ചൈനീസ് സാമ്പത്തികമേഖല തളരുമ്പോള്‍ എല്ലാ കണ്ണുകളും ഇന്ത്യയിലേക്ക്

ചൈനീസ് സാമ്പത്തികമേഖല തളരുമ്പോള്‍ എല്ലാ കണ്ണുകളും ഇന്ത്യയിലേക്ക്

ചൈനയിലെ സാമ്പത്തികരംഗം മന്ദഗതിയിലേക്ക് നീങ്ങുമ്പോള്‍ വളര്‍ച്ച തേടി ലോകം എവിടെ പോകും. ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രധാന സമ്പദ് വ്യവസ്ഥ ഇപ്പോള്‍ ഇന്ത്യയുടേതാണ്. ആന ഓടാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് ഇന്ത്യയിലെ സാമ്പത്തികരംഗത്തുണ്ടായ ഉണര്‍വ്വിനെ അന്താരാഷ്ട്ര നാണ്യനിധി വിശേഷിപ്പിച്ചത്. ഫ്രാന്‍സിനെ മറികടന്നുകൊണ്ട് കഴിഞ്ഞ വര്‍ഷം ലോകത്തെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയ ഇന്ത്യ ആഗോള സമ്പദ് വ്യവസ്ഥയുടെ 15 ശതമാനവും കയ്യാളുന്നു

മറ്റൊരു ലോകനേതാവുമായുള്ള കൂടിക്കാഴ്ചയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘ചരിത്രപരമെന്ന് പ്രതീക്ഷിക്കപ്പെടുന്നു’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് കേവലം പുകഴ്ത്തലായി കരുതാനാകില്ല. ജി20 ഉച്ചകോടിക്കിടെ അര്‍ജന്റീനയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി നടത്തിയ കൂടിക്കാഴ്ചയെ ട്രംപ് വിശേഷിപ്പിച്ചത് അങ്ങനെയാണ്. ഏതായാലും ആ ഉച്ചകോടിക്ക് ശേഷം ലോക സാമ്പത്തിക വ്യവസ്ഥയെ ഉലച്ച വ്യാപാരയുദ്ധത്തിന് താത്കാലിക വിരാമമുണ്ടായി. 90 ദിവസത്തിനുള്ളില്‍ അന്തിമമായ സമവായമുണ്ടാകും വരെ 250 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം അധികതീരുവ തത്കാലികമായി പിന്‍വലിക്കാനാണ് അമേരിക്കയുടെ തീരുമാനം.

ആഗോള വ്യാപാരമേഖലയെ ആശങ്കപ്പെടുത്തിയിരുന്ന വ്യാപാരയുദ്ധത്തിന് താത്കാലികമായെങ്കിലും ഒരവസാനമുണ്ടായിരിക്കുന്നത് നിക്ഷേപകരെ സംബന്ധിച്ചെടുത്തോളം ആശ്വാസാജനകമാണ്. പക്ഷേ ചൈനയുടെ സാമ്പത്തികവളര്‍ച്ചയുടെ പോക്ക് താഴേക്കാണെന്നത് ഇവരില്‍ ആശങ്ക നിലനിര്‍ത്തുന്നു. അന്താരാഷ്ട്ര നാണ്യനിധിയുടെ കണക്ക്കൂട്ടല്‍ അനുസരിച്ച് ഈ വര്‍ഷത്തെ ചൈനയുടെ ജിഡിപി വളര്‍ച്ച 6.6 ശതമാനം ആണ്. 2001ല്‍ ലോക വ്യാപാര സംഘടനയില്‍ അംഗമായതിന് ശേഷം ചൈനയില്‍ ഉണ്ടായ ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചയാണിത്. 90 ദിവസങ്ങളിലെ സമവായ ചര്‍ച്ചകള്‍ക്ക് ശേഷം വ്യാപാരയുദ്ധം ഇനിയും അവസാനിക്കുന്നില്ലെങ്കില്‍ വരും വര്‍ഷം 6.2 ജിഡിപി വളര്‍ച്ചയുമായി ചൈനീസ് സാമ്പത്തിക രംഗം താഴ്ചയിലേക്ക് കൂപ്പുകുത്തും. 2000-2014 കാലഘട്ടത്തില്‍ 9.6 ശതമാനമായിരുന്നു ചൈനയുടെ ജിഡിപി വളര്‍ച്ചയെങ്കില്‍ 2015-2019 കാലഘട്ടത്തില്‍ ഇത് 6.8ലേക്ക് ഇടിഞ്ഞുവെന്നത് ചൈനീസ് സാമ്പത്തിക രംഗത്തിന്റെ തളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യയുടെ ഭാവി തെളിയുന്നു

