ക്രാന്തി; ചുവന്ന തെരുവിന്റെ സ്വപ്‌നങ്ങള്‍ പൂക്കുമിടം

ക്രാന്തി; ചുവന്ന തെരുവിന്റെ സ്വപ്‌നങ്ങള്‍ പൂക്കുമിടം

കാമാത്തിപുര, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുവന്നതെരുവ്. മുംബൈ നഗരത്തിനേറ്റ കളങ്കം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാമാത്തിപുരയിലെ അതിജീവനത്തിന്റെ സ്പന്ദനമാണ് ക്രാന്തി. ചുവന്നതെരുവിലെ ലൈംഗികത്തൊഴിലാളികളുടെ മക്കള്‍ക്ക് നിറമുള്ള സ്വപ്‌നങ്ങള്‍ സമ്മാനിച്ചതും ഉന്നത വിദ്യാഭ്യാസത്തിന്റെ ലോകത്തേക്ക് അവരെ കൈ പിടിച്ചു നടത്തിയതും ക്രാന്തിയെന്ന സംഘടനയാണ്. റോബിന്‍ ചൗരസ്യ എന്ന വനിതയുടെ ഒറ്റയാള്‍ പോരാട്ടമായി 2009 ല്‍ 10 കുട്ടികളുമായി തുടക്കം കുറിച്ച ക്രാന്തി ഇന്നൊരു പ്രസ്ഥാനമാണ്. ലൈംഗികത്തൊഴിലാളികളുടെ മക്കളെന്ന് മാത്രം അറിയപ്പെട്ടിരുന്ന ഇവിടുത്തെ പല പെണ്‍കുട്ടികളും ഇന്ന് അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്നതിന് പിന്നില്‍ റോബിന്‍ ചൗരസ്യ എന്ന ഈ അധ്യാപികയുടെ ഉറച്ച മനസ്സാണ്

‘ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം.അതിന് ലോകത്തെ മാറ്റിമറിക്കാനാകും’ നെല്‍സണ്‍ മണ്ടേലയുടെ ഈ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് 2009 ല്‍ മുംബൈ നഗരത്തിലെ വെറുക്കപ്പെട്ട ഇടമായിരുന്ന കാമാത്തിപുരയുടെ മണ്ണില്‍ റോബിന്‍ ചൗരസ്യ ഒരു പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. ക്രാന്തി എന്നായിരുന്നു ഒറ്റയാള്‍ പട്ടാളം എന്ന കണക്ക് റോബിന്‍ ആരംഭിച്ച ആ സംഘടനയുടെ പേര്. ക്രാന്തിയെന്നാല്‍ ഹിന്ദിയില്‍ വിപ്ലവം എന്നര്‍ത്ഥം. പേര് പോലെ തന്നെ ക്രാന്തി പില്‍ക്കാലത്ത് ഒരു വിപ്ലവമായിത്തന്നെ മാറുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുവന്നതെരുവായ കാമാത്തിപുരയിലെ ലൈംഗികത്തൊഴിലാളികളുടെ മക്കളുടെ പുനരധിവാസം ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച ആദ്യ സംഘടനയായിരുന്നു ക്രാന്തി.

ചുവന്നതെരുവില്‍ ഓരോ വര്‍ഷവും ജീവിതം ഹോമിക്കുന്നത് നൂറുകണക്കിന് പെണ്‍കുട്ടികളാണ്.അമ്മമാര്‍ ലൈംഗികത്തൊഴിലാളികള്‍ ആയതുകൊണ്ട് മാത്രം ജീവിതത്തിലെ നിറങ്ങളും സ്വപ്നങ്ങളും നിഷേധിക്കപ്പെട്ടവര്‍. പ്രായപൂര്‍ത്തിയാകുമ്പോഴേക്കും പലവിധ ലൈംഗികചൂഷണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നവര്‍, അമ്മമാരുടെ അതെ പാതയില്‍ സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാകേണ്ടിവന്നവര്‍. അങ്ങനെ ജീവിതത്തിലെ നിറമുള്ള സ്വപ്നങ്ങള്‍ എല്ലാം നഷ്ടപ്പെട്ട പെണ്‍കുട്ടികളുടെ ഒരു നീണ്ട നിര തന്നെ കാമാത്തിപുരയില്‍ കാണാമായിരുന്നു. ഇത്തരത്തില്‍ തന്റേതല്ലാത്ത കാരണത്താല്‍ ജീവിതം ഹോമിക്കേണ്ടി വന്നവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയാണ് റോബിന്‍ ചൗരസ്യയെ ക്രാന്തി എന്ന സംഘടന സ്ഥാപിക്കുന്നതിലേക്ക് നയിച്ചത്.

