെന്ന് അദ്ദേഹം പറഞ്ഞു. 2019 ലെ എല്ലാ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളിലും സാര്‍വത്രിക അടിസ്ഥാന വരുമാനവുമായി ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള പ്രതിബദ്ധത ഉണ്ടായിരിക്കുമെന്നാണ് തന്റെ ശക്തമായ സംശയവും പ്രവചനവുമെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കി നില്‍ക്കെ ഈ പ്രവചനത്തിന്റെ ഉത്തരവാദിത്തം തനിക്ക് തന്നെയായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടണമെന്നും കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള ആശയവിനിമയം വര്‍ധിപ്പിക്കണമെന്നും അരവിന്ദ് സുഹ്രഹ്മണ്യന്‍ പ്രതികരിച്ചു.

Comments

comments

Categories: FK News
Tags: election, UBI

Related Articles