ചൈനയിലെ സാമ്പത്തികരംഗം മന്ദഗതിയിലേക്ക് നീങ്ങുമ്പോള്‍ വളര്‍ച്ച തേടി ലോകം എവിടെ പോകും. ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ ഇന്ത്യയുടേതാണ്. ‘ആന ഓടാന്‍ തുടങ്ങിയിരിക്കുന്നു’ എന്നാണ് ഇന്ത്യയിലെ സാമ്പത്തികരംഗത്തുണ്ടായ ഉണര്‍വ്വിനെ അന്താരാഷ്ട്ര നാണ്യ നിധി വിശേഷിപ്പിച്ചത്. ഫ്രാന്‍സിനെ മറികടന്ന് കൊണ്ട് കഴിഞ്ഞ വര്‍ഷം ലോകത്തെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയ ഇന്ത്യ ആഗോള സമ്പദ് വ്യവസ്ഥയുടെ 15 ശതമാനവും കയ്യാളുന്നു.

2018-19 കാലഘട്ടത്തില്‍ 7.3 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് അന്താരാഷ്ട്ര നാണ്യനിധി ഇന്ത്യയ്ക്ക് കല്‍പ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 6.7 ശതമാനമായിരുന്നു ഇത്. ഇക്കാര്യത്തില്‍ അല്‍പം കൂടി ശുഭപ്രതീക്ഷയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുള്ളത്. ഈ വര്‍ഷം 7.4 ശതമാനവും 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 7.5 ശതമാനവും സാമ്പത്തിക വളര്‍ച്ച ഇന്ത്യ കൈവരിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകൂട്ടല്‍.

ഇന്ത്യയിലെ സാമ്പത്തികമേഖലയ്ക്ക് ഇനി നല്ല നാളുകളാണെന്നുള്ള സൂചനയാണ് എല്ലാ കോണുകളില്‍ നിന്നും ലഭിക്കുന്നത്. സൈദ്ധാന്തികപരമായി മാത്രമല്ല, ഉയര്‍ന്നുകൊണ്ടിരിക്കുന്ന വ്യാപാര സംരക്ഷണവാദത്തില്‍ നിന്നും ഇന്ത്യ ഒരു പരിധി വരെ അകന്ന് നില്‍ക്കുകയാണെന്നുള്ളതും ഇന്ത്യയ്ക്ക് പ്രതീക്ഷയാണ്. മാത്രമല്ല ഇന്ത്യയിലെ തൊഴില്‍മേഖല പ്രധാനമായും യുവാക്കളില്‍ അധിഷ്ഠിതമാണെന്നുള്ളതും മൂന്നില്‍ രണ്ട് വിഭാഗവും തൊഴിലെടുക്കുന്നവരാണെന്നുള്ളതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണ്. നിലവില്‍ സാമ്പത്തികരംഗത്ത് ദൃശ്യമാകുന്ന ത്വരിതമായ വളര്‍ച്ച രാജ്യത്തെ മധ്യവര്‍ഗത്തെ സമൃദ്ധിയിലെത്തിക്കുമെന്ന ശുഭപ്രതീക്ഷ നല്‍കുന്നുണ്ട്.

വിദേശ ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യന്‍ ഉപഭോക്തൃ ഉല്‍പ്പന്ന ആസ്തികള്‍ വാങ്ങിക്കൂട്ടുന്നതിനായി പണം ഒഴുക്കുകയാണെന്ന റിപ്പോര്‍ട്ടുകളും നിലവിലുണ്ട്. ചൈനയെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പല കമ്പനികളുടെ ലയനവും ഏറ്റെടുക്കലും വര്‍ധിച്ചുവെന്ന വസ്തുത ഈ റിപ്പോര്‍ട്ടുകളെ ശരിവെക്കുന്നതാണ്.