അമേരിക്കന്‍ വ്യോമസേനയില്‍ നിന്നും കാമാത്തിപുരയിലേക്ക്

20 വയസ്സുള്ളപ്പോഴാണ് റോബിന്‍ ക്രാന്തി ആരംഭിക്കുന്നത്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന റോബിന്റെ മാതാപിതാക്കള്‍ ഇന്‍ഡോര്‍ സ്വദേശികളായിരുന്നു. അതാണ് റോബിന് ഇന്ത്യയുമായുള്ള ബന്ധം. വിദ്യാഭ്യാസം അമേരിക്കന്‍ സര്വകലാശകളില്‍ നിന്ന് തന്നെ റോബിന്‍ പൂര്‍ത്തിയാക്കി. സൈക്കോളജിയിലും, പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദമുളള റോബിന് ജന്‍ഡര്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവുമുണ്ട്.റോബിന്റെ പിതാവ് വിമാന നിര്‍മാതാക്കളായ ബോയ്ജിംഗില്‍ എന്‍ജിനീയര്‍ ആയിരുന്നു. പിതാവില്‍ നിന്നും ലഭിച്ച വ്യോമയാന രംഗത്തെക്കുറിച്ചുള്ള അറിവാണ് റോബിനെ വ്യോമസേനയുടെ ഭാഗമാകുന്നതിലേക്ക് നയിച്ചത്. എന്നാല്‍ സ്വവര്‍ഗാനുരാഗിയായ റോബിന് വ്യോമസേനാ ചട്ടങ്ങളുമായി യോജിച്ചു പോകാന്‍ സാധിച്ചില്ല. സൈക്കോളജിയില്‍ ബിരുദമെടുത്ത ശേഷം യു എസ് വ്യോമ സേനയില്‍ ചേര്‍ന്ന റോബിനെ ഏറ്റവും കൂടുതല്‍ വലച്ചത് തന്‍ സ്വവര്ഗാനുരാഗിയാണ് എന്ന കാര്യം മറച്ചുവയ്ക്കണം എന്ന വ്യോമസേനാ നിയമമാണ്. ഈ നിയമം പിന്നീട് റദ്ദാക്കിയിരുന്നു.എന്നാല്‍ ഈ നിയമത്തില്‍ കടുത്ത അതൃപ്തി തോന്നിയ റോബിന്‍ വ്യോമസേനയില്‍ നിന്നും രാജിവച്ചു. താന്‍ സ്വവര്ഗാനുരാഗിയാണ് എന്നത് തന്റെ വ്യക്തിത്വമാണ്. തന്റെ വ്യക്തിത്വം ഒളിച്ചു വച്ച് ഇഷ്ടപ്പെട്ട ജോലി ചെയ്യേണ്ട കാര്യമില്ല എന്നായിരുന്നു റോബിന്റെ തീരുമാനം.

വ്യോമസേനയുടെ ഭാഗമായിരിക്കെയാണ് ഉഗാണ്ടയിലെ മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ റോബിന്‍ വോളന്റീയര്‍ ആയി പ്രവര്‍ത്തിക്കുന്നത്. ഈ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറുമാസക്കാലം മനുഷ്യാവകാശരംഗത്ത് ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി മുംബൈ നഗരത്തിലേക്ക് വരേണ്ടി വന്നു. മുംബൈ നഗരത്തിന്റെ ഓരോ സ്പന്ദനവും അടുത്തറിഞ്ഞുകൊണ്ട് ഇവിടെ താമസിക്കേണ്ടി വന്ന ആറുമാസക്കാലയളവിലാണ് റോബിന്‍ ചൗരസ്യ കാമാത്തിപുരയില്‍ എത്തുന്നതും അവിടുത്തെ ജീവിത സാഹചര്യങ്ങള്‍ കണ്ടു മനസിലാക്കുന്നതും. വിദ്യാഭ്യാസം കൊണ്ട് ഒരു വ്യക്തിക്ക് ഈ ലോകത്ത് എന്തും നേടാനാകും എന്ന ചിന്തയാണ് ചുവന്നതെരുവിലെ കുട്ടികള്‍ക്ക് വേണ്ടി വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് റോബിനെ പ്രേരിപ്പിച്ചത്.

