റെനോ കാറുകളുടെ വില വര്‍ധിക്കും

റെനോ കാറുകളുടെ വില വര്‍ധിക്കും

വിവിധ മോഡലുകളുടെ വില 1.5 ശതമാനം വരെ വര്‍ധിക്കും

ന്യൂഡെല്‍ഹി : ജനുവരി ഒന്ന് മുതല്‍ വിവിധ മോഡലുകളുടെ വില വര്‍ധിപ്പിക്കുകയാണെന്ന് റെനോ. 1.5 ശതമാനം വരെ വില വര്‍ധനയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് റെനോ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്‍ട്രി ലെവല്‍ ക്വിഡ്, ഡസ്റ്റര്‍, ലോഡ്ജി, കോംപാക്റ്റ് എസ്‌യുവിയായ കാപ്ചര്‍ എന്നീ മോഡലുകളാണ് റെനോ ഇന്ത്യയില്‍ വില്‍ക്കുന്നത്.

മാരുതി സുസുകി, ഇസുസു, സ്‌കോഡ, ടൊയോട്ട എന്നീ വാഹന നിര്‍മ്മാതാക്കള്‍ ഇതിനകം വില വര്‍ധന പ്രഖ്യാപിച്ചിരുന്നു. മറ്റ് വാഹന നിര്‍മ്മാതാക്കളും വരും ദിവസങ്ങളില്‍ വില വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, നിരവധി വര്‍ഷാന്ത്യ ആനുകൂല്യങ്ങള്‍ റെനോ പ്രഖ്യാപിച്ചിട്ടുണ്ട്. ഡസ്റ്ററിന് 60,000 രൂപയുടെയും ലോഡ്ജിക്ക് 1.5 ലക്ഷം രൂപയുടെയും ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്. ക്വിഡ്, കാപ്ചര്‍ മോഡലുകള്‍ ഒരു രൂപ മാത്രം ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വാങ്ങാം. എല്ലാ വാഹനങ്ങള്‍ക്കും പൂജ്യം ശതമാനം പലിശയോടെ ഫിനാന്‍സ് സൗകര്യങ്ങളും ലഭിക്കും. നാല് വര്‍ഷ/ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റിയും ഓഫര്‍ ചെയ്യുന്നു. 2.66 ലക്ഷം രൂപ മുതലാണ് വിവിധ റെനോ മോഡലുകളുടെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.

Comments

comments

Categories: Auto
Tags: Renault