ആരോഗ്യ രംഗത്തിനുള്ള വിഹിതം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി

ആരോഗ്യ രംഗത്തിനുള്ള വിഹിതം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി

ആരോഗ്യ മേഖലക്ക് ജിഡിപിയുടെ 2.5 ശതമാനം തുക ചെലവഴിക്കുമെന്ന് മോദി; നിലവില്‍ ചെലവാക്കുന്നത് 1.15 ശതമാനം മാത്രം

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പൊതു ആരോഗ്യ രംഗത്തെ ധനവിനിയോഗം മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 2.5 ശതമാനമാക്കി വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെല്‍ഹിയില്‍ മാതൃ, ശിശു ആരോഗ്യവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ആഗോള സമ്മേളനമായ പാര്‍ട്‌ണേഴ്‌സ് ഫോറം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ആരോഗ്യ മേഖലയ്ക്കായി ജിഡിപിയുടെ 1.15 ശതമാനമാണ് രാജ്യം ചെലവിടുന്നത്.

കൗമാരക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും അവര്‍ക്കായി പൂര്‍ണ തോതിലുള്ള ആരോഗ്യ പ്രോല്‍സാഹന, പ്രതിരോധ പദ്ധതി നടപ്പിലാക്കിയ രാജ്യവുമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മാതാവിന്റെ ആരോഗ്യമാണ് കുട്ടികളുടെ ആരോഗ്യം നിര്‍ണയിക്കുന്നതെന്നും കുട്ടികളുടെ സ്വാത്ഥ്യമാണ് നാളെയുടെ ആരോഗ്യമെന്നും അദ്ദേഹം പറഞ്ഞു. മാതൃ മരണ നിരക്കുമായി ബന്ധപ്പെട്ട സുസ്ഥിര വികസന ലക്ഷ്യം നേടുന്നതില്‍ രാജ്യം വളരെയടുത്തെത്തിയെന്നും 2030ഓടെ ഈ ലക്ഷ്യം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

80 ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ച് ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ ഭാരത് സമഗ്ര ആഗോഗ്യ സംരക്ഷണ പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭിച്ചെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിയിലൂടെ 32.8 ദശലക്ഷം കുട്ടികളിലേക്കും 8.4 ദശലക്ഷം ഗര്‍ഭിണികളിലേക്കും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ വാക്‌സിനുകള്‍ എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ സെക്രട്ടറി ജനറലിന്റെ വനിത ശിശുസംരക്ഷണ മൂവ്‌മെന്റിന്റെ ഭാഗമായി കേന്ദ്രവും, പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ മെറ്റേര്‍ണല്‍, ന്യൂബോണ്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് (പിഎംഎന്‍സിഎച്ച്) എന്നിവയുമായി സഹകരിച്ചാണ് ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ പ്രതിനിധികള്‍ ഫോറത്തില്‍ പങ്കെടുത്തു.

Comments

comments

Categories: FK News