ജനസംഖ്യാശാസ്ത്രത്തിന് അപ്പുറത്തായി നരേന്ദ്രമോദി സര്‍ക്കാരിന്റെ ബിസിനസ് സൗഹൃദ നയങ്ങളും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ദീര്‍ഘകാലമായി ചര്‍ച്ചയില്‍ മാത്രം ഒതുങ്ങിയിരുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കാനായതും നോട്ട് നിരോധനത്തിലൂടെ കള്ളപ്പണത്തിനെതിരെ തന്ത്രപരമായ നീക്കം നടത്തിയതുമെല്ലാം മോദി സര്‍ക്കാരിന്റെ എടുത്തുപറയേണ്ട നേട്ടങ്ങളാണ്. ഇവ രണ്ടും പാളിപ്പോയ തന്ത്രങ്ങളായി വിമര്‍ശകര്‍ കുറ്റപ്പെടുത്തിയെങ്കിലും ഇന്ത്യ പോലെ രാഷ്ട്രീയപരമായും സാമൂഹികമായും സാമ്പത്തികമായും ഏറെ സങ്കീര്‍ണ്ണമായ രാഷ്ട്രത്തില്‍ ചെറിയ പാകപ്പിഴകള്‍ ഇല്ലാതെ ഒരു നല്ല കാര്യവും നടപ്പാക്കാനാകില്ല.

പക്ഷേ വെല്ലുവിളികളേറെ

സാമ്പത്തികരംഗത്ത് ഇന്ത്യ കാട്ടുന്ന മികവ് പാശ്ചാത്യ നിക്ഷേപകരെയും ബിസിനസുകാരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ ചില വെല്ലുവിളികളും ഇക്കാര്യത്തില്‍ ഇന്ത്യ നേരിടുന്നുണ്ട്. നേട്ടത്തേക്കാള്‍ 20 മടങ്ങായി വ്യാപാരം നടത്തുന്ന ഇന്ത്യന്‍ ഓഹരികളില്‍ കുറഞ്ഞ ചിലവില്‍ നിക്ഷേപം നടത്താന്‍ നിക്ഷേപകര്‍ക്ക് സാധിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ മുതല്‍മുടക്കില്‍ നിക്ഷേപം നടത്തിയാല്‍ തന്നെ അതിനൊത്ത വളര്‍ച്ചയും ലാഭവും പ്രതീക്ഷിക്കാനുമാകില്ല.