വിദ്യാലയങ്ങള്‍ നിഷിദ്ധമായ കുഞ്ഞുങ്ങള്‍

ചുവന്നതെരുവിലെ പെണ്‍കുട്ടികളില്‍ പലര്‍ക്കും അവരുടെ അച്ഛന്‍ ആരാണ് എന്ന് അറിയില്ലായിരുന്നു. പലര്‍ക്കും സ്‌കൂളില്‍ പോയി മറ്റു കുട്ടികളെ പോലെ പഠിച്ചു ജോലി നേടുവാനുള്ള ആഗ്രഹമുണ്ടായിരുന്നു എങ്കിലും ഒന്നും പ്രവര്‍ത്തികമായില്ല. കാമാത്തിപുരയിലെ വിദ്യാലയങ്ങളില്‍ ലൈംഗികതൊഴിലാളികളുടെ മക്കളെ രണ്ടാം തരക്കാരായാണ് കണ്ടിരുന്നത്. പലര്‍ക്കും പഠിക്കുവാനും അറിവുനേടുവാനുമുള്ള അവകാശം പോലും നിഷേധിച്ചിരുന്നു.പലകുട്ടികള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് പോലും ഇല്ലായിരുന്നു. വിദ്യാലയങ്ങളില്‍ നിന്നും കുട്ടികളെ മാറ്റിനിര്‍ത്തുന്നതിന് ഇതെല്ലം ഒരു കാരണമായി പറഞ്ഞു. 15 വയസ്സുളള കുട്ടികള്‍ക്കു പോലും പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല എന്നതാണ് മറ്റൊരു വാസ്തവം. സ്‌കൂളില്‍ പ്രവേശനം ലഭിച്ച കുട്ടികളാകട്ടെ അവഗണനയും പരിഹാസവും സഹിക്കാന്‍ കഴിയാതെ പിന്തിരിഞ്ഞു.

അതിനാല്‍ ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ റോബിന്‍ തന്നെ ഏറ്റെടുത്തു. ഒരു അധ്യാപികയുടെ വേഷം തനിക്ക് നന്നായി ചേരുമെന്ന് റോബിന്‍ തെളിയിച്ചു. അതുകൊണ്ട് തന്നെയാണ് 2018 യുഎസ് ആസ്ഥാനമായ വര്‍ക്കി ഫൗണ്ടേഷന്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ അധ്യാപകരെ തെരഞ്ഞെടുത്തപ്പോള്‍ രണ്ടില്‍ ഒരാളായി മാറാന്‍ റോബിന് കഴിഞ്ഞത്.

വ്യത്യസ്തം ഈ പഠനരീതി

കാമാത്തിപുരയിലെ ബഹുഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല.പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെ വരെ പിടിച്ചിരുത്തി അക്ഷരമാല മുതല്‍ പഠിപ്പിച്ചെടുക്കേണ്ട അവസ്ഥയായിരുന്നു. അതിനാല്‍ ഇവര്‍ക്കായി ഒരു പ്രത്യേക പാഠ്യരീതി തന്നെ റോബിന്‍ വികസിപ്പിച്ചെടുത്തു. അഞ്ച് ‘സി’കള്‍ (five C) അടിസ്ഥാനമാക്കിയാണ് പുതിയ പഠനരീതി റോബിന്‍ വിഭാവനം ചെയ്തത്.1 കമ്യൂണിക്കേഷന്‍ സ്‌കില്‍സ് (ആശയവിനിമയം), 2 കംപാഷന്‍(അനുകമ്പ), 3 ക്രിയേറ്റീവ് തിങ്കിങ്(ക്രിയാത്മകത), 4 ക്രിട്ടിക്കല്‍ അനാലിസിസ്(വിമര്‍ശനാത്മകമായ വിശകലനം), 5 കമ്മ്യൂണിറ്റി ഓര്‍ഗനൈസിംഗ് (സാമൂഹിക കൂട്ടായ്മ രൂപീകരണം) എന്നിങ്ങനെയായിരുന്നു അവ. ഇതിനു പുറമെ ഇംഗ്ലീഷ്, കണക്ക്, ചരിത്രം, ശാസ്ത്രം തുടങ്ങിയ പരമ്പരാഗത വിഷയങ്ങളും കുട്ടികളെ അഭ്യസിപ്പിക്കുന്നു.

