രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യം സാംസ്‌കാരിക പരിവര്‍ത്തനം: നാരായണ മൂര്‍ത്തി

രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യം സാംസ്‌കാരിക പരിവര്‍ത്തനം: നാരായണ മൂര്‍ത്തി

സുസ്ഥിര നഗരവല്‍ക്കരണത്തിന് ഇന്നൊവേഷന്‍ സഹായകമാകുമെന്ന് അമിതാഭ് കാന്ത്

മുംബൈ: വികസനവുമായി ബന്ധപ്പെട്ട് രാജ്യം നേരിടുന്ന വലിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ സാംസ്‌കാരിക പരിവര്‍ത്തനത്തിലൂടെ സാധിക്കുമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. രാഷ്ട്രത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് ആവശ്യം സത്യസന്ധതയിലും അച്ചടക്കത്തിലും അടിസ്ഥാനസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു വിഭാഗം ആളുകളോടുള്ള കരുതലിനും ഊന്നല്‍ നല്‍കിയുള്ള പരിവര്‍ത്തനമാണെന്നും നാരായണ മൂര്‍ത്തി പറഞ്ഞു.

എല്ലാ സംരംഭങ്ങളും ആദ്യം വില്‍പ്പനയില്‍ ശ്രദ്ധകേന്ദ്രീകരിക്കണം. ഏതൊരു സംരംഭകത്വത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട വശം ഇതാണ്. അതിനുശേഷം മാത്രമേ സാമ്പത്തിക വശത്തിന് പ്രാധാന്യമുള്ളു. സാങ്കേതികവിദ്യ അടക്കമുള്ള ബദല്‍ മേഖലകളിലും കമ്പനികള്‍ സഹകരണം ശക്തമാക്കേണ്ടതുണ്ട്. പക്ഷെ, ഇന്ന് ഏറ്റവും പ്രധാനമായി വേണ്ടത് സാംസ്‌കാരിക പരിവര്‍ത്തനമാണെന്നാണ് നാരായണ മൂര്‍ത്തി പറയുന്നത്. ‘സങ്കല്‍പ് ആഗോള ഉച്ചകോടിയില്‍’ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

എല്ലാ പ്രധാന രാജ്യങ്ങളിലെയും മുതലാളിത്ത നേതൃത്വങ്ങള്‍ ഒരുമിച്ച് മുന്നോട്ടുവരികയും ഒറ്റകെട്ടായി പ്രവര്‍ത്തിക്കുകയും വേണമെന്ന് നാരായണ മൂര്‍ത്തി ചൂണ്ടിക്കാട്ടി. സ്വയം നിയന്ത്രണങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് എങ്ങനെയാണെന്നും തങ്ങളുടെ ജീവിതരീതികളിലെ യുക്തി ഉറപ്പുവരുത്തിയത് എങ്ങനെയാണെന്നും ഇവര്‍ ഒരുമിച്ച് നിന്നുകൊണ്ട് ലോകത്തിന് കാണിച്ചുകൊടുക്കണമെന്നും ജീവിതത്തോടുള്ള വലിയ അഭിനിവേശം നേതാക്കള്‍ നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിര നഗരവികസനത്തിന് ഇന്നൊവേഷനുകള്‍ സഹായകമാകുമെന്ന് നിതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് അമിതാഭ് കാന്ത് പറഞ്ഞു. അമേരിക്കയില്‍ നഗരവല്‍ക്കരണം പൂര്‍ത്തിയായെങ്കിലും ചൈനയില്‍ നഗരവല്‍ക്കരണം അവസാനഘട്ടത്തിലാണ്. എന്നാല്‍, ഇന്ത്യയില്‍ നഗരവല്‍ക്കരണം ആരംഭിച്ചിട്ടേയുള്ളു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മറ്റൊരു രാജ്യത്തും കണ്ടിട്ടില്ലാത്തതിനേക്കാള്‍ അധികം പുരോഗതി ഇന്ത്യയുടെ നഗരവല്‍ക്കരണത്തില്‍ കാണാനാകുമെന്നും അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു.

സുസ്ഥിര നഗരവികസനത്തിന് എങ്ങനെ നൂതനത്വം ആവിഷ്‌ക്കരിക്കാമെന്നാണ് ഇന്ത്യക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇന്നൊവേഷനിലും സംരംഭകത്വത്തിലുമാണ് രാജ്യം ശ്രദ്ധകേന്ദ്രീകരിക്കുന്നതെങ്കില്‍ നഗരവല്‍ക്കരണവുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നമുക്ക് കഴിയുമെന്നും അമിതാഭ് കാന്ത് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: Development