മറ്റൈരു വിഷയം രാഷ്ട്രീയപരമാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കുന്നു, നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ഡോളറിന്റെ കുതിപ്പില്‍ ഇന്ത്യന്‍ രൂപയ്ക്ക് വന്‍ മൂല്യത്തകര്‍ച്ചയാണ് ഈ വര്‍ഷം നേരിട്ടത്. അതിനാല്‍ പെട്രോള്‍ അടക്കമുള്ള അവശ്യസാധനങ്ങള്‍ക്ക് ജനം കത്തുന്ന വിലയാണ് നല്‍കേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ പണപ്പെരുപ്പം കൂടുകയും പെട്രോള്‍ അടക്കമുള്ള ഊര്‍ജ്ജവിഭവങ്ങള്‍ ധാരാളമായി ഇറക്കുമതി ചെയ്യേണ്ടിവരികയും ചെയ്യുമ്പോള്‍ സ്വാഭാവികമായും സാധനങ്ങള്‍ക്ക് വില കൂടുകയും ഇത് വലിയ വിലക്കയറ്റത്തിലേക്ക് രാജ്യത്തെ എത്തിക്കുകയും ചെയ്യും. സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമ്പോഴും സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവര്‍ തമ്മിലുള്ള വരുമാനത്തിലെ അസമത്വം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നോട്ട്‌നിരോധനവും ജിഎസ്ടി പരിഷ്‌കാരവും പ്രതീക്ഷിച്ചത്ര ഫലവത്തായിട്ടില്ല, പ്രത്യേകിച്ച് ഗ്രാമങ്ങളില്‍. ഈ സാഹചര്യത്തില്‍ അഭിപ്രായ സര്‍വ്വേകള്‍ മോദിക്ക് അനുകൂലമാണെങ്കിലും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഉണ്ടായ തിരിച്ചടി കൂടി കണക്കിലെടുത്താല്‍ കാറ്റ് മാറിവീശാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ബിസിനസ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു സ്ഥലമാണ് ഇന്ത്യ എന്നുള്ളതാണ് മറ്റൊരു വിഷയം. ഇക്കാര്യത്തില്‍ ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചുവെന്നുള്ളത് സത്യമാണ്. പക്ഷേ ഇന്ത്യയിലെ തൊഴില്‍ നിയമങ്ങളും പഴഞ്ചന്‍ നികുതിവ്യവസ്ഥയുമെല്ലാം വിദേശവ്യവസായികളെ ഇന്ത്യയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു. ഇന്ത്യയിലെ ബാങ്കിംഗ് മേഖല ദുര്‍ബലവും കടക്കെണി പേറുന്നവയുമാണ്. അഴിമതിയും ഉദ്യോഗസ്ഥമേധാവിത്വവും കൊടികുത്തി വാഴുന്ന രാജ്യം കൂടിയാണ് ഇന്ത്യ. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയ്ക്കും ഒട്ടനവധി ബലഹീനതകളുണ്ട്.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള ഏറ്റവും വലിയ വെല്ലുവിളി മറ്റ് മേഖലകളിലെ വളര്‍ച്ച തന്നെയാണ്. ജനസംഖ്യയ്ക്കനുസൃതമായുള്ള മൂലനിധനിക്ഷേപം ഉണ്ടാകണമെങ്കില്‍ ആദ്യം വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യ വികസനം, സാങ്കേതിവിദ്യ എന്നീ മേഖലയില്‍ വലിയ തോതിലുള്ള മുതല്‍മുടക്ക് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. അങ്ങനെ കഴിവുള്ള ഒരു സമൂഹത്തെയും ബാഹ്യ അന്തരീക്ഷത്തെയും വാര്‍ത്തെടുത്താല്‍ മാത്രമേ ജനസംഖ്യയ്ക്ക് ആനുപാതികമായ സമൂഹത്തിലെ എല്ലാ തട്ടുകളിലും എത്തുന്ന വളര്‍ച്ച കൈവരിക്കാനാകൂ.

വിദേശനിക്ഷേപത്തിനായി രാജ്യത്തെ വാണിജ്യമേഖലയെ തുറന്നുകൊടുക്കുക എന്നതാണ് ഈ ചിലവുകള്‍ക്കുള്ള പണം കണ്ടെത്താനുള്ള ഏകമാര്‍ഗം. ഇക്കാര്യത്തില്‍ മോദിസര്‍ക്കാര്‍ പുരോഗമനപരമായ ചില നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെങ്കിലും അവ ഫലപ്രദമാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നേരിട്ടുള്ള വിദേശമൂലധന നിക്ഷേപമാണ് ഈ സീസണില്‍ രാജ്യത്തുണ്ടായത് എന്നത് നിരാശാജനകമായ വസ്തുതയാണ്. വിദേശമൂലധന നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ നയങ്ങളില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ ഉണ്ടായെങ്കില്‍ മാത്രമേ രാജ്യത്തിന് രക്ഷയുണ്ടാകുള്ളു.

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ചൈനയിലെ സാമ്പത്തികവളര്‍ച്ച മന്ദഗതിയിലാകുമ്പോഴും ഇന്ത്യയുടെ വളര്‍ച്ചയുടെ കഥ എത്തരത്തിലാണെന്നാണ് ലോകം കാണാന്‍ കാത്തിരിക്കുന്നത്. എന്നിട്ട് വേണം ഓടുന്ന ആനയുടെ പുറത്ത് സവാരി നടത്താന്‍.

Comments

comments

Categories: Top Stories