ആദ്യമാദ്യം മക്കള്‍ പഠിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ പോലും പിന്നീട് റോബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെ കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കുമായി ഒട്ടേറെ ശില്‍പശാലകളും റോബിന്‍ ചൗരസ്യ സംഘടിപ്പിച്ചു.സമൂഹത്തില്‍ രണ്ടാം തരക്കാരായി മാത്രം കഴിഞ്ഞിരുന്ന കാമാത്തിപുരയിലെ കുട്ടികള്‍ക്ക് മാറ്റം ഉള്‍ക്കൊള്ളാന്‍ സമയം അനിവാര്യമായിരുന്നു. ആത്മവിശ്വാസം തീരെയില്ലാത്ത കുട്ടികള്‍ക്ക് ആത്മവിശ്വാസം ലഭിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ , പരിപാടികള്‍ എന്നിവ നടത്തുകയാണുണ്ടായത്.അധികം വൈകാതെതന്നെ റോബിന്റെ ലക്ഷ്യങ്ങള്‍ ഫലപ്രാപ്ത്തിയിലെത്തി.മാനസിക ഉന്നമനത്തിനായും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായും നിരവധി ക്‌ളാസുകളും സെമിനാറുകളും പ്രവര്‍ത്തനങ്ങളും റോബിന്‍ സംഘടിപ്പിച്ചു. ആദ്യകാലത്ത് വളരെ ക്ലേശകരമായിരുന്നു കാര്യങ്ങള്‍. പിന്തുണക്കാന്‍ കാമാത്തിപുരയില്‍ ആരുമില്ല എന്നത് തന്നെയായിരുന്നു റോബിന്‍ നേരിട്ട ഏറ്റവും വലിയ പ്രശ്‌നവും. എന്നാല്‍ പിന്നീട് കാര്യങ്ങളില്‍ മാറ്റം വന്നു തുടങ്ങി.

15 വയസ്സില്‍ താഴെ പ്രായമുള്ള 10 കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊണ്ട് പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനത്തില്‍ ഇപ്പോള്‍ 12 വയസ്സിനും 20 വയസ്സിനും ഇടയില്‍ പ്രായമുള്ള 22 കുട്ടികളുണ്ട്. ഇവരെ സ്വപ്നം കാണാന്‍ പഠിപ്പിക്കുകയാണ് റോബിന്‍ ചെയ്തത്.

പുനരധിവാസം ഇങ്ങനെ

ക്രാന്തിയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ള കുട്ടികള്‍ കാമാത്തിപുരയിലുള്ള ക്രാന്തിയുടെ ആസ്ഥാനത്ത് വന്നു താമസിക്കണം. എന്നാല്‍ ഈ സമയത്തും ഇവര്‍ക്ക് തങ്ങളുടെ അമ്മമാരുമായി അടുത്തിടപഴകാനുളള അവസരമുണ്ടായിരിക്കും. അമ്മമ്മാര്‍ ലൈംഗികത്തൊഴിലാളികളാണ് എങ്കിലും അവര്‍ ആ തൊഴില്‍ ചെയ്തത് തങ്ങളെ വളര്‍ത്താന്‍ കൂടിയാണ് എന്ന ചിന്ത ഇവര്‍ക്കുണ്ട്. അമ്മമാരുടെ പാത പിന്തുടര്‍ന്ന് ആ തൊഴിലിലേക്ക് പോകാതെ സ്വന്തം കാലില്‍ നില്‍ക്കാനും അധ്വാനിച്ചു വരുമാനം കണ്ടെത്താനുമുള്ള സാഹചര്യമാണ് ക്രാന്തി ഒരുക്കി നല്‍കുന്നത്.

ക്രാന്തി കണ്ടെത്തിയ, വളര്‍ത്തിയെടുത്ത ചുവന്നതെരുവിന്റെ സന്തതികള്‍ ഒന്നിനൊന്ന് മിടുക്കികളാണ് എന്നതാണ് റോബിന്‍ ചൗരസ്യയെ സംബന്ധിച്ച് ഏറ്റവും സന്തോഷം ഉളവാക്കുന്ന കാര്യം. പ്രവര്‍ത്തനം ആരംഭിച്ചു 9 വര്‍ഷത്തിനുള്ളില്‍ 8 പെണ്‍കുട്ടികളാണ് ചുവന്നതെരുവില്‍ നിന്നും അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിനായി പോയത്. ഇതിനാവശ്യമായ പണം സമൂഹത്തിലെ വിവിധ വ്യക്തികളില്‍ നിന്നും പിരിച്ചെടുക്കുകയാണ് ചെയ്തത്. ശ്വേതാ കാട്ടി, ശീതള്‍ ജെയിന്‍, പിങ്കി എന്നിവര്‍ ഇത്തരത്തില്‍ വിദേശ സര്വകലാശകളില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. ഇവര്‍ ഓരോരുത്തരും കാമാത്തിപുരയുടെ ഉന്നമനം ലക്ഷ്യം വച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് മറ്റൊരു രസകരമായ കാര്യം.

എന്നാല്‍ ക്രാന്തിയുടെ ആരംഭവും നടത്തിപ്പും വിചാരിക്കുന്നത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. സ്വന്തമായി ഒരു കെട്ടിടമില്ലാത്തതാണ് ക്രാന്തിയെ ഏറ്റവും കൂടുതല്‍ വലച്ചത്. സ്ഥാപനം തുടങ്ങി രണ്ടര വര്‍ഷക്കാലം ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു. സംഘടനയെക്കുറിച്ചും സംഘാനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുളള വാര്‍ത്തകള്‍ വന്നതോടെ കെട്ടിട ഉടമസ്ഥന്‍ അവിടെ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കി. നിശ്ചിത സമയത്തിനുള്ളില്‍ ഒഴിപ്പിക്കുകയും ചെയ്തു. പിന്നീട് സംഘടന മറ്റൊരു കെട്ടിടത്തിലേക്ക് മാറി. പുതിയ ഒരു കെട്ടിടം തേടി അലഞ്ഞപ്പോള്‍ മൂന്നൂറോളം പേരാണ് ക്രാന്തിക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചത്. എന്നാല്‍ അതുകൊണ്ടൊന്നും റോബിന്‍ തളര്‍ന്നില്ല.

സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ കൊടുത്താണ് ക്രാന്തിയുടെ പ്രവര്‍ത്തനം. വിദ്യാഭ്യാസം, ജോലി എന്നിവക്കായിരിക്കണം ഒരു വ്യക്തിയുടെ ജീവിതത്തില്‍ എന്നും പ്രാധാന്യം നല്‍കേണ്ടത് എന്ന് ക്രാന്തി പഠിപ്പിക്കുന്നു. അതോടൊപ്പം മനുഷ്യാവകാശ സംരക്ഷണം എന്ന വിഷയത്തില്‍ തന്റെ വ്യക്തമായ കാഴ്ചപ്പാട് ക്രാന്തിയിലൂടെ പങ്കുവയ്ക്കുവാനും റോബിന്‍ മറക്കുന്നില്ല. വിദേശത്ത് പഠിക്കാന്‍ പോകാന്‍ സാഹചര്യം ലഭിക്കാത്ത ക്രാന്തിയിലെ അന്തേവാസികള്‍ക്ക് ഇവിടെയുള്ള മികച്ച കോളെജുകളില്‍ പഠനത്തിന് അവസരം നല്‍കുന്നുണ്ട്. പഠനശേഷം കാമാത്തിപുരയിലെ ലൈംഗികത്തൊഴിലാളികളുടെ പുനരധിവാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ നിരവധിയാണ്. എല്ലാവരും തുല്യരാണ് എന്ന തുല്യനീതിയാണ് റോബിന്‍ പങ്കുവയ്ക്കുന്നത്. തന്റെ ആശയങ്ങളും ക്രാന്തിയുടെ പ്രവര്‍ത്തനങ്ങളും ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിനായി ധാരാളം യാത്രകള്‍ ചെയ്യുകയും നിരവധി ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട് റോബിന്‍. കാമാത്തിപുരയിലെ ജീവന്‍സ്ഫുരിക്കുന്ന സൂര്യകാന്തിപ്പൂക്കളാണ് റോബിനും ക്രാന്തിയും ഇന്ന്.

ഇനിയും തനിക്ക് ഒട്ടേറെ കാര്യങ്ങള്‍ കാമാത്തിപുരയുടെ ഉന്നമനത്തിനായി ചെയ്യാനുണ്ട് എന്നാണ് റോബിന്‍ പറയുന്നത്. ചുവന്നതെരുവ് എന്ന സങ്കല്‍പം ഈ തലമുറയോടെ അവസാനിക്കണം. എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പുവരുത്തുന്നതാവണം വരും തലമുറ. ഇതാണ് റോബിന്‍ കാണുന്ന സ്വപ്നം. ആ സ്വപ്നത്തിലേക്കുള്ള വഴിയാണ് കാമാത്തിപുരയിലെ ഓരോ കുഞ്ഞുങ്ങള്‍ക്കും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നത്.

Comments

comments

Categories: FK News